Advertisment

സേനാ-എന്‍സിപി സഖ്യത്തിന് പുറത്തുനിന്നു പിന്തുണ ; കോണ്‍ഗ്രസില്‍ ധാരണയെന്ന് റിപ്പോര്‍ട്ട് , സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അടിയന്തരമായി ചേര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കിയാല്‍ പുറത്തു നിന്നു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ധാരണ. സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പു നടത്തുന്നതില്‍ ഭൂരിപക്ഷം എംഎല്‍എമാരും എതിര്‍പ്പുയര്‍ത്തിയെന്നാണ് സൂചന.

Advertisment

publive-image

മഹാരാഷ്ട്രാ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അടിയന്തരമായി ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംഎല്‍എമാരുടെ വികാരം യോഗത്തെ അറിയിച്ചു.

വീണ്ടും തെരഞ്ഞെടുപ്പു നടത്തുന്നതിനോട് എംഎല്‍എമാര്‍ക്കു യോജിപ്പില്ലെന്ന കാര്യമാണ് ഖാര്‍ഗെ യോഗത്തെ അറിയിച്ചത്. ഇതിനെത്തുടര്‍ന്നാണ് സേനാ സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുന്നതിന് അനുകൂലമായി യോഗം ധാരണയില്‍ എത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം വൈകിട്ട് തീരുമാനം പ്രഖ്യാപിക്കുമെന്നും ചില നേതാക്കള്‍ പറഞ്ഞു.

രാവിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള നേതാക്കളായ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, പിസിസി അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ട്, എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് വീണ്ടും ചര്‍ച്ച നടത്തും.

അതിനു ശേഷമായിരിക്കും അന്തിമ തീരുമാനത്തില്‍ എത്തുക. എന്നാല്‍ എംഎല്‍എമാരുടെ വികാരം കൂടി കണക്കിലെടുത്ത് സേനാ-എന്‍സിപി സഖ്യത്തിന് പുറമേ നിന്നു പിന്തുണ നല്‍കാനായിരിക്കും കോണ്‍ഗ്രസ് തീരുമാനിക്കുകയെന്നാണ് സൂചന. ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

അതേസമയം സേനാ സഖ്യത്തെ പിന്തുണയ്ക്കുന്നതിനെ ചില നേതാക്കള്‍ ശക്തിയുക്തം എതിര്‍ക്കുന്നുമുണ്ട്. ഇത് രാഷ്ട്രീയമായി പിന്നീട് തിരിച്ചടിക്കും എന്നാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വാദം.

Advertisment