‘അനുരാഗിണി ഇതാ എൻ ..’ – ജോൺസൺ മാഷിന്റെ അനശ്വര പ്രണയഗാനത്തിന് അൺപ്ലഗ്ഗഡ് വേർഷൻ ഒരുക്കി ഡോ. സുദീപ് ഇളയിടം

ഫിലിം ഡസ്ക്
Wednesday, June 27, 2018

മലയാള സിനിമയിലെ നിത്യഹരിത പ്രണയഗാനങ്ങളിൽ ഒന്നായ ജോൺസൺ മാഷിന്റെ അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ എന്ന സുന്ദര ഗാനത്തിന്, സംഗീത തനിമ ചോരാതെ ഒരു അൺ പ്ലഗ്ഗഡ് വേർഷൻ ഒരുക്കി സംഗീത ആസ്വാദകരിൽ എത്തിച്ചിരിക്കുകയാണ് ഫുക്രി എന്ന സിനിമയിലൂടെ സിദ്ധിഖ് മലയാളികൾക്ക് പരിചയപ്പെടുത്തിയ ഡോ സുദീപ് ഇളയിടം.

‘കൊഞ്ചി വാ കൺമണി’ എന്ന സൂപ്പർ ഹിറ്റ് മലയാള ഗാനത്തിലൂടെ സിനിമ സംഗീത സംവിധാന രംഗത്തേക്ക് കടന്നു വന്ന സുദീപ് ഇളയിടം , കല്യാണി രാഗത്തിലുള്ള ഗാനങ്ങളെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന ‘രാഗാ റിപ്രൈസ്സ് ‘ എന്ന് മ്യൂസിക്കൽ എപ്പിസോഡിലെ ആദ്യ ഗാനമാണ് ‘അനുരാഗിണി’.

അനുരാഗിണിയുടെ അൺ പ്ലഗ്ഗഡ് വേർഷനിൽ മനോഹരമായി പാടി അഭിനയിച്ചിരിക്കുന്നത് സുദീപ് ഇളയിടമാണ്. പാട്ടിന്റെ തനിമ ചോരാത്ത ഒരു തീം മ്യൂസിക്കാണ് ഡോ. സുദീപ് തന്റെ വേർഷനിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. മികച്ച മെലഡികൾ എന്നും നെഞ്ചോട് ചേർത്ത് വയ്ക്കുന്ന മലയാളികളുടെ മനസ്സറിഞ്ഞ്, മികവുറ്റ രീതിയിലാണ് അൺപ്ലഗ്ഗഡ് വേർഷൻ സംഗീത ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്.

ജോൺസൺ മാഷിന് പ്രണാമം അർപ്പിക്കുന്ന ഈ ഗാനത്തിന്റെ ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചരിക്കുന്നത് സി മനുവാണ്. അർഷഖ് അഞ്ചുമാണ് വീഡിയോയുടെ സംവിധായകൻ . ഡോ സുദീപ് ഇളയിടത്തിന്റെ ഒഫീഷ്യൽ യുടൂബ് ചാനലിലും ,ഫേസ്സ് ബുക്ക് പേജിലും അനുരാഗിണി അൺപ്ലഗ്ഗഡ് വെർഷൻ വീഡിയോ പ്രേക്ഷകർക്ക് ലഭ്യമാണ്.

×