Advertisment

കർഷകർക്കൊരു കൈത്താങ്ങായി എര്‍ത്ത് ബില്‍ഡേഴ്സ് റീബിൽഡ് കേരള 2021 : ഉദ്ഘാടനം നവംമ്പർ 26 ന് ഇടുക്കിയിലെ ഇടിഞ്ഞമലയിൽ

author-image
ലിനോ ജോണ്‍ പാക്കില്‍
Updated On
New Update

ഇടുക്കി : ഇടുക്കിയിലെ കര്‍ഷകര്‍ക്കായി മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (മാസ്) എര്‍ത്ത് ബില്‍ഡേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ റീബില്‍ഡ് കേരള 2021 അടുത്ത തിങ്കളാഴ്ച (നവംബര്‍ 26) ആരംഭിക്കും. സുഗന്ധവിളകളുടെ ജൈവരീതിയില്‍ തയ്യാറാക്കിയ രണ്ടു ലക്ഷം തൈകള്‍ നട്ടുകൊണ്ട് നിര്‍വഹിക്കുന്ന ഉദ്ഘാടനയോഗങ്ങളില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നതാണ്.

Advertisment

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൂറ് മാതൃകാ ജൈവകര്‍ഷക പ്രതിനിധികളും കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളും സംയുക്തമായാണ് ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്നത്. മാസിന്‍റെ മാതൃകാ തോട്ടത്തിലും കര്‍ഷകരുടെ കൃഷിയിടങ്ങളിലുമായാണ് തൈകളുടെ നടീല്‍ ക്രമീകരിച്ചിരിക്കുന്നത്.

publive-image

നവംബര്‍ തുടക്കം മുതല്‍ റീബില്‍ഡ് കേരള പരിപാടിയുടെ സന്ദേശം ഇടുക്കി ജില്ലയിലെമ്പാടുമെത്തിക്കുന്നതിനായി വ്യത്യസ്തമായ പ്രചാരണ പരിപാടികള്‍ക്കാണ് എര്‍ത്ത് ബില്‍ഡേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ മാസ് രൂപം കൊടുത്തിരുന്നത്. ഇതിന്‍റെ ഭാഗമായി ജില്ലയില്‍ എല്ലാ പ്രധാന കേന്ദ്രങ്ങളിലുമെത്തുന്നതു പോലെ അഞ്ച് റോഡ് ഷോകള്‍ നടത്തുകയുണ്ടായി.

ജനപിന്തുണ കൊണ്ടും സന്ദേശപ്രചാരണം കൊണ്ടും റോഡ്ഷോകള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. വണ്ടിപ്പെരിയാറില്‍ നിന്നാരംഭിച്ച റോഡ് ഷോ ഇ. എസ്. ബിജിമോള്‍ എംഎല്‍എയും തൊടുപുഴയില്‍ നിന്നാരംഭിച്ച റോഡ് ഷോ പി. ജെ. ജോസഫ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു. കട്ടപ്പന റോഡ് ഷോയുടെ ഉദ്ഘാടനം ജോയിസ് ജോര്‍ജ് എംപിയും അടിമാലി റോഡ് ഷോയുടെ ഉദ്ഘാടനം മുന്‍ എംഎല്‍എ കെ. കെ. ജയചന്ദ്രനും മൂന്നാര്‍ റോഡ് ഷോയുടെ ഉദ്ഘാടനം എസ്. രാജേന്ദ്രന്‍ എംഎല്‍എയും നിര്‍വഹിക്കുകയുണ്ടായി.

ഓരോ റോഡ്ഷോയിലും ജൈവകൃഷിയുടെയും പ്രളയ പുനര്‍നിര്‍മാണത്തിന്‍റെയും സന്ദേശം ജനങ്ങളിലെത്തിക്കുന്ന സ്കിറ്റുകളും ആശയപ്രചാരണ ലഘുലേഖകളുടെ വിതരണവും പ്രസംഗങ്ങളുമുണ്ടായിരുന്നു. ഓരോ കേന്ദ്രത്തിലും ഏറെ കാണികളെ ആകര്‍ഷിക്കാന്‍ ഇത്തരം റോഡ് ഷോകള്‍ക്കു സാധിച്ചു. റീബില്‍ഡ് കേരളയുടെ സന്ദേശം പുതുതലമുറയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ കുട്ടികള്‍ക്കായി ചിത്രരചനയിലും കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫോട്ടോഗ്രഫിയിലും മത്സരങ്ങള്‍ നടത്തുകയുണ്ടായി.

publive-image

'നിങ്ങളുടെ സ്വപ്നത്തിലെ ഇടുക്കി 2021' എന്നതായിരുന്നു ചിത്രരചനയുടെ വിഷയം. 'ശാന്തസുന്ദരമായ ഇടുക്കി' എന്നത് ഫോട്ടോഗ്രഫി മത്സരത്തിന്‍റെ വിഷയവും. പുതുതലമുറയില്‍ ജൈവകൃഷിയോടും കാര്‍ഷികമേഖലയോടും ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ മത്സരങ്ങള്‍ സഹായകമായിട്ടുണ്ട്. സമ്മാനാര്‍ഹരായവരെ ഉദ്ഘാടന യോഗത്തില്‍ ആദരിക്കുന്നതാണ്.

തനിമയുള്ള സുസ്ഥിര വികസന മാതൃക എന്ന നിലയിലാണ് എര്‍ത്ത് ബില്‍ഡേഴ്സ് റീബില്‍ഡ് കേരള 2021 എന്ന പദ്ധതിയെ മാസ് വിഭാവനം ചെയ്തിരിക്കുന്നത്. ജൈവകൃഷിയിലൂടെ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങളും ജീവനോപാധികളും പുനര്‍നിര്‍മിക്കുന്നതിനു വേണ്ട പിന്തുണ നല്‍കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. കട്ടപ്പനയ്ക്കു സമീപം ഇടിഞ്ഞമലയിലെ മാസിന്‍റെ മാതൃകാ തോട്ടമാണ് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലുള്ള ഉദ്ഘാടനത്തിനു വേദിയാകുന്നത്.

തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ് സ്വന്തം പോളിഹൗസില്‍ നേരിട്ടു ജൈവരീതിയില്‍ ഉത്പാദിപ്പിച്ച നടീല്‍ വസ്തുക്കള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതും അതിലൂടെ പുതിയൊരു കാര്‍ഷിക പരിഷ്കരണ മുന്നേറ്റത്തിനു തുടക്കം കുറിക്കുന്നതുമാണ്. ഈ പദ്ധതിയുടെ കേന്ദ്രസ്ഥാനത്തു വരുന്നത് ജൈവവൈവിധ്യത്തിന്‍റെ നിസ്തുല കേദാരമെന്നു വിളിക്കപ്പെടുന്ന പശ്ചിമഘട്ടമായിരിക്കും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്തയിടെയുണ്ടായ പ്രളയത്തില്‍ കൃഷിയും ജീവനോപാധികളും നഷ്ടമായ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വീണ്ടെടുപ്പിനുള്ള അവസരവും ഇതിലൂടെ ലഭ്യമാകുന്നതാണ്.

വിവിധ സന്നദ്ധ സംഘടനകള്‍ കൂടി ഭാഗഭാക്കാക്കുന്ന എര്‍ത്ത് ബില്‍ഡേഴ്സ് റീബില്‍ഡ് കേരളയില്‍ ഇടുക്കി ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി ഒരു ലക്ഷം കര്‍ഷക കുടുംബങ്ങളില്‍ ജൈവകൃഷിയിലൂടെയുള്ള പുനര്‍നിര്‍മാണത്തിന്‍റെ സന്ദേശമെത്തിക്കുന്നതാണ്. എര്‍ത്ത് ബില്‍ഡേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയില്‍ നടപ്പാക്കിയ സാമ്പിള്‍ സര്‍വേ പ്രകാരം ജില്ലയിലാകെ പ്രളയത്തിന്‍റെ ഫലമായി നാനൂറു കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

2021-ല്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ മൂന്നു വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ ജൈവകൃഷിക്കു പുറമെ പാരിസ്ഥിതിക സൗഹൃദ ടൂറിസം, ജൈവവിപണനം തുടങ്ങിയ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇങ്ങനെ ബഹുമുഖരീതികളിലൂടെ കാര്‍ഷിക നഷ്ടം പരിഹരിക്കുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.

publive-image

എര്‍ത്ത് ബില്‍ഡേഴ്സ് റീബില്‍ഡ്  കേരള 2021 പ്രവര്‍ത്തന മേഖലകള്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പാര്‍ട്ടിസിപ്പേറ്ററി ഗാരന്‍റി സിസ്റ്റം (പിജിഎസ്) രീതിയില്‍ ജൈവസാക്ഷ്യപത്രം  കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിവരങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും കര്‍ഷകരിലെത്തിക്കാന്‍ വനിതകളുടെ സംരംഭകത്വശേഷിയില്‍ നൂറ് ഇ-സേവ കേന്ദ്രങ്ങള്‍ ജൈവസാക്ഷ്യപത്രം നേടിയ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഒണ്‍ലി ഓര്‍ഗാനിക് എന്ന ബ്രാന്‍ഡ് നാമത്തിലൂടെ വിപണന സൗകര്യം ഇടുക്കി ജില്ലയിലെ വിവിധ കര്‍ഷകരുടെ ജൈവകൃഷിയിടങ്ങളില്‍ വിദേശ-ആഭ്യന്തര സഞ്ചാരികളുടെ സന്ദര്‍ശനത്തിനും താമസത്തിനും സൗകര്യമൊരുക്കുന്ന വിധത്തില്‍ എര്‍ത്ത് ബില്‍ഡര്‍ പദ്ധതിയിലൂടെ സുസ്ഥിര ടൂറിസം വികസനം രാജ്യാന്തര തലത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ നീതീപൂര്‍വമായ വിപണനത്തിന്‍റെ ഏജന്‍സിയായി മാറിയിരിക്കുന്ന ഫെയര്‍ട്രേഡ് അഥവാ ന്യായവിപണന പ്രസ്ഥാനത്തിന്‍റെ മാതൃകയില്‍ ആഭ്യന്തര വിപണിയിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനു സൗകര്യം. ചെറുകിട, ഇടത്തരം, നാമമാത്ര കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച കമ്പോള വില ഉറപ്പാക്കുന്നതിന് ഇതുവഴി സാധിക്കുന്നു.

മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (മാസ്)

രാജ്യാന്തര തലത്തില്‍ അംഗീകാരവും വിശ്വാസ്യതയും കൈവരിച്ചതും ഫെയര്‍ട്രേഡ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതുമായ കര്‍ഷകരുടെ സഹകരണ പ്രസ്ഥാനമാണ് മാസ്. ഫെയര്‍ട്രേഡ് തുടങ്ങിയ രാജ്യാന്തര പ്രസ്ഥാനങ്ങളില്‍ മികവു തെളിയിക്കാന്‍ മാസിനു സാധിച്ചിരിക്കുന്നു. ആഗോളതലത്തില്‍ 'മികച്ച ഫെയര്‍ട്രേഡ് ഫാന്‍ അവാര്‍ഡ്' കരസ്ഥമാക്കുകയും പ്രശസ്തമായ ഫെയര്‍ട്രേഡ് ഇന്‍റര്‍നാഷണലിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിജുമോന്‍ കുര്യനാണ് മാസിന്‍റെ പ്രസിഡന്‍റ്. ഫെയര്‍ട്രേഡ് അഥവാ ന്യായവിപണനത്തിന്‍റെ ആഗോള മാതൃകയാണ് ആഭ്യന്തര വിപണിയിലും മാസ് പരിചയപ്പെടുത്താനൊരുങ്ങുന്നത്.

ഇടത്തരം-ചെറുകിട-നാമമാത്ര കര്‍ഷകര്‍, ഗിരിവര്‍ഗ കര്‍ഷകര്‍, വനിതാ കര്‍ഷകര്‍ തുടങ്ങിയ അവഗണിത കര്‍ഷക വിഭാഗങ്ങളുടെ ഉല്‍പ്പന്നങ്ങളെയാണ് ഫെയര്‍ട്രേഡ് സംരക്ഷണത്തിലേക്ക് മാസ് എത്തിക്കുന്നത്. ഇക്കൂട്ടരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച കമ്പോള വില ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളിലും മാസ് ഏര്‍പ്പെട്ടിരിക്കുന്നു. ഈ സംഘടനയിലെ അംഗ കര്‍ഷകര്‍ക്ക് ദേശീയ, അന്തര്‍ദേശീയ മാനദണ്ഡങ്ങളനുസരിച്ച് ജൈവ സാക്ഷ്യപത്രം, ഫെയര്‍ട്രേഡ് സാക്ഷ്യപത്രം തുടങ്ങിയവ മാസിലൂടെ ലഭ്യമാക്കുന്നു.

മാസിന്‍റെ അയ്യായിരത്തിലധികം അംഗങ്ങളൊക്കെയും ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ള ചെറുകിട കര്‍ഷകരും ആദിവാസി കര്‍ഷകരുമാണ്. പാരിസ്ഥിതിക സൗഹൃദ പങ്കാളിത്ത ടൂറിസം ഇടുക്കി ജില്ലയില്‍ നടപ്പാക്കുക, ജൈവ ഇടുക്കി പദ്ധതി സാക്ഷാത്കരിക്കുക, ജൈവകൃഷിയിലേക്കു തിരിയുന്ന കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ മികച്ച വിലയ്ക്ക് തിരികെ വാങ്ങുക, ജൈവസാക്ഷ്യപത്രമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ബന്ധം ഉറപ്പാക്കുക, ഇ-സേവ കേന്ദ്രങ്ങളിലൂടെ വനിതകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് മാസ് അടുത്തതായി ലക്ഷ്യമിടുന്നത്.

Advertisment