Advertisment

ഐസലേഷൻ സെന്ററിൽ നിന്നു ചാടിപ്പോയ തമിഴ്നാട് സ്വദേശിയെ കനാലിൽ നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടി

New Update

കൊല്ലം : ഐസലേഷൻ സെന്ററിൽ നിന്നു ചാടിപ്പോയ തമിഴ്നാട് സ്വദേശിയെ കനാലിൽ നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടി. നാട്ടുകാരും പൊലീസും ആരോഗ്യ പ്രവർത്തകരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കനാലിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.

Advertisment

publive-image

ടൗണിലെ ജനതാ ജംക്‌ഷൻ എംവിഎം ആശുപത്രിയിലെ ഐസലേഷനിൽ കഴിഞ്ഞ തിരുനെൽവേലി സ്വദേശിയാണ് ആരോഗ്യപ്രവർത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. രാവിലെ ആരോഗ്യ പ്രവർത്തകർ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കുമെടുത്ത് കടക്കുകയായിരുന്നു.

പിന്നീട് വാഴപ്പാറയിലെ നീർപ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്കു മറഞ്ഞു. പിന്നാലെയെത്തിയ പൊലീസും നാട്ടുകാരും കാട് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കെഐപി പ്രധാന കനാലിലൂടെ ഒരാൾ നീന്തുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാരൻ പൊലീസിൽ അറിയിക്കുകയായിരുന്നു.

വാഴപ്പാറയിൽ നിന്നു നീന്തി പത്തനംതിട്ട കലഞ്ഞൂർ പാലമലയിലെ ഭാര്യാവീട്ടിലെത്തി രക്ഷപ്പെടാനായിരുന്നു ശ്രമം. പനി ബാധിച്ചിരുന്നതിനാൽ ആളുകൾക്ക് ഇയാളെ പിടികൂടാൻ ഭയമായിരുന്നു. ആകെ വലഞ്ഞ പൊലീസും നാട്ടുകാരും 108 ആംബുലൻസ് വരുത്തി പാടുപെട്ടാണ് വീണ്ടും ഐസലേഷൻ സെന്ററിലെത്തിച്ചത്.

ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമാണു ഇയാൾ കേരളത്തിലെത്തിയത്. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ 30ന് പനി ബാധിച്ച് എത്തിയ ഇദ്ദേഹത്തെ, തമിഴ്നാട്ടിൽ നിന്നു ബൈക്കിലും മറ്റുമാണ് കേരളത്തിലേക്ക് എത്തിയതെന്ന് അറിഞ്ഞതിനെത്തുടർന്നാണ് ഐസലേഷൻ സെന്ററിലേക്ക് മാറ്റിയത്.

Advertisment