‘എനിക്ക് അതൊരിക്കലും തെറ്റായിട്ട് തോന്നിയിട്ടില്ല. ആ അമ്മയോട് സോറി പറയുന്നു, എന്നാൽ അവനോട് ഞാൻ സോറി പറയില്ല’ – നന്ദന

ഫിലിം ഡസ്ക്
Monday, April 23, 2018

തന്റെ ചിത്രത്തിന് താഴെ അശ്ലീലകമന്റ് പോസ്റ്റ് ചെയ്ത യുവാവിന് തക്കമറുപടി നല്‍കിയ ബാലതാരം നന്ദന വർമയെ പ്രശംസിച്ചും വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. മോശമായി കമന്റ് ഇട്ടയാളോട് അത് ചേട്ടന്റെ അമ്മയെ പോയി വിളിക്കു എന്നായിരുന്നു നന്ദന മറുപടി പറഞ്ഞത്.

എന്നാല്‍ നന്ദനയുടെ മറുപടി കുറച്ച് കൂടിപ്പോയെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ ഇത്തരക്കാർക്ക് ഇതുപോലുള്ള മറുപടി തന്നെയാണ് കൊടുക്കേണ്ടതെന്ന്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ഈ വിഷയത്തിൽ പ്രതികരണവുമായി നന്ദന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ഞാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാൾ മോശമായി കമന്റ് ഇട്ടു. പോയി ചേട്ടന്റെ അമ്മയെ വിളിക്കു എന്നായിരുന്നു ഇതിന് ഞാൻ നൽകിയ മറുപടി. എനിക്ക് അതൊരിക്കലും തെറ്റായിട്ട് തോന്നിയിട്ടില്ല. എങ്കിലും ഞാൻ ആ അമ്മയ്ക്ക് സോറി പറഞ്ഞ് മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ പിന്നീട് കുറേപേർ എന്നെ വിമർശിച്ച് എത്തി.

അങ്ങനെ പറഞ്ഞത് തെറ്റാണ്, അത് പറയാൻ പാടില്ലായിരുന്നു എന്നൊക്കെ. എനിക്ക് ഇവരോടൊരു കാര്യം ചോദിക്കാനുണ്ട്. ഈ ചേട്ടന്മാർക്കും ഉണ്ടാകില്ലേ ചേച്ചിയും അനിയത്തിമാരും അവരെയാണ് ഇങ്ങനെ വിളിച്ചിരുന്നതെങ്കിൽ നിങ്ങൾ ചിരിച്ചുകൊണ്ട് കയ്യും കെട്ടി ഇരിക്കുമായിരുന്നോ? നിങ്ങൾ പ്രതികരിക്കുന്നതുപോലെയേ ഞാനും ചെയ്തൊള്ളൂ. അത് തെറ്റാണെന്നും തോന്നുന്നില്ല.

പിന്തുണച്ചവരോട് ഒരുപാട് നന്ദി. ഇത്തരക്കാർക്ക് ഇങ്ങനെ മറുപടി കൊടുത്താലേ ഇവരുടെ അസുഖം മാറുകയൊള്ളൂ. ഇപ്പോൾ അവനറിയാം ഇങ്ങനെ കമന്റ് പോസ്റ്റ് ചെയ്താൽ ഈ രീതിയിലാകും മറുപടിയെന്ന്. ഇൻസ്റ്റഗ്രാം തന്നെ ഡിആക്ടിേവറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നിപ്പോയി.

ലൈവിൽ വരാൻ തന്നെ കാരണം ഇത് ഇത്രയും ചർച്ചയായതുകൊണ്ടാണ്. ആ അമ്മയോട് സോറി പറയുന്നു, എന്നാൽ അവനോട് ഞാൻ സോറി പറയില്ല. ആ സമയത്ത് കമന്റ് കണ്ട് ഒരുപാട് വിഷമം തോന്നി, അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഇനിയും ഇതുപോലുള്ള കമന്റുകൾക്ക് ഇങ്ങനെ തന്നെ മറുപടി നൽകും.’–നന്ദന പറയുന്നു.

×