Advertisment

അർജൻറീന ഫാൻസ് കാട്ടൂർക്കടവ് ഒരു മികച്ച ഫാമിലി എന്റർടെയിനർ

author-image
രാജീവ് മുല്ലപ്പള്ളി
Updated On
New Update

സൂപ്പർ താരങ്ങളോ, താരജാഡകളോ ഇല്ലാതെ, കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ച ഒരു ഫാമിലി എൻറർടെയിനറാണ് മിഥുൻ മാനുവൽ തോമസ് അണിയിച്ചൊരുക്കിയ "അർജന്റീന ഫാൻസ് കാട്ടൂർക്കടവ്".

Advertisment

"ആട് ഒരു ഭീകരജീവിയാണ്", "ആൻ മരിയ കലിപ്പിലാണ്", "അലമാര", "ആട് - 2" എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രവും സൂപ്പർ ഹിറ്റാകുമെന്ന കാര്യത്തിൽ സംശയം ലേശവുമില്ല.

publive-image

തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കാട്ടൂർക്കടവ് എന്ന കൊച്ചുഗ്രാമത്തിലെ ഒരു കൂട്ടം ഫുട്ബോൾ പ്രേമികളുടെ കഥയാണ് ഈ സിനിമയുടെ മുഖ്യ പ്രമേയം.

അതോടൊപ്പം ഓർത്തോർത്തു ചിരിക്കാൻ വക നൽകുന്ന രസകരമായ കൊച്ചു സംഭവങ്ങൾ, അങ്ങോട്ടും ഇങ്ങോട്ടും പറയാത്ത ഒരു പ്രണയം എന്നിവ കൂടി സമാസമം തേച്ചു പിടിപ്പിച്ചതോടെ പ്രേക്ഷകർക്കും സിനിമ "ക്ഷ" പിടിച്ച മട്ടായി.

ജനപ്രിയ നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം അവതരിപ്പിക്കുന്ന വിപിനൻ, "മായാനദി" ഫെയിം ഐശ്വര്യ ലക്ഷ്മി "വിജയ് സൂപ്പറും പൗർണമി"ക്കും ശേഷം അവതരിപ്പിക്കുന്ന മെഹ്റു എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

രണ്ടു പേരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പടി മുകളിൽ നിൽക്കുന്നത് ഐശ്വര്യ ലക്ഷ്മി തന്നെയാണെന്ന് പറയാതെ വയ്യ. മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനം തന്നെയാണ് ഐശ്വര്യ.

ഹരിനാരായണന്റെ കവിത തുളുമ്പുന്ന ഈരടികൾക്ക് ഇമ്പമേറിയ ഈണമിട്ടത് ഗോപി സുന്ദറാണ്. ഗാനങ്ങളെല്ലാം ശ്രുതിമധുരം !!

രണദിവെയുടെ ഛായാഗ്രഹണവും, ലിജോ പോളിന്റെ എഡിറ്റിംഗും ശ്ലാഘനീയമാണ്.

വിപിനന്റെ (കാളിദാസ് ജയറാം) അമ്മയായി രംഗത്തെത്തുന്ന ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ സോണിയാ ഗിരിയുടേയും, മെഹ്റുവിന്റെ (ഐശ്വര്യലക്ഷ്മി) വാപ്പ സഖാവ് കാദർകുട്ടിയുടെ റോളിൽ പ്രത്യക്ഷപ്പെടുന്ന ഇരിങ്ങാലക്കുട ബാറിലെ അഭിഭാഷകൻ മണികണ്ഠൻ പള്ളിപ്പാട്ടിന്റെയും അഭിനയം എടുത്തു പറയത്തക്കതാണ്.

ഈ മധ്യവേനലവധിക്കാലം കേരളത്തിലെ യുവ തലമുറയ്ക്കും, അവരുടെ മൂത്ത തലമുറയ്ക്കും കാട്ടൂർക്കടവിലെത്തി അർജന്റീന ഫാൻസിനോടൊപ്പം അടിച്ചു പൊളിക്കാവുന്നതാണ്. കാരണം അവർക്കു വേണ്ട ചേരുവകളെല്ലാം സമാസമം ചേർത്തിട്ടാണ് മിഥുൻ മാനുവൽ തോമസ് ഈ യാഗാശ്വത്തെ പുറത്തേയ്ക്ക് തുറന്നു വിട്ടിട്ടുള്ളത്.

പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിലിന്റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത് സംവിധായകനായ മിഥുൻ മാനുവൽ തോമസും, ജോൺ മന്ത്രിക്കലും ചേർന്നാണ്.

അന്തരിച്ച കൊളംബിയൻ ഫുട്ബോൾ താരം ആന്ദ്രേ എസ്കോബാറിനേയും മിഥുൻ മാനുവൽ തോമസ് അതിമനോഹരമായി ഇതിൽ പരാമർശിച്ചിട്ടുണ്ട്.

നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത, നാട്ടുകാരുടെ ഫുട്ബോൾ കമ്പം, ഓർത്തു ചിരിക്കാൻ ഇട നൽകുന്ന നർമ്മങ്ങൾ എന്നിവ ഈ സിനിമയിലുടനീളം കാണാം. ഇതിന്റെ ക്ലൈമാക്സും അതിമനോഹരമായി അവതരിപ്പിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

അല്പസ്വല്പം അപാകതകളെല്ലാം ഉണ്ടെങ്കിലും പ്രേക്ഷകന്റെ പൾസ് അറിഞ്ഞു കഥ പറയാനുള്ള മിടുക്ക് തനിക്കുണ്ടെന്ന് മിഥുൻ മാനുവൽ തോമസ് "കാട്ടൂർക്കടവി"ലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

Advertisment