Advertisment

തന്‍റെ സിനിമാ ജീവിതം തകര്‍ത്ത് സംഘടനയെ സംരക്ഷിക്കാനില്ലെന്ന് മോഹന്‍ലാല്‍ ? അമ്മയുടെ പ്രതിശ്ചായ തകര്‍ന്നാല്‍ ഒരു രാത്രിയുടെ ഇടവേളയില്ലാതെ പദവി ഒഴിയുമെന്ന് ലാലിന്റെ മുന്നറിയിപ്പ് 

New Update

കൊച്ചി:  അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് തുടരണമെങ്കില്‍ അംഗങ്ങള്‍ തന്റെ നിലപാടുകള്‍ അംഗീകരിക്കേണ്ടി വരുമെന്ന് മോഹന്‍ലാലിന്റെ മുന്നറിയിപ്പ്.  അല്ലാത്തപക്ഷം ഏത് സാഹചര്യത്തിലും സ്ഥാനം ഒഴിയുമെന്നും അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും മോഹന്‍ലാല്‍ ഇന്നലത്തെ എക്സിക്യൂട്ടീവ് യോഗത്തില്‍ തുറന്നടിച്ചു.

Advertisment

publive-image

"വിവാദങ്ങള്‍ എന്‍റെ സിനിമാ ജീവിതത്തെക്കൂടി ബാധിക്കുന്ന തലത്തിലേക്കാണ് പോകുന്നത്.  എന്‍റെ സിനിമാ ജീവിതം തകര്‍ത്ത് സംഘടനയെ സംരക്ഷിക്കാന്‍ എനിക്ക് പരിമിതികളുണ്ട്. മനസിലാക്കണം" - ലാല്‍ സഹപ്രവര്‍ത്തകരോടായി പറഞ്ഞു.

അതേസമയം, അമ്മയിലെ ആണ്‍മേല്‍ക്കോയ്മയെ തള്ളാതെയും ദിലീപിന്റെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങളെ അവഗണിച്ചും ഡബ്ല്യു സി സിയുടെ ഭീഷണികളെ വകവയ്ക്കാത്തതുമാണ് മോഹന്‍ലാലിന്റെ ശൈലി. ഇത് അംഗീകരിക്കാന്‍ ഭൂരിപക്ഷ അംഗങ്ങളും തയാറാണെന്ന് വ്യക്തമാക്കിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടനയില്‍ ഇരുണ്ടുകൂടിയ ഭിന്നതകളുടെ കാര്‍മേഘങ്ങള്‍ അകലുകയായിരുന്നു.

publive-image

ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയപ്പോള്‍ സ്വമേധയാ നല്‍കിയതാണെന്നേ മാധ്യമങ്ങളോട് പറയാവൂ എന്നായിരുന്നു ദിലീപിന്റെ സുഹൃത്തുക്കള്‍ മുന്നോട്ടുവച്ച ഉപാധി. കുറ്റവിമുക്തനായി തിരികെവരുമ്പോള്‍ പഴയ പ്രതാപത്തോടെ തിരികെ എടുക്കണമെന്ന നിബന്ധനയും ഉണ്ടായിരുന്നു.  ഇത് ഏറെക്കുറെ അംഗീകരിക്കപ്പെട്ടതായിരുന്നു. പക്ഷേ കാര്യങ്ങള്‍ വിചാരിച്ചിടത്ത് നില്‍ക്കാതെ വന്നപ്പോള്‍ ഉള്ളത് പറയാന്‍ മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നു.

publive-image

ഒന്നും മറച്ചുവയ്ക്കുന്നതിന്റെ ബാധ്യതകളേറ്റെടുക്കാന്‍ ഒരുക്കമല്ലെന്നാണ് ലാലിന്റെ നിലപാട്. മുന്‍ നാളുകളിലേതുപോലെ അമ്മ അവഹേളിക്കപ്പെട്ടാല്‍ തന്റെ പ്രതിശ്ചായ മോശമാകുമെന്നു ലാലിനറിയാം. അങ്ങനൊരു സാഹചര്യത്തിന് ഒരു രാത്രിയുടെ സാവകാശം പോലും നല്‍കാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് മോഹന്‍ലാല്‍.

publive-image

പ്രസിഡന്റ് പദവിയിലേക്ക് എല്ലാവരും ചേര്‍ന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ എറ്റെടുക്കാനില്ലെന്നും തന്നെ ചതിക്കരുതെന്നും സുഹൃത്തുക്കളോട് കേണപേക്ഷിച്ചതാണ്. ഞങ്ങളുണ്ട് കൂടെ, ഇരുന്നാല്‍ മതിയെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ പിന്തുണ.

publive-image

പക്ഷേ, ഡബ്ല്യു സി സി ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ക്ക് മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും കൂടി പിന്തുണ ഉണ്ടാകുമ്പോള്‍ അമ്മ ഒറ്റപ്പെടുകയാണ്. ഇത് മോഹന്‍ലാലിനെ അസ്വസ്ഥനാക്കി. അതോടെയാണ് തന്റെ നിലപാടുകള്‍ കടുപ്പിച്ച് തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.

എല്ലാം തന്നെ ഏല്‍പ്പിച്ച് മമ്മൂട്ടി കൈകഴുകിയെന്ന ആവലാതിയും ലാലിനുണ്ടെങ്കിലും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടത്തില്‍ സംഘടനയെ നയിക്കുകയെന്നത് ഏറെ റിസ്കുള്ള ദൌത്യമായതിനാല്‍ ഒരു കാര്യത്തിലും വിട്ടുവീഴ്ചക്കില്ലെന്ന കടുത്ത നിലപാടിലാണ് ലാല്‍.

Advertisment