Advertisment

എനിക്കു സ്വന്തമായി മൂന്നു കാറുകളുണ്ട്, 20 ലക്ഷത്തിന്റെ പുതിയ കാർ എനിക്ക് ആവശ്യമില്ല; ആഡംബര കാർ നിഷേധിച്ച് മഹാരാഷ്ട്രയിലെ മേയർ

New Update

ഡല്‍ഹി: ഔദ്യോഗിക ജോലിയുടെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ട ആഡംബര കാർ നിഷേധിച്ച് മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച് വാഡ് കോർപറേഷൻ മേയർ ഉഷ ധോറെ. കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് മേയർക്ക് 20 ലക്ഷത്തിന്റെ പുതിയ കാറിനുള്ള നിർദേശം അംഗീകരിച്ചു പാസ്സാക്കിയത്. എന്നാൽ തനിക്കു പുതിയ കാർ വേണ്ടെന്നായിരുന്നു ഉഷയുടെ മറുപടി.

Advertisment

publive-image

എനിക്കു സ്വന്തമായി മൂന്നു കാറുകളുണ്ട്. 20 ലക്ഷത്തിന്റെ പുതിയ കാർ എനിക്ക് ആവശ്യമില്ല: ഉഷ വ്യക്തമാക്കി. എന്നാൽ തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിയമത്തിനുള്ളിൽനിന്നുകൊണ്ടുതന്നെയാണ് പുതിയ കാർ വാങ്ങിക്കാനുള്ള നിർദേശം അംഗീകരിച്ചതെന്നുമാണ് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി പറയുന്നത്. മേയർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ നാലു വർഷം പഴക്കമുള്ളതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഡപ്യൂട്ടി മേയർക്കും കാറുണ്ട്. എന്നാൽ മിക്ക ദിവസവും അതു പല പ്രശ്നങ്ങളും കാണിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴോ എട്ടോ തവണ ഡപ്യൂട്ടി മേയറുടെ കാർ കേടായിരുന്നു. പഴയ കാറിൽ കയറാൻ നല്ല ഉയരമുള്ള ഡപ്യൂട്ടി മേയർക്കു കഴിയുന്നില്ല എന്ന പരാതിയും ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് തങ്ങൾ പുതിയ കാർ എന്ന നിർദേശം മുന്നോട്ടുവച്ചതെന്നാണ് കോർപറേഷൻ അധികൃതർ വിശദീകരിക്കുന്നത്. തങ്ങൾ നിർദേശം സമർപ്പിച്ചുവെന്നും മേയറുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും അവർ വ്യക്തമാക്കുന്നു.

മേയർ തന്നെയാണ് പുതിയ കാർ വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന ആരോപണവുമായി ശിവസേനയുടെ ഒരു കോർപറേറ്റർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ പുതിയ കാർ എന്ന ആവശ്യം താൻ ഉന്നയിച്ചിട്ടില്ലെന്നാണ് മേയർ ഉഷ പറയുന്നത്.

ബിജെപി നേതാവ് കൂടിയായ ഡപ്യൂട്ടി മേയർ തന്നെ കണ്ടെന്നും ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന കാർ അദ്ദേഹത്തിനു കൊടുക്കാനും താൻ പുതിയ കാർ വാങ്ങണമെന്ന് ഉപദേശിച്ചതായും അവർ പറയുന്നു.

ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ഇന്നോവ കാറിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ഔദ്യോഗിക കാറിനു പുറമെ എനിക്കു വേറെ മൂന്നു കാറുകളുമുണ്ട്. നഗരത്തിനു പുറത്തേക്കു സാധാരണയായി ഞാൻ യാത്ര ചെയ്യാറുമില്ല. അതുകൊണ്ടുതന്നെ എനിക്കു പുതിയ കാർ വേണ്ട– ഉഷ തീർത്തുപറയുന്നു.

കോവിഡ് സാഹചര്യമായതിനാൽ കഴിഞ്ഞ ഒരുവർഷമായി അത്യാവശ്യം വരുമാനം കണ്ടെത്താൻപോലും കഴിയാത്ത സാഹചര്യത്തിൽ ആഡംബര കാർ വാങ്ങിക്കാൻ നിർദേശം ഉയർന്നതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ മറ്റൊരു കാരണം.

maharashtra mayor
Advertisment