Advertisment

18 ലക്ഷത്തിന്റെ ബാങ്ക് വായ്പ്പയുള്ള വിവരം മറച്ചുവെച്ച് നാലു ലക്ഷത്തിന് വീട് ഒറ്റിക്കു നല്‍കി ; ചതി പറ്റിയ കഥ താമസക്കാര്‍ അറിയുന്നത് വായ്പ്പാ കുടിശികയുടെ പേരില്‍ വീട് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ; കൈകൂപ്പി യാചിച്ച് വീട്ടമ്മ, ഒടുവില്‍..

New Update

മലയിൻകീഴ് :  വായ്പ മുടങ്ങിയതിനാൽ ജപ്തി ഭീഷണി നേരിടുന്ന വീട് മൂന്ന് വർഷത്തേക്കു കരാർ പ്രകാരം ഒറ്റിക്കു നൽകി കബളിപ്പിച്ചതായി വയോധികയുടെ പരാതി. ആറ്റുകാൽ ഐരാണിമുട്ടം സ്വദേശി ടി.രമ (65) ആണ് മലയിൻകീഴ് പൊലീസിൽ പരാതി നൽകിയത്.

Advertisment

2018 സെപ്റ്റംബറിൽ ആണ് ഇവർ മലയിൻകീഴ് ഇരട്ടക്കലുങ്ക് കോളച്ചിറയിൽ വിനോദിന്റെ ഉടമസ്ഥയിൽ ഉള്ള വീട് 4 ലക്ഷത്തിന് ഒറ്റിക്കു വാങ്ങിയത്. എന്നാൽ ഈ വീടിന്റെ ആധാരം പണയപ്പെടുത്തി ആന്ധ്ര ബാങ്കിൽ നിന്നും 18 ലക്ഷം വിനോദ് വായ്പ എടുത്തിരുന്ന കാര്യം രമയോടു മറച്ചു വച്ചു.

publive-image

വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്കു ശേഷം ബാങ്കുകാർ എത്തിയപ്പോഴാണ് രമ കാര്യം അറിയുന്നത്. തുടർന്ന് ഉടമയോടു താൻ നൽകിയ 4 ലക്ഷം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നു രമ പറയുന്നു. ബാങ്കുകാർ സമയം നീട്ടി നൽകിയെങ്കിലും വിനോദ് വായ്പ അടച്ചില്ല.

പണം കിട്ടാത്തതിനാൽ രമയും വീട് ഒഴിയാൻ വിസമ്മതിച്ചു. വയോധികയുടെ പരാതിയിൽ വിനോദിനെതിരെ മലയിൻകീഴ് പൊലീസ് കേസ് എടുത്തു. ഇയാൾ ഒളിവിലാണ്. രമയും ഭർത്താവ് ശ്രീകണ്ഠനും മകനുമാണ് ഇവിടെ താമസം. ആകെ ഉണ്ടായിരുന്ന ഭൂമി വിറ്റും സ്വർണം പണയം വച്ചും ലഭിച്ച തുകയാണ് വയോധിക വിനോദിന് നൽകിയത്.

ഈ പണം കിട്ടിയാൽ മാത്രമേ ഇവർക്ക് മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാൻ സാധിക്കൂ. കോടതി ഉത്തരവു പ്രകാരം കഴിഞ്ഞ ദിവസം വീണ്ടും ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടിയ്ക്കായി സ്ഥലത്ത് എത്തി. എന്നാൽ താൻ നൽകിയ പണം ലഭിക്കാതെ വീട്ടിൽ നിന്നും മാറില്ലെന്ന നിലപാടിൽ രമയും കുടുംബാംഗങ്ങളും ഉറച്ചു നിന്നു. തുടർന്ന് വിനോദിന്റെ ബന്ധുക്കളുമായി സംസാരിച്ച ബാങ്ക് ഉദ്യോഗസ്ഥർ വീണ്ടും 15 ദിവസത്തെ സമയം കൂടെ നൽകി.

Advertisment