Advertisment

ശശിക്കെതിരായ പരാതി നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന് എം. സ്വരാജ്; വിവാദങ്ങള്‍ തൊടാതെ ഡിവൈഎഫ്ഐ സംഘടന റിപ്പോർട്ട്

New Update

m swaraj on p k sasi issue in dyfi kerala state conference

Advertisment

കോഴിക്കോട്: പി.കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് കൊടുത്ത പരാതി ചർച്ച ചെയ്യേണ്ടത് സിപിഎം നേതൃത്വമാണെന്ന് എം. സ്വരാജ്. സംഘടന റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം രൂക്ഷമായി വിമർശിച്ചു. അതേസമയം വിവാദങ്ങളിൽ തൊടാത്ത പ്രവർത്തന റിപ്പോർട്ടാണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ചത്.

സംസ്ഥാന നേതാക്കൾ ധാർഷ്ട്യവും ധിക്കാരവും വെടിയണമെന്നും സൗമ്യതയും വിനയവും മുഖമുദ്രയാക്കണമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ് സംഘടന റിപ്പോര്‍ട്ടിൽ പറഞ്ഞു.  പാലക്കാട് നിന്നുള്ള പ്രതിനിധി പട്ടികയിൽ 16-ാമനായി ഉൾപ്പെടുത്തിയിരുന്ന മുൻ ജില്ലാ കമ്മിറ്റിയംഗം പി. രാജേഷിനെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇയാൾ പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം. പി.കെ. ശശി എംഎൽഎയ്ക്കെതിരെ പരാതി നൽകിയ പെൺകുട്ടി പങ്കെടുക്കുന്ന സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ പക്ഷെ ഈ വിഷയം ഉൾപ്പെട്ടില്ല. വനിതാ നേതാവിന്‍റെ പരാതിയെ ക്കുറിച്ച് ചോദിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഇങ്ങനെ

കെ.ടി. ജലീലിന്‍റെ ബന്ധു നിയമനത്തിൽ അപാകതയില്ലെന്നാണ് ഡിവൈഎഫ്ഐ നേതൃത്വം പറയുന്നത്. ആർഎസ് എസ് നേതാവ് വൽത്സൻ തില്ലങ്കേരി വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയില്ല. സന്നിധാനത്ത് പൊലീസ് സംയമനം പാലിച്ചതുകൊണ്ട് രക്തപ്പുഴ ഒഴുക്കാനുള്ള ആർഎസ്എസ് ശ്രമം പാളിയെന്നും എം. സ്വരാജ് പറഞ്ഞു. നിലവിലെ വിവാദങ്ങളൊന്നും പരാമർശിക്കാത്തെയാണ് സംസ്ഥാന സെക്രട്ടറി എം. സ്വരാജ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. എന്നാൽ നേതൃത്വം ഒഴിവാക്കിയ വിവാദങ്ങൾ ചില ജില്ലാ കമ്മറ്റികൾ പൊതു ചർച്ചയിൽ ഉന്നയിച്ചേക്കാനും സാധ്യതയുണ്ട്.

Advertisment