ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു വാരിയര്‍ക്കു പരുക്ക്

ഫിലിം ഡസ്ക്
Thursday, December 6, 2018

സിനിമാ ചിത്രീകരണത്തിനിടെ മഞ്ജു വാരിയര്‍ക്കു പരുക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിന്റെ ഹരിപ്പാട്ടെ ലൊക്കേഷനിലാണ് സംഭവം. ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിനു പരുക്കേറ്റത്.

പരുക്ക് ഗുരുതരമല്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. നെറ്റിയില്‍ പരുക്കേറ്റ മഞ്ജുവിനെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ചിത്രീകരണം മുടങ്ങില്ല.

മഞ്ജു വാരിയർ, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിരയും ചിത്രത്തിലുണ്ട്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

2011ൽ റിലീസായ ‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയ്നറാകും ചിത്രം.

കലാസംവിധാനം–അജയൻ ചാലശ്ശേരി, സംഗീതം–റാം സുരേന്ദർ, ഗോപിസുന്ദർ, ചിത്രസംയോജനം–രഞ്ജിത്ത് ടച്ച്റിവർ, കോസ്റ്റ്യൂംസ്–സമീറ സനീഷ്.

×