Advertisment

കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ഇത് മതങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ലെന്നും കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും സഭ

New Update

publive-image

Advertisment

കൊച്ചി : കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി കത്തോലിക്കാ സഭ രംഗത്ത്. ലൗവ് ജിഹാദ് മതങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ലെന്നും കുടുംബത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമാണെന്നും സഭ വ്യക്തമാക്കി.

വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് സിനഡിന്റെ നിലപാടെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ലൗവ് ജിഹാദിനെതിരായ പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി കാണരുത്.

ലൗവ് ജിഹാദിനെ മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന പ്രശ്‌നമായി കാണിന്നില്ല. കുടുംബത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമാണ് ഇത്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം വേണമെന്നും സഭ ആവശ്യപ്പെട്ടു.

കേരളത്തില്‍ ലൗവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ബെന്നി ബെഹനാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലൗവ് ജിഹാദ് എന്ന സംഘപരിവാര്‍ പ്രചാരണം സിറോ മലബാര്‍ സഭ കൂടി ഏറ്റെടുത്തതോടെയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്ത് ലൗവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടും ആരോപണം ആവര്‍ത്തിച്ചിരിക്കുകയാണ് സിറോ മലബാര്‍ സഭ.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ലൗ ജിഹാദ് സംബന്ധിച്ച് ഏതെങ്കിലും കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കണമെന്നായിരുന്നു ബെന്നി ബെഹ്നാന്‍ ആവശ്യപ്പെട്ടിരുന്നത്.

ലൗ ജിഹാദ് എന്നതിന് നിയമത്തില്‍ വ്യക്തമായ വ്യാഖ്യാനമില്ല. ലൗ ജിഹാദ് ഇല്ലെന്ന് കേരള സര്‍ക്കാരും സംസ്ഥാന ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. എന്നാല്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം രണ്ട് കേസുകള്‍ എന്‍.ഐ.എ അന്വേഷിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

cardinal
Advertisment