Advertisment

സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നത്‌; സഖ്യത്തെ ആര് നയിച്ചാലും പ്രശ്നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും; സമരത്തില്‍ മുന്‍പന്തിയിലുണ്ടാകും- മമത

New Update

publive-image

Advertisment

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബുധനാഴ്ച ന്യൂഡല്‍ഹിയിലെ 10 ജന്‍പതില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു. സഖ്യത്തെ ആരുനയിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് മമത ബാനര്‍ജി. സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിച്ചെന്നും കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാമെന്ന് വ്യക്തമാക്കിയെന്നുമാണ് വിവരം.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തോല്‍പിക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ദീര്‍ഘകാല പദ്ധതികള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ്മ എന്നിവരെ മമത ബാനര്‍ജി കണ്ടിരുന്നു.

വിശാല സഖ്യത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെയും നിലപാടറിയും. ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും. ദേശീയ തലത്തിലെ സഖ്യനീക്കങ്ങളില്‍ തൃണമൂല്‍ എംപിമാരുടെ അഭിപ്രായവും മമത ആരായും. അതേ സമയം പെഗാസെസടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നെന്നത് ശ്രദ്ധേയമായി.

മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള മമതയുടെ ആദ്യ ന്യൂഡല്‍ഹി സന്ദര്‍ശനമാണിത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

sonia gandhi mamata banerje
Advertisment