‘ഞങ്ങള്‍ രണ്ടുപേര്‍ക്കും ഞങ്ങളുടേതായ സ്വാതന്ത്ര്യമുണ്ട്. അതില്‍ വേറൊരാള്‍ കടന്നു കയറുന്നത് ഇഷ്ടമല്ല. വല്ലാതെ ഒട്ടാന്‍ ചെല്ലുന്നത് ബിജുവേട്ടന് ഇഷ്ടമല്ല’

Tuesday, May 15, 2018

മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായിരുന്നു സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സംയുക്ത വര്‍മ്മ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇനി സിനിമയിലേക്ക് ഇല്ലെയെന്ന് സംയുക്തയോട് ആരാധകര്‍ എപ്പോഴും ചോദിക്കാറുണ്ട്.

എന്നാല്‍ സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും താന്‍ ചിന്തിച്ചിട്ടില്ലെന്ന് പറയുകയാണ്‌ സംയുക്ത. സിനിമ എനിക്ക് ഭഗവാനെപ്പോലെയാണ്. ഇപ്പോള്‍ എന്തിനാണ് അഭിനയിക്കുന്നത്? ഒന്നുകില്‍ അത്രമാത്രം ഇഷ്ടപ്പെടുന്ന കഥയായിരിക്കണം. കഥാപാത്രം ആയിരിക്കണം.

ബിജു ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി ചെയ്ത് തുടങ്ങിയാല്‍ ആകെ സ്‌ട്രെസ്ഡ് ആകും. വീട്ടില്‍ വന്നു കയറിയാല്‍ പരസ്പരം ചൊറിയേണ്ടി വരും. എനിക്കത് വയ്യ. ഇപ്പോള്‍ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നത്.

ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു തടസവും ബിജുവേട്ടന്‍ പറഞ്ഞിട്ടില്ല. പ്രസവം കഴിഞ്ഞ് കിടക്കുന്ന സമയത്ത് ബിജുവേട്ടനോട് പലരും ചോദിച്ചു ഒരു പ്രൊജക്ട് ഉണ്ട് സംയുക്ത അഭിനയിക്കുമോ? ബിജുവേട്ടന്‍ പറഞ്ഞു, ഒരു കൂട്ടര്‍ കഥ പറയാന്‍ വരും നീ കേട്ടു നോക്കൂ എന്ന്. പക്ഷേ ഞാന്‍ അത് വേണ്ടെന്ന് വച്ചു.

ഞാന്‍ വലിയ പക്വതയുള്ള ആളായിരുന്നില്ല. പക്ഷേ ബിജുവേട്ടന്‍ എന്നെ ജീവിക്കാൻ പഠിപ്പിച്ചു.

ഞങ്ങള്‍ പരസ്പരം സ്വകാര്യത ബഹുമാനിക്കുന്നവരാണ്. മറ്റുള്ളവര്‍ വല്ലാതെ ഒട്ടാന്‍ ചെല്ലുന്നത് ബിജുവേട്ടന് ഇഷ്ടമല്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഞങ്ങളുടേതായ സ്പേസ് ഉണ്ട്, സ്വാതന്ത്ര്യമുണ്ട്. അതില്‍ വേറൊരാള്‍ കടന്നു കയറുന്നത് ഇഷ്ടമല്ല. എനിക്ക് എന്റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം.

രണ്ടുപേരും അതില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ല. പക്ഷേ, ഒന്നിച്ചിരിക്കേണ്ട സമയത്ത് ഒന്നിച്ചിരിക്കും, കാര്യങ്ങള്‍ പരസ്പരം പറയും – സംയുക്ത പറഞ്ഞു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

×