മമത പ്രധാനമന്ത്രി സ്ഥാനാർഥി ? ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം മമത ബാനർജി ഡൽഹിക്ക് മാറുമെന്ന് ഒമർ അബ്ദുല്ല

ജെ സി ജോസഫ്
Friday, July 27, 2018

കൊൽക്കത്ത∙ ബംഗാള്‍ മുഖ്യമന്ത്രി മമത പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന സൂചനയുമായി നാഷനൽ കോൺഫറൻസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം മമത ബാനർജി ഡൽഹിയിലേക്കു മാറുമെന്നും ഒമർ പറഞ്ഞു. എന്നാൽ മമത പ്രധാനമന്ത്രി സ്ഥാനാർഥിയാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമത പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന സൂചനകൾക്കിടെയാണ് അദ്ദേഹത്തിന്റെ മറുപടി.

മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച ശേഷമായിരുന്നു ഒമറിന്റെ പ്രതികരണം . 2019ൽ ബിജെപിയെ തോൽപ്പിക്കാൻ ഒരേമനസ്സുള്ള പാർട്ടികളെല്ലാം ഒന്നിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും പ്രതികരിച്ചു.

മമത ബാനർജിയെ ദേശീയ തലസ്ഥാനത്ത് എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്ന് ഒമർ വ്യക്തമാക്കി. ബംഗാളിൽ അവർ ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിനുവേണ്ടി ചെയ്യാനാകും. തൃണമൂൽ കോൺഗ്രസുമായി അഭിപ്രായവ്യത്യാസമൊന്നുമില്ല. ബിജെപിക്കെതിരായ നിലപാടു സ്വീകരിക്കുന്ന ആർക്കും പ്രതിപക്ഷത്തിന്റെ സഖ്യത്തിലേക്ക് എത്താമെന്നും അദ്ദേഹം പറഞ്ഞു.

×