കലൈഞ്ജര്‍ കരുണാനിധി ഇനി ഓര്‍മ്മ ; മൃതദേഹം അണ്ണാ സമാധിക്ക് സമീപം സംസ്‌ക്കരിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, August 8, 2018

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധി ഇനി ഓര്‍മ്മ. ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ആയിരങ്ങളാണ് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ മറീന ബീച്ചിലും എത്തിയിരുന്നു. ഗവര്‍ണര്‍ ബന്‍സാരിലാല്‍ നന്ദ അന്തിമോപചാരം അര്‍പ്പിച്ചു.

അവസാനമായി പ്രിയപ്പെട്ട കരുണാനിധിയെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി പൊതുദര്‍ശനത്തിന് വച്ചിരുന്ന രാജാജി ഹാളിലേക്കും ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തിയിരുന്നു. പൊലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.

പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ഈ ഘട്ടത്തില്‍ സ്റ്റാലിന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു.

‘ഞാന്‍ നിങ്ങളുടെ കാല് പിടിക്കാം. ആരും തിക്കും തിരക്കും കൂട്ടരുത്. അധികാരത്തിലുള്ളവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ കരുണാനിധിക്ക് ആദരം അര്‍പ്പിക്കാനെത്തിയിരുന്നു.

ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കലൈഞ്ജര്‍ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെയായത്. മറീനയില്‍ സംസ്‌കാരസ്ഥലം അനുവദിക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

വിധിയറിഞ്ഞ് കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ വിതുമ്പിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നുരുന്നു.

×