ചിന്തിക്കുന്നവർ ചിന്തിച്ചുകൊണ്ട് ഇറക്കുന്ന കലാമൂല്യ ചലച്ചിത്ര സൃഷ്ടികൾക്കിടയിൽ ഇതാ ഒരു കൗമാരക്കാരിയെക്കൊണ്ട് കണ്ണിറക്കി കാണിപ്പിച്ചുകൊണ്ട്, അതിനെ ഇന്ത്യക്ക് അകത്തും പുറത്തും ട്രെൻഡാക്കി കൊണ്ട് വീണ്ടും ഒരു ഒമർ ബ്രില്ലിയൻസ് – സാജിദ് യഹിയ

ഫിലിം ഡസ്ക്
Tuesday, February 13, 2018

ഒമർ ലുലുവിന്റെ ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ പ്രിയ പ്രകാശ് വാര്യര്‍ ഇന്ത്യൻ തരംഗമായി. ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പ്രിയ ഇപ്പോള്‍.

ഒമർ ലുലുവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സാജിദ് യഹിയ.

സാംസ്കാരിക, നവോഥാന, കലാവിപ്ലവങ്ങൾ മാത്രം വാഴേണ്ട മലയാള സിനിമയിൽ, ചിന്തിക്കുന്നവർക്കായി, ചിന്തിക്കുന്നവർ ചിന്തിച്ചുകൊണ്ട് ഇറക്കുന്ന കലാമൂല്യ ചലച്ചിത്ര സൃഷ്ടികൾക്കിടയിൽ , ഇതാ നമ്മളാരും ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്ത ഒരു കൗമാരക്കാരിയെക്കൊണ്ട് കണ്ണിറക്കി കാണിപ്പിച്ചുകൊണ്ട്, അതിനെ ഇന്ത്യക്ക് അകത്തും പുറത്തും ട്രെൻഡാക്കി കൊണ്ട് ഒമറിക്ക വീണ്ടും, the so called ‘സാംസ്കാരിക’ ചലച്ചിത്രങ്ങളുടെ മാത്രം പ്രേമികളെ നോക്കി പല്ലിളിച്ചു കാണിക്കുന്നു – സാജിത് തന്റെ കുറിപ്പില്‍ പറയുന്നു.

സാജിദിന്റെ കുറിപ്പ് വായിക്കാം:

വീണ്ടും ഒരു ഒമർ ബ്രില്ലിയൻസ്

അങ്ങനെ, സാംസ്കാരിക, നവോഥാന, കലാവിപ്ലവങ്ങൾ മാത്രം വാഴേണ്ട മലയാള സിനിമയിൽ, ചിന്തിക്കുന്നവർക്കായി, ചിന്തിക്കുന്നവർ ചിന്തിച്ചുകൊണ്ട് ഇറക്കുന്ന കലാമൂല്യ ചലച്ചിത്ര സൃഷ്ടികൾക്കിടയിൽ , ഇതാ നമ്മളാരും ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്ത ഒരു കൗമാരക്കാരിയെക്കൊണ്ട് കണ്ണിറക്കി കാണിപ്പിച്ചുകൊണ്ട്, അതിനെ ഇന്ത്യക്ക് അകത്തും പുറത്തും ട്രെൻഡാക്കി കൊണ്ട് ഒമറിക്ക വീണ്ടും, the so called ‘സാംസ്കാരിക’ ചലച്ചിത്രങ്ങളുടെ മാത്രം പ്രേമികളെ നോക്കി പല്ലിളിച്ചു കാണിക്കുന്നു.

സംഭവം ഭരതനും, കെജി ജോർജും, പവിത്രനും പദ്മരാജനുമൊക്കെ മലയാള സിനിമ കണ്ട ജീനിയസ്സുകൾ തന്നെയാണ്, മലയാള സിനിമയെ വേറെ തലത്തിൽ പ്രതിഷ്ഠിച്ച മഹാപ്രതിഭകൾ. പക്ഷെ ചലച്ചിത്രമെന്നത് സാധാരണക്കാരൻ കണ്ടു ശീലിച്ച ഒരു കലാരൂപമാണ്, അവൻ കണ്ടു ശീലിച്ചത് കൊണ്ട് മാത്രം നിലനിന്നു പോകുന്ന ഒന്ന്, അങ്ങനെയുള്ള ആ സാധാരണക്കാരന് മിക്കപ്പോഴും വേണ്ടത് അവന്റെ നിത്യ ജീവിതത്തിലെ മടുപ്പിനും, മുരടിപ്പിനും ഇടയിൽ നിന്നുമുള്ള ഒരു തരം എസ്കേപ്പിസം ആണ്.

അങ്ങനെ, നിത്യജീവിതത്തിൽ ഒരുപാട് ചിന്തിച്ച് ചിന്തിച്ച് പിന്നെയും സിനിമ കണ്ട് ചിന്തിക്കാൻ കെൽപ്പില്ലാത്ത ഒരു വലിയ ആൾക്കൂട്ടത്തിന് ഇടയിലേക്കാണ് ഒമർ ലുലു അവരെയൊക്കെ തൽക്കാലത്തേക്ക് എങ്കിലും ചിന്തിപ്പിക്കാണ്ട് പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് , ഇതുപോലെയുള്ള സാധനങ്ങളുമായി വന്ന് ട്രെൻഡുകൾ സൃഷ്ടിക്കുന്നത്. അത് സാധാരണ പ്രേക്ഷകൻ ഉള്ളയിടത്തോളം കാലം ഇവിടെ ഉണ്ടായികൊണ്ടേയിരിക്കും, ബുദ്ധിജീവികൾ, പറുദീസാ സൃഷ്ടാക്കൾ ഓസ്‌കാർധാരികൾ , please do not disturb!

×