Advertisment

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേടിയത് ത്രസിപ്പിക്കുന്ന ജയം. അവസാനം വരെ പിടിച്ചുനിന്നെങ്കിലും ശക്തമായ ഭരണ വിരുദ്ധ തരംഗത്തെ മറികടക്കാന്‍ ബിജെപിക്കായില്ല. ബി.ജെ.പിയിടെ 15 വര്‍ഷത്തെ തുടര്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ നിര്‍ണായക സംസ്ഥാനത്ത് തുടര്‍ച്ചയായ 15 വര്‍ഷം ചോദ്യം ചെയ്യാനാകാത്ത ശക്തിയായി നിന്ന ബിജെപിയെ തറപറ്റിച്ച് ആവേശകരമായ വിജയമാണ് കോണ്‍ഗ്രസ് കുറിച്ചത്. അന്തിമ ഫലം പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് അടുത്തെത്തിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായി. രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പം മുന്നേറി. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് തോന്നിച്ച സാഹചര്യത്തില്‍ വോട്ടെണ്ണലിന്റെ അവസാന റൗണ്ടുകളിലാണ് കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചത്. കോണ്‍ഗ്രസ് 41.4 ശതമാനം വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 41.3 ശതമാനം വോട്ട് ആണ്. മത്സരം എത്രമാത്രം കടുത്തതായിരുന്നു എന്നതിന്റെ തെളിവാണിത്.

കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായ മല്‍വാ റീജിയണ്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണ മണ്ഡലങ്ങളില്‍ നടത്തിയ കുതിപ്പാണ് കോണ്‍ഗ്രസിന് നിര്‍ണായകമായത്. നഗര മണ്ഡലങ്ങളിലും പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രിയതയുടെ ബലത്തില്‍ ബിജെപി പിടിച്ച് നിന്നു. എങ്കിലും 15 വര്‍ഷത്തെ തുടര്‍ഭരണത്തിന് എതിരായ വിരുദ്ധ തരംഗത്തെ മറികടക്കാന്‍ ആയില്ല. ഒറ്റക്ക് മത്സരിച്ച ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും രണ്ട് വീതം സീറ്റുകള്‍ നേടി. കേവല ഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ഈ രണ്ട് പാര്‍ട്ടികളുടെയും പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. പിന്തുണ ഉറപ്പായ സാഹചര്യത്തില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമായി. പി.സി.സി അധ്യക്ഷന്‍ കമല്‍ നാഥിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്റ് നിര്‍ദേശിക്കുമെന്നാണ് സൂചന.

Advertisment