Advertisment

2014 മാര്‍ച്ചില്‍ കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതല്ല; അത് പൈലറ്റിന്റെ ബോധപൂര്‍വ്വമുള്ള ആത്മഹത്യയായിരുന്നു ; അപ്രത്യക്ഷമായ വിമാനം ക്യാപ്റ്റന്‍ കടലില്‍ മുക്കിയതാണെന്ന് മലേഷ്യയ്ക്ക് അറിയാമായിരുന്നു ; വെളിപ്പെടുത്തല്‍ ഇങ്ങനെ...

New Update

2014 മാർച്ചിൽ കാണാതായ മലേഷ്യന്‍ വിമാനമായ എംഎച്ച് 370 ബോധപൂര്‍വ്വമുള്ള ആത്മഹത്യയാണെന്ന വെളിപ്പെടുത്തലുമായി മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. മലേഷ്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇതുതന്നെയാണ് വിശ്വസിച്ചിരുന്നതെന്നും അബോട്ട് പറഞ്ഞു. ക്യാപ്റ്റന്‍ സഹരി അഹമ്മദ് ഷായോ സഹ പൈലറ്റ് ഫാരിഖ് അബ്ദുള്‍ ഹാമിദോ ബോധപൂര്‍വ്വം എംഎച്ച് 370 തർത്ത് ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് മലേഷ്യൻ വക്താക്കൾ വിശ്വസിച്ചിരുന്നത്. ഇക്കാര്യം അവർ തന്നോട് പറഞ്ഞിരുന്നുവെന്നും അബോട്ട് പറഞ്ഞു.

Advertisment

publive-image

ബുധനാഴ്ച സംപ്രേഷണം ചെയ്ത സ്കൈ ന്യൂസ് ഡോക്യുമെന്ററിയിലാണ് അബോട്ടിന്റെ പ്രതികരണം. അപ്രത്യക്ഷമായ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ക്യാപ്റ്റൻ വിമാനം കടലില്‍ മുക്കിയെയെന്ന് മലേഷ്യ വിശ്വസിക്കുന്നുവെന്ന് ചിലർ തന്നോട് പറഞ്ഞതായി അബോട്ട് പറഞ്ഞു. എന്നാൽ അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

മലേഷ്യൻ സർക്കാരിന്റെ ഉന്നത തലങ്ങളിൽ നിന്നുള്ളവരാണ് ഇക്കാര്യം പറഞ്ഞത്. ഇവർ വളരെ നേരത്തെ തന്നെ പൈലറ്റിന്റെ നീക്കം കൊലപാതക-ആത്മഹത്യയാണെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോടാണ്, എന്താണ് പറഞ്ഞതെന്ന് ഞാൻ പറയാൻ പോകുന്നില്ല. എന്നാല്‍ തനിക്ക് വ്യക്തമായി പറയാൻ കഴിയും, ഇത് പൈലറ്റിന്റെ കൊലപാതക - ആത്മഹത്യയാണെന്ന് മലേഷ്യൻ വക്താക്കൾ മനസ്സിലാക്കിയിരുന്നുവെന്ന് അബോട്ട് പറഞ്ഞു.

ഈ അവകാശവാദം ശരിയാണെങ്കില്‍ പൈലറ്റുമാരിലാരോ ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. ഒരേസമയം ആത്മഹത്യയും കൂട്ടക്കൊലയുമായി ഈ പ്രവൃത്തി മാറുകയും ചെയ്തിരിക്കാം. 2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്നും മലേഷ്യന്‍ വിമാനം ബീജിങ്ങിലേക്ക് പറന്നുയരുന്നത്. 239 യാത്രക്കാരും വിമാനജീവനക്കാരുമായി വിമാനം വൈകാതെ സമുദ്രത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നു. വ്യാപകമായ തിരച്ചിലുകള്‍ പിന്നീട് നടത്തിയെങ്കിലും ആരുടേയും മൃതദേഹ അവശിഷ്ടങ്ങള്‍ പോലും ലഭിച്ചില്ല.

'അതൊരു അപകടമായിരുന്നില്ല, വിമാനത്തിലുണ്ടായിരുന്ന ആരോ ഒരാള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു എന്ന് നേരത്തെ തന്നെ ചില വിദഗ്ധർ ആരോപിച്ചിരുന്നു. സമുദ്രത്തിലെ അജ്ഞാത മേഖലയിലേക്ക് മാറ്റിയശേഷം അപ്രത്യക്ഷമാവുന്ന പദ്ധതിയായിരുന്നു അതെന്നാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഓഫ് കാനഡയിലെ ജീവനക്കാരനായിരുന്ന വാന്‍സ് പറഞ്ഞത്.

'എംഎച്ച് 370 ദുരൂഹതകള്‍ നീങ്ങുന്നു' എന്ന തന്റെ പുസ്തകത്തിനു വേണ്ടി വാന്‍സ് ഒന്നര വര്‍ഷത്തോളം മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചിരുന്നു. എന്നാല്‍ മലേഷ്യന്‍ വിമാനത്തിനായി തിരച്ചില്‍ നടത്തിയ ഔദ്യോഗിക സംഘത്തില്‍ വാന്‍സ് അംഗമായിരുന്നില്ല.

ലഭിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ വിശദ പഠനമാണ് തന്നെ ഈ നിഗമനത്തിലെത്തിച്ചതെന്ന് വാന്‍സ് അവകാശപ്പെടുന്നു. വിമാനം കടലില്‍ ഇറങ്ങുന്നസമയത്ത് ചിറകിലെ ഫ്ലാപുകൾ താഴ്ത്തിയ നിലയിലായിരുന്നു. മാത്രമല്ല കുറഞ്ഞ വേഗത്തിലാണ് വിമാനം സമുദ്രത്തിലിറങ്ങിയത്. ഇതെല്ലാം ആരോ ബോധപൂര്‍വ്വം വിമാനം കടലിലിറക്കുകയായിരുന്നുവെന്നതിന്റെ സൂചന നല്‍കുന്നു. അല്ലാതെ സ്വാഭാവികമായി ഇക്കാര്യങ്ങള്‍ സംഭവിക്കുകയില്ല.

വിമാനത്തിന്റെ ചിറകിലെ ഫ്ലാപുകൾ താഴ്ത്തണമെങ്കില്‍ പൈലറ്റുമാര്‍ ആരെങ്കിലും ചെയ്താലേ സാധിക്കൂ. ക്യാപ്റ്റന്‍ സഹരിയ അഹ്മദ് ഷായോ സഹ പൈലറ്റ് ഫാരിക് അബ് ഹാമിദോ ആയിരിക്കാം ഇത് ചെയ്തത്. ക്യാപ്റ്റന്‍ ഷായെയാണ് താന്‍ കൂടുതല്‍ സംശയിക്കുന്നതെന്നും വാന്‍സ് പറയുന്നു.

എന്നാല്‍ ഈ നിഗമനങ്ങളിലെത്താന്‍ പ്രാപ്തമല്ല ലഭിച്ച തെളിവുകളെന്നാണ് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ മുന്‍ തലവന്‍ മാര്‍ട്ടിന്‍ ഡോലന്റെ പ്രതികരണം. മലേഷ്യന്‍ വിമാനം തകര്‍ന്നുവീണതെന്ന് കരുതാവുന്ന രണ്ട് സ്ഥലങ്ങളുടെ വിവരങ്ങള്‍ കാര്‍ഡിഫ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഉസാമ ഖാദിരി പുറത്തുവിട്ടിരുന്നു. ഒന്ന് മഡഗാസ്‌കറിനടുത്തും രണ്ടാമത്തേത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കേ ഭാഗത്തുമാണ്.

2014 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12.14നാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന് എംഎച്ച് 370യുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. മലാക്ക കടലിടുക്കില്‍ വെച്ചായിരുന്നു ഇത്. ശുഭരാത്രി മലേഷ്യന്‍ ത്രീ സെവന്‍ സീറോ എന്നതായിരുന്നു വിമാനത്തില്‍ നിന്നും ലഭിച്ച അവസാന സന്ദേശം. ഇത് പൈലറ്റാണോ സഹ പൈലറ്റാണോ പറഞ്ഞതെന്ന് വ്യക്തമല്ല. ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടും വിമാനം ഏഴ് മണിക്കൂറോളം പറന്ന് ഇന്ധനം തീര്‍ന്ന ശേഷമാണ് കടലില്‍ പതിച്ചതെന്നാണ് നിഗമനം. ഇതാണ് തിരച്ചില്‍ വളരെയേറെ ദുഷ്‌കരമാക്കിയത്.

Advertisment