ഞാൻ ഗന്ധർവ്വൻ പിടിച്ച പദ്മരാജനെ അതോടെ ഗന്ധര്‍വ്വന്മാര്‍ കൂടെ കൂട്ടി, അറ്റ്ലസ് രാമചന്ദ്രന്‍ ജീവിതത്തിലും ഒടുവില്‍ അറബിക്കഥയിലെ കഥാപാത്രമായി മാറി, ഒടുവിലിതാ ശ്രീകുമാര്‍ മേനോനെയും ഒടിയന്‍ ചതിച്ചു – മലയാള സിനിമയിലെ (അന്ധ) വിശ്വാസങ്ങള്‍ !

ദാസനും വിജയനും
Sunday, December 2, 2018

മലയാളസിനിമയിൽ കുറെയധികം അന്ധവിശ്വാസങ്ങളുണ്ട് . അതിനെ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നാമതിനെ കൂട്ടിയും കിഴിച്ചും നോക്കുകയാണെങ്കിൽ പലതും സത്യമായി തോന്നിയേക്കാം. പലതും വട്ടായി തോന്നിയേക്കാം. പക്ഷെ ചില അന്ധവിശ്വാസങ്ങൾ ജീവൻ വരെ എടുത്തിട്ടുണ്ട് എന്നതും സത്യമായി കാണുന്നുണ്ട് .

എൺപതുകളിൽ മലയാളസിനിമ മുഴുവനും ഒരു അന്ധവിശ്വാസം പടർന്നു പന്തലിച്ചിരുന്നു. സിനിമാക്കാർ ഏറ്റവും കൂടുതൽ തൃശൂർക്കാർ ആണെങ്കിലും തൃശൂർ ജില്ലയിൽ ആണ് ലൊക്കേഷൻ എങ്കിൽ ആ സിനിമ വിജയിക്കില്ല എന്നൊരു വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നു .

എന്നാല്‍ ആയിടക്കാണ് പത്മരാജൻ തൂവാനത്തുമ്പികളിലൂടെ തൃശൂരിന്റെ പേര് കളയാതെ സൂക്ഷിച്ചത്. പുന്നകൈ മന്നനിലൂടെ കമലഹാസനും അതിരപ്പിള്ളിയെയും വാഴച്ചാലിനെയും തമിഴ്മക്കളിൽ ആഴത്തിൽ വേരുറപ്പിച്ചു. പുന്നകൈ ഫാൾസ് എന്ന പേരിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം അറിയപ്പെട്ടു .

പക്ഷേ, പിന്നീട് കമലഹാസന്റെ മരുതനായകം അതിരപ്പിള്ളിയിൽ ഷൂട്ട് ചെയ്‌തെങ്കിലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അതും കഴിഞ്ഞ് മലയാളത്തിന്റെ എന്നത്തേയും നമ്പർ വൺ പുലിമുരുകൻ അതിരപ്പിള്ളി കാടുകളിൽ വെച്ച് ഷൂട്ടിങ് നടത്തി. ഇന്ത്യയിലെ ഒന്നാം നമ്പർ സിനിമ ബാഹുബലിയെയും അതിരപ്പിള്ളി തുണച്ചു . ഇന്നിപ്പോൾ ഇവിടെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്നത് ആന്ധ്രയിൽ നിന്നുമാണ് .

മലയാസിനിമയുടെ ഭാഗ്യ ലൊക്കേഷൻ ഒറ്റപ്പാലവും വാണിയംകുളവും ഷൊർണൂരും പട്ടാമ്പിയും കൂടാതെ പൊള്ളാച്ചിയും ഉടമൽപ്പെട്ടും പഴനിയുമാണ് . പ്രാഞ്ചിയേട്ടനും പുലിമുരുകനും തൃശൂരിന്റെ പേര് കളയാതെ സൂക്ഷിച്ചതിൽ അഭിമാനിക്കാം .

ഞാൻ ഗന്ധർവ്വൻ എന്ന സിനിമ പ്രഖ്യാപിക്കുന്നതിന്റെ മുമ്പേ ഭരതനും മറ്റു പലരും പത്മരാജനെ ഉപദേശിച്ചു, ആ വിഷയത്തിൽ തൊടരുത് എന്ന്. ഗന്ധർവന്മാരും യക്ഷികളും ഒക്കെ അവരവരുടെ വഴിയേ സഞ്ചരിക്കട്ടെ , അവരുടെ വഴിയിൽ നാം മനുഷ്യർ ഇടപെടേണ്ട എന്ന് ഭരതൻ പറഞ്ഞു.

ഒന്നിനെയും വകവെക്കാതെ പത്മരാജൻ സിനിമയുമായി മുന്നോട്ട് പോയി . ആയിടക്കാണ് ടി . കെ രാജീവ്കുമാർ സമാനമായ മറ്റൊരു ആശയം സിനിമയാക്കുവാൻ തയ്യാറെടുത്തത് .

ടെക്സ്റ്റയിൽ ഷോപ്പുകളിലെ (മാനിക്വിൻ) പ്രതിമയെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ . എന്തുകൊണ്ടോ രാജീവ്കുമാർ സിനിമ ഉപേക്ഷിച്ചു. പക്ഷെ പത്മരാജൻ സിനിമ പൂർത്തീകരിച്ചു. പക്ഷേ സിനിമ റിലീസിങ്ങിനുമുമ്പേ പത്മരാജനെ ഗന്ധർവന്മാർ കൂട്ടിക്കൊണ്ടുപോയി .

അറ്റ്ലസ് രാമചന്ദ്രൻ വളരെ നല്ലരീതിയിൽ കച്ചവടം നടത്തിക്കൊണ്ടുപോയിരുന്ന സമയത്താണ് അറബിക്കഥ എന്ന സിനിമയിൽ കയറി അഭിനയിച്ചത്. അദ്ദേഹം ഒരിക്കലും അഭിനയിക്കുവാൻ പാടില്ലാത്ത വേഷമാണ് അതില്‍ കൈകാര്യം ചെയ്തത്. അതുപോലെ തന്നെ സ്വന്തം ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അതാണ് സിനിമ.

അതാണ്‌ ചില കാരണവന്മാർ പറയാറുള്ളത് , അറം പറ്റുന്ന സംഭവങ്ങൾ എന്ന് . അതുപോലെ എത്രയോ സിനിമകളുടെ പേരുകൾ മാറ്റിയ സംഭവങ്ങൾ , താളവട്ടം എന്ന സിനിമയുടെ പേര് ‘നമ്പർ 36’ എന്നായിരുന്നു . മുംബൈ പോലീസ് എന്ന സിനിമക്ക് ആദ്യം ഇട്ട പേര് ‘ഡെഡ്ലൈൻ’ എന്നായിരുന്നു .

മറ്റൊന്നാണ് ചില നടന്മാരോ നടിമാരോ ഒരു സിനിമയിൽ ഉണ്ടെങ്കിൽ ആ സിനിമ എത്ര നല്ലതായിരുന്നാലും വിജയിക്കില്ല എന്നൊരു ചിന്താഗതി. അതിന്റെ ബാക്കിപത്രങ്ങളായിരുന്നു ശ്രീനാഥും അബിയും കൽപ്പനയും ഒക്കെ .

അതിന്റെയൊക്കെ പിന്നിലും കുറെ താത്പരകക്ഷികൾ തന്നെയെന്നത് മറ്റൊരു സത്യം . കടത്തനാടൻ അമ്പാടിയിൽ കൈവെക്കരുതെന്ന് ഓറിയന്റൽ സാജനോട് കുറെയധികം സിനിമ തലതൊട്ടപ്പന്മാർ അഭ്യർത്ഥിച്ചു. കൈവെച്ചു, കൈപൊള്ളി .

ഇപ്പോൾ മലയാളസിനിമയിലെ സംസാരവിഷയമായ ഒടിയൻ എടുത്തുനോക്കുകയാണെങ്കിൽ , ആ പേരിൽ തന്നെ ചതി ഒളിഞ്ഞുകിടക്കുന്നുണ്ട്.

ഒളിച്ചിരുന്ന് ഇരുട്ടത്ത് ആക്രമിക്കുന്ന ഒരു വിഭാഗമാണ് ഒടിയന്മാർ. ഞാൻ അയാൾക്ക് ഒരു ഒടി വെച്ചിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനർത്ഥം ഒരു ചതിക്കുഴി പണിതിട്ടുണ്ട് എന്നാണ് .

ഇന്നിപ്പോൾ ആ സിനിമ പ്രഖ്യാപിച്ചത് മുതൽ അതിന്റെ സംവിധായകന്റെ കാര്യം ഏറെ കഷ്ടത്തിലാണ് . കയ്യിലുണ്ടായിരുന്ന കച്ചവടങ്ങളൊക്കെ പൂട്ടേണ്ടിവന്നു , ഒപ്പമുണ്ടായിരുന്ന ജീവനക്കാർ മുഴുവനും കയ്യൊഴിഞ്ഞു.

എന്തിനധികം പറയുന്നു , ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച രണ്ടാമൂഴത്തിന്റെ തിരക്കഥ വരെ ഇപ്പോൾ കോടതി കേസിൽപെട്ട് ഒരു മാതിരി കൂട്ടിക്കുഴഞ്ഞ്‌ അവിയൽ പരുവമായിരിക്കുന്നു .

പൂർത്തിയാക്കുവാൻ ഏറെ കഷ്ടപ്പെട്ട ഷെഡ്യുളുകൾ , ഇപ്പോഴിതാ സംവിധായകൻ എസ്കലേറ്ററിൽ നിന്നും എടുത്തിട്ടപോലെ താഴെ വീണ് താടിയെല്ലൊടിഞ്ഞു ശുശ്രൂഷയിലും .

അന്ധവിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും അരങ്ങു വാഴുന്ന മലയാള സിനിമയിൽ നിന്നും ഇനിയും നല്ല സിനിമകൾക്കായി കാത്തിരുന്നുകൊണ്ട്,

പാലക്കാട്ടെ അഗ്രഹാരങ്ങളിൽ നിന്നും ഗന്ധർവ്വൻ ദാസനും ഒടിയൻ വിജയനും

×