‘എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ വേണ്ടെന്ന് വച്ചത്. ഞാൻ നിന്റേതാണ് നസ്രിയ’ – ഫഹദ് ഫാസില്‍

ഫിലിം ഡസ്ക്
Tuesday, June 12, 2018

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, പാര്‍വതി, നസ്രിയ നസീം എന്നിവര്‍ ഒരുമിക്കുന്ന സിനിമയാണ് ‘കൂടെ’. ഒരിടവേളയ്‍ക്ക് ശേഷമാണ് ഈ ചിത്രത്തിലൂടെ നസ്രിയ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്.

നസ്രിയയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫഹദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തു. ജൂലൈ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

‘എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതില്‍ ഇത്രയധികം ആവേശമുണ്ടായിരുന്നില്ല. മികച്ച സാങ്കേതികവിദഗ്ധരും താരങ്ങളും അണിനിരക്കുന്ന ഒരു മികച്ച ചിത്രം എന്നതിലുപരി ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ഇഷ്‍ടപ്പെടുന്ന വ്യക്തിയെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും കാണുന്നു എന്നതിലാണ് എന്റെ ആവേശം.

എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ വേണ്ടെന്ന് വച്ചത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. ഞാൻ നിന്റേതാണ്. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്‍ക്കും എല്ലാം ആശംസകളും – ഫഹദ് പറയുന്നു.

×