Advertisment

കൗതുകകരമായ ഒരു സിനിമാ പേര് മാത്രമല്ല, "ആരോട് പറയും?"

author-image
സമദ് കല്ലടിക്കോട്
Updated On
New Update

വ്യക്തിയിലും കുടുംബത്തിലും ഇന്റർനെറ്റ്-മൊബൈൽ ഉപയോഗം നിയന്ത്രണ വിധേയമായില്ലെങ്കിൽ അത് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കുമെന്ന സന്ദേശാത്മക ചിത്രം 'ആരോട് പറയും' ശ്രദ്ധേയമാകുന്നു. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദമെടുത്ത പാലക്കാട് കിണാശേരി സ്വദേശി സുജിത്ത് ദാസിന്റേതാണ് ഈ ഹ്രസ്വ ചിത്രം.

Advertisment

അമേരിക്കയിലെ അക്കൊളൈഡ് ഗ്ലോബൽ ഫിലിം ഫെസ്റ്റിവലിൽ സംവിധായകന് ഇരട്ട പുരസ്‌ക്കാരവും ലഭിച്ചു. ശിലാവാടിക,ആരോട് പറയും എന്നീ ചെറു സിനിമകൾക്കാണ് പുരസ്ക്കാരം. കെ.രേഖയുടെ മാനാഞ്ചിറ എന്ന കഥയെ ആസ്പദമാക്കിയുള്ള 'ശിലാവാടിക'ക്ക് അവാർഡ് ഓഫ് മെറിറ്റും കെ.എ.നന്ദജന്റെ രചനയിൽ സംവിധാനം ചെയ്ത 'ആരോട് പറയും' എന്ന ചിത്രത്തിന് അവാർഡ് ഓഫ് റെക്കഗ്നിഷനും ലഭിച്ചു.

publive-image

നാടകാധ്യാപകനായ സുജിത് ദാസ് കലാ-സാംസ്ക്കാരിക രംഗത്ത് സജീവമാണ്. കഥയ്ക്കപ്പുറം സമൂഹത്തിന്റെ അനുഭവമായി മാറുന്ന ഏഴ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ക്രിയാത്മകതയും സാങ്കേതിക മികവും കൈവരിച്ചവ. 'അവൾ പിന്നെ അയാളും' എന്ന ഫിലിമിനും രാജ്യാന്തര അംഗീകാരം കിട്ടിയിട്ടുണ്ട്.

ഇന്നത്തെ തിരക്കിട്ട ജീവിത സാഹചര്യത്തിൽ ഓരോരുത്തരും മൊബൈലിലേക്ക് ഒതുങ്ങുമ്പോൾ ഹൃദയവികാരങ്ങളെ കൂടി നോവിക്കുന്ന അനുഭവ കാഴ്ചപ്പാട് പകരുകയാണ് 'ആരോട് പറയും' എന്ന പത്തു മിനിറ്റ് ചിത്രം.

പാലക്കാട് വടക്കഞ്ചേരിയിലെ ഒമ്പതു വയസ്സുകാരി മഹേശ്വതയാണ് 'ആരോട് പറയും' ഹ്രസ്വ സിനിമയിലെ കേന്ദ്ര കഥാപാത്രം. മഹേശ്വതയുടെ തന്നെ സംരംഭത്തിൽ പുറത്തിറങ്ങി, അമേരിക്കയിലെ ലോസ് ആഞ്ചെലെസിൽ നിന്ന് രാജ്യാന്തര അവാർഡ് നേടിയ ചിത്രം എന്ന ബഹുമതിയും ഇതിനുണ്ട്. ലോസ് ആഞ്ചലസ് ഫിലിം അവാർഡിൽ മഹാശ്വേതക്ക് മികച്ച ബാലനടിക്കുള്ള അവാർഡും നേടിക്കൊടുത്തു.

publive-image

നവ മാധ്യമവും സ്മാർട്ട്‌ ഫോണുകളും ഏറെ പ്രയോജനപ്പെടുമ്പോൾതന്നെ, നാം അറിയാതെ അടിമയായി തീരുന്നതും പുതിയതലമുറയെ വഴിതെറ്റിക്കുന്നതും ഒറ്റപ്പെടുത്തുന്നതും ഒരുസാമൂഹ്യ വിപത്തായി മാറുന്നു എന്ന പരമാർത്ഥം ഹൃദയഹാരിയായി ആവിഷ്കരിച്ചിരിക്കുന്നു ഇതിൽ. നമ്മൾ ഏകാന്തത കൊതിക്കുന്നു. മൊബൈലുകളിലെ മായകാഴ്ചകളിൽ സമയം വൃഥാ കളയുന്നു. കുട്ടികളും കുടുംബബന്ധങ്ങളും വിസ്മൃതമാകുന്നു. കുട്ടികൾ വീടകങ്ങളിൽ പോലും ഒറ്റപ്പെടുന്നു.

അടുത്തിരുന്നിട്ടും അകലത്തിലായി, സ്വയം അസ്വസ്ഥരായി ആരോടും പറയാനില്ലാതെ ഓരോരുത്തരും വിഷണ്ണരാകുന്നു. ജീവിതത്തിന്റെ ഈ പച്ചയായ അവസ്ഥകളെ നിര്‍മല മനസ്സിനുടമയായ ബാലികയിലൂടെ ദൃശ്യാവിഷ്‌കാരം നടത്തുക വഴി ജീവിതസങ്കല്‍പത്തിലെ നിഷ്‌കളങ്കതയാണ് ആരോട് പറയും? പ്രകടമാക്കുന്നത്.

Advertisment