Advertisment

മുഖം മറച്ച്, ട്രൗസർ മാത്രം ധരിച്ച് ആയുധങ്ങളുമായി മോഷണത്തിനിറങ്ങും; താനൂരിൽ കഴിഞ്ഞ നാലുമാസമായി നാട്ടുകാരെ ഭീതിയിലാക്കിയ മോഷ്ടാവ് പിടിയിൽ

New Update

മലപ്പുറം : താനൂരിൽ കഴിഞ്ഞ നാലുമാസമായി നാട്ടുകാരെ ഭീതിയിലാക്കിയ മോഷ്ടാവ് പിടിയിൽ. മലപ്പുറം ഒഴുർ സ്വദേശിയായ ഷാജഹാനെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ വേഷം മാറിയെത്തിയാണ് പൊലീസ് വലയിലാക്കിയത്. മുഖം മറച്ച്, ട്രൗസർ മാത്രം ധരിച്ച് ആയുധങ്ങളുമായി മോഷണത്തിനിറങ്ങുന്ന ഷാജഹാനാണ് പൊലീസിന്‍റെ വലയിലായത്.

Advertisment

publive-image

മോഷ്ടാവിലേക്കെത്താൻ പൊലീസിന്‍റെ കൈവശമുണ്ടായിരുന്നത് അവ്യക്തമായ ചില സിസിറ്റിവി ദൃശ്യം മാത്രമായിരുന്നു. നാട്ടുകാരിൽ ചിലരെയും കൂട്ടി പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കിയതോടെ പിടിക്കപ്പെടുമെന്നായ പ്രതി മോഷ്ടിച്ച പണവും സാധനങ്ങളുമായി ഒരു മാസം മുമ്പ് തമിഴ്നാട്ടിലേക്ക് കടന്നു.

താനൂരിൽ നിന്നും മോഷ്ടിച്ച ഫോൺ ജയിലിൽ വച്ച് പരിചയപ്പെട്ട ആന്ധ്ര സ്വദേശിയായ സുഹൃത്തിന് പ്രതി വിറ്റിരുന്നു. ഈ ഫോൺ ഏർവാടിയിൽ ഉപയോഗിച്ചതായി സൈബർ സെൽ കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി.

കഴിഞ്ഞ സെപ്തംബർ മുതൽ താനൂർ മേഖലയിൽ പ്രതിയുടെ സാന്നിധ്യമുണ്ട്. മോഷണവും മോഷണശ്രമവുമടക്കം നൂറ് പരാതികളാണ് പ്രതിക്കെതിരെ താനൂർ പൊലീസിന് ലഭിച്ചത്. വൈകുന്നേരം മുതൽ പുലരുംവരെ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ചില വീടുകളിൽ മോഷണം നടത്താതെ, ഭയപ്പെടുത്തി മടങ്ങുകയും ചെയ്യും.

ഇരുപത്തിയേഴ് വർഷം ജയിലിൽ തന്നെയായിരുന്നു 55 കാരനായ ഷാജഹാൻ. പട്ടാമ്പിയിലെ മോഷണക്കേസിൽ ജയിലിലായിരുന്ന പ്രതി ഒന്നര വർഷം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്.

robbery case
Advertisment