കരുണാനിധിയുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുന്നു. മുഖ്യമന്ത്രി സേലത്തുനിന്നും ചെന്നൈയ്ക്ക് തിരിച്ചു. നഗരത്തില്‍ സേനാവിന്യാസം ആരംഭിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, July 29, 2018

ചെന്നൈ : ചെന്നൈയില്‍ അതീവ ജാഗ്രതാനിര്‍ദേശം. ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞുവരുന്നതോടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ള നേതാക്കള്‍ ഞായറാഴ്ച ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനില വഷളായതറിഞ്ഞു മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി സേലത്തെ പരിപാടികള്‍ റദ്ദാക്കി ചെന്നൈയിലേയ്ക്ക് തിരിച്ചു.

കരുണാനിധിയുടെ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി . ആയിരക്കണക്കിന്‌ ആരാധകരാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി നില്‍ക്കുന്നത്‌.

ശനിയാഴ്ച രാത്രി 1.30ഓടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്ന്അദ്ദേഹത്തെ കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ദ ചികിത്സയിലൂടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

×