Advertisment

'സംവിധായകനോടും എഴുത്തുകാരനോടും ഒരു കാര്യം - ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നിൽക്കരുതായിരുന്നു'

author-image
ഫിലിം ഡസ്ക്
New Update

ദിലീപിന്റെ കമ്മാരസംഭവത്തിനെ പ്രശംസിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകൻ പത്മരാജന്റെ മകനുമായ അനന്തപത്മനാഭൻ. കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തിൽ ഇതാദ്യമാണെന്ന് അനന്തപത്മനാഭന്‍ പറയുന്നു.

Advertisment

എന്നാല്‍ ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴിൽ എങ്കിലുമോ ആയിരുന്നു . ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നിൽക്കരുതായിരുന്നു. ബ്രാൻഡ് ചെയ്തു പണ്ടാരമടക്കി നിർവൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കൾ ഇതൊന്നും അർഹിക്കുന്നില്ലന്ന്‍ അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

publive-image

അനന്തപത്മനാഭന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ആദ്യമേ പറയട്ടെ , ഈ ചിത്രം എന്നെ ആകർഷിച്ചതിനു പിന്നിൽ അതിലെ കഥാകാരനുമായുള്ള സൗഹൃദം ഒട്ടുമേ സ്വാധീനിച്ചിട്ടില്ല. ഇഷ്ടമില്ലാത്തതിനെ മുഖത്തു നോക്കി വിമർശിക്കാനുള്ള ഒരു ആർജവം കാണിച്ചിട്ടുള്ളത് കൊണ്ട് കൂടിയാവാം ഞങ്ങൾ അടുപ്പക്കാരായി തുടരുന്നത്.

മാത്യു അർണോൾഡ് പറഞ്ഞിട്ടുള്ള , PERSONAL PREJUDICE എന്റെ അഭിപ്രായത്തിൽ വരാതെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഏതെങ്കിലും ഒരു മുരളി ഗോപി ചിത്രത്തെ പറ്റിയുള്ള ആദ്യ പൊതുമധ്യ അഭിപ്രായവെളിപ്പെടുത്തലും എഫ്ബി പോസ്റ്റും ആണിത്

കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തിൽ ഇതാദ്യം ആണ്. 1995 ലെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച THE UNDERGROUND ( EMIL KUSTURICA) എന്നിൽ ഏൽപിച്ച സുഖമുള്ള വെള്ളിടിക്ക് സമാനമാണ് ഇതിന്റെ ഇംപാക്ട്. ഇത് ചരിത്രത്തിന് നേരെ മാത്രമല്ല. രാഷ്ട്രീയ പാർട്ടികളുടെ പഞ്ചാംഗ / തലക്കുറി നിർമാണങ്ങൾക്കു പിന്നിലെ കൂർമ്മ ബുദ്ധികൾക്കും, അഭിനവ പടനായകനിർമാണങ്ങൾക്കും , ഇന്ത്യൻ ബയോപ്പിക്കുകളിലെ പൊള്ളവീര്യങ്ങൾക്കു നേരെയുമുള്ള ആക്ഷേപ ചിരിയാണ്.

കഥപറച്ചിലിലെ ബ്രില്യൻസിനെപ്പറ്റി പറയും മുൻപേ ഇങ്ങനെ കുഴക്കുന്ന ഒരു തിരനാടക രചനയെ അഭ്രത്തിൽ ആക്കി കാട്ടിയ സംവിധാന മിടുക്കിനെ പുകഴ്ത്തണം . ഇതിനായി കോടികൾ ചിലവഴിച്ചു യാഥാർഥ്യമാക്കിയ നിർമാതാവിനെ വന്ദിക്കണം . ഏതു രാഷ്ട്ര നിർമാണങ്ങൾക്കു പിന്നിലും തമ്സ്കരിക്കപ്പെടുന്ന റിയല്‍ ഹീറോസിന്റെ ജീവത്യാഗങ്ങൾക്കും , ഏതു പഴുതിലൂടെയും കെട്ടി ഉയർത്തപ്പെടുന്ന നായകബിംബങ്ങൾക്കും നേരെയുള്ള കൺ നിറഞ്ഞ മുഖം കോട്ടി ചിരിയാണ് ഇത്.

രണ്ടു കാര്യങ്ങളിൽ കുറെ കൂടി ശ്രദ്ധ ചെലുത്താം ആയിരുന്നു. ഒന്ന് ഒന്നാം പാതിയിലെ ആഖ്യാനം ഒന്ന് കൂടി കാച്ചികുറുക്കി ഒന്നര മണിക്കൂർ ഒഴിവാക്കാമായിരുന്നു. പിന്നെ സിദ്ധാർത്ഥിന് പകരം ടോവിനോയോ , സ്വാതന്ത്ര്യം അർധരാത്രിയിലെ നായകനോ ഒക്കെ ആകാം ആയിരുന്നു. ഈ ചിത്രം വരും കാലം ചർച്ച ചെയ്യും.

ഒരു കാര്യം കൂടി എന്റെ സുഹൃത്തുക്കൾ ആയ സംവിധായകനോടും എഴുത്തുകാരനോടും പറയാൻ തോന്നുന്നു. നിങ്ങൾ ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴിൽ എങ്കിലുമോ ആയിരുന്നു . ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നിൽക്കരുതായിരുന്നു. ബ്രാൻഡ് ചെയ്തു പണ്ടാരമടക്കി നിർവൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കൾ ഇതൊന്നും അർഹിക്കുന്നില്ല . PROUD OF YOU DEARS!

Advertisment