‘അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ടു ഞങ്ങൾക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?’

ഫിലിം ഡസ്ക്
Monday, July 9, 2018

കൊച്ചി:  ഡബ്ല്യുസിസിയുമായി ചർച്ചയ്ക്കു തയാറാണെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ. ഇന്നു ചേർന്നത് അമ്മയുടെ എക്സിക്യൂട്ടീവ് യോഗമല്ല. എക്സിക്യൂട്ടീവ് ചേർന്നശേഷം ഡബ്ല്യുസിസിയുമായി ചർച്ച നടത്തും.

ജനറൽ ബോഡിയിൽ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറൽ ബോഡി യോഗത്തിൽ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആർക്കുവേണമെങ്കിലും അഭിപ്രായം പറയാം. പക്ഷേ ആരും അതിനെതിരെ പറഞ്ഞില്ലെന്നും വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞു.

ദിലീപ് അവസരങ്ങൾ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നൽകിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ടു ഞങ്ങൾക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?

അമ്മ മഴവിൽ ഷോയിലെ സ്കിറ്റിനെക്കുറിച്ചുയർന്ന ആരോപണങ്ങളിലും മോഹൻലാൽ പ്രതികരിച്ചു. അമ്മയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾതന്നെയാണ് ആ സ്കിറ്റ് തയാറാക്കിയത്. ആരെയും അവഹേളിക്കാനായി ചെയ്തതല്ല. ഈയൊരു വിഷയം വന്നപ്പോൾ മാത്രമാണു സ്കിറ്റിനെക്കുറിച്ച് പരാതി ഉയർന്നത്.

ബ്ലാക് ഹ്യൂമർ എന്ന രീതിയിൽ ആ സ്കിറ്റിനെ കണ്ടാൽ മതി. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടവരും അമ്മ മഴവിൽ ഷോയിൽ പാട്ടുപാടാനും മറ്റുമായി വന്നിരുന്നു – മോഹന്‍ലാല്‍ പറഞ്ഞു.

×