Advertisment

സ്വന്തം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യം; അഭിഭാഷകവൃത്തി ഏറ്റവും തരംതാണ നിലയിലെന്ന് മദ്രാസ് ഹൈക്കോടതി

New Update

ചെന്നൈ: അഭിഭാഷകവൃത്തി ഏറ്റവും തരംതാണ നിലയിലാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സ്വന്തം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് പുതുച്ചേരി ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എന്‍. കൃപാകരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Advertisment

എട്ടാംക്ലാസ് വിജയിക്കാത്ത ആള്‍പോലും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നത് തനിക്കറിയാമെന്നും ഇത് ഏറെ വേദനാജനകമായ സ്ഥിതിയാണെന്നും ജസ്റ്റിസ് പറഞ്ഞു. എട്ടാംക്ലാസില്‍ പരാജയപ്പെട്ടയാള്‍ ഓപ്പണ്‍ സര്‍വകലാശാലയിലൂടെ ബിരുദാനന്തരബിരുദം വരെ നേടി അഭിഭാഷകനായി. ഇയാള്‍ പിന്നീട് അസോസിയേഷനുണ്ടാക്കി വിരമിച്ച ജഡ്ജി, ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം മത്സരിക്കുന്നതിന്റെ കട്ടൗട്ട് ഹൈക്കോടതിയുടെ മുന്നില്‍ സ്ഥാപിച്ചുവെന്നും ജസ്റ്റിസ് കൃപാകരന്‍ പറഞ്ഞു.

publive-image

ഉന്നതസ്ഥാനത്തിരുന്നയാളുകള്‍ ഇത്തരത്തിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഹൈക്കോടതിക്ക് സി.ഐ.എസ്.എഫ്. സുരക്ഷ നല്‍കിയില്ലായിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമായിരുന്നു. തനിക്ക് ഇപ്പോള്‍ വൈ വിഭാഗം സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ അത് ഇസെഡ് വിഭാഗം സുരക്ഷയായി ഉയര്‍ത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. എന്നാല്‍, കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണെന്നും ഹര്‍ജിയിലുള്ള ഉത്തരവ് വൈകുന്നുവെന്നും ചില അഭിഭാഷകര്‍ ജസ്റ്റിസ് കൃപാകരന്‍ മുന്‍പാകെ ഉന്നയിച്ചു. ഹര്‍ജിയില്‍ വെള്ളിയാഴ്ച ഡിവിഷന്‍ ബെഞ്ച് വിധിപറയുമെന്ന് വ്യക്തമാക്കിയ ജഡ്ജി അഭിഭാഷകവൃത്തിയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ ഉന്നയിക്കുകയായിരുന്നു.

Advertisment