Advertisment

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കുഴഞ്ഞുവീണു മരിച്ചു

New Update

തിരുവനന്തപുരം: പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89) അന്തരിച്ചു. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ രാവണവിജയം കഥകളിയില്‍ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവന്‍ നായര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ: സാവിത്രിയമ്മ. മക്കള്‍: മധു (ബെംഗളൂരു), മിനി, ഗംഗാതമ്പി (പ്രശസ്ത നര്‍ത്തകി). മരുമക്കള്‍: കിരണ്‍ പ്രഭാകര്‍, താജ് ബീവി, തമ്പി.

Advertisment

publive-image

കാവനാട് കന്നിമേല്‍ചേരി ആലാട്ടുകിഴക്കതില്‍ കേളീ മന്ദിരത്തില്‍ മടവൂര്‍ വാസുദേവന്‍ നായരെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കഥകളിയിലെ സമകാലീന തെക്കന്‍ കളരിയുടെ പരമാചാര്യനും അനുഗൃഹീത നടനുമായിരുന്ന അദ്ദേഹം തെക്കന്‍ കളരിസമ്പ്രദായത്തിന്റെ അവതരണചാരുതകള്‍ കാത്തുസൂക്ഷിക്കുകയും അനന്തര തലമുറയിലേക്കു കൈമാറുകയും ചെയ്ത പ്രതിഭാശാലിയാണ്. പുരാണബോധം, മനോധര്‍മ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കല്‍പ്പം തുടങ്ങിയവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കി. താടിവേഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും അദ്ദേഹം ചാതുര്യം തെളിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് മടവൂര്‍ വാസുദേവന്‍ നായര്‍ ജനിച്ചത്. മടവൂര്‍ കാരോട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കിളിമാനൂര്‍ പോത്തങ്ങനാട് ചാങ്ങ കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനാണ്. കിളിമാനൂര്‍ സിഎംഎസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ മടവൂര്‍ പരമേശ്വരന്‍ ആശാന്റെ ശിക്ഷണത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. പഠനമാരംഭിച്ച് ആറാം മാസത്തില്‍ തന്നെ ഉത്തരാസ്വയംവരത്തില്‍ ഭാനുമതിയും തുടര്‍ന്ന് ഉത്തരനും ആയി അരങ്ങേറ്റം. ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ വീട്ടില്‍ ഗുരുകുലസമ്പ്രദായമനുസരിച്ച് പന്ത്രണ്ടുവര്‍ഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയ്ക്കു മാറ്റുകൂട്ടിയത്.

ബാണയുദ്ധത്തിലെ ബാണന്‍, തെക്കന്‍ രാജസൂയത്തിലെ ജരാസന്ധന്‍ (കത്തി), ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്‍, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാന്‍, രംഭാപ്രവേശത്തിലെ രാവണന്‍, ദുര്യോധനവധത്തിലെ ദുര്യോധനന്‍, ബാണയുദ്ധത്തിലെ അനിരുദ്ധന്‍, സന്താനഗോപാലത്തിലെ അര്‍ജുനന്‍, പട്ടാഭിഷേകത്തിലെ ഭരതന്‍, ശങ്കരവിജയത്തിലെ ബാലശങ്കരന്‍ തുടങ്ങിയ വേഷങ്ങളില്‍ ഏറെ ശ്രദ്ധ നേടി.

കേരളകലാമണ്ഡലം പുരസ്‌കാരം, തുളസീവനം പുരസ്‌കാരം, സംഗീതനാടക അക്കാദമി പുരസ്‌കാരം, കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ‘രംഗകുലപതി’ പുരസ്‌കാരം, കലാദര്‍പ്പണ പുരസ്‌കാരം, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്‌കാരിക സമിതി പുരസ്‌കാരം, 1997ല്‍ കേരള ഗവര്‍ണറില്‍ നിന്നും വീരശൃംഖല തുടങ്ങിയവ നേടി.

Advertisment