Advertisment

ഏകലോക മാനവദർശനം " . ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി,ബ്രഹ്മശ്രീ ധർമ്മചൈതന്യസ്വാമി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ് :ഗുരുദേവൻ ലോകത്തിനു നൽകിയ ഒരു വലിയ ദര്ശനമാണ് വിശ്വ മാനവികതയിൽ നിന്നുകൊണ്ട് ലോകത്തിനു വെളിച്ചം വീശുന്ന "ഏകലോക മാനവദർശനം " . ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടണമെങ്കിൽ ഗുരുവിന്റെ ഈ ദർശനം അറിഞ്ഞു അത് സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയണം .ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ മെയ് 24 ഞായറാഴ്ച നടന്ന സത്സംഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ.

Advertisment

publive-image

ശ്രീ.മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്‌സംഗത്തിൽ , ശ്രീ . ജോലാൽ കരുണാകരൻ സ്വാഗതം ആശംസിച്ചു . തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുസ്മരണയോടുകൂടി പ്രാർഥനകൾക്കു തുടക്കം കുറിച്ചു . ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികൾ സത്‌സംഗത്തിന്റെ സമ്പൂർണ്ണതയുടെ ഘടകങ്ങൾ , മനുഷ്യത്വം , മുമുക്ഷത്വം , മഹാപുരുഷ സംശ്രയം എന്നിവയാണെന്നു ഓർമിപ്പിച്ചു . ഗുരുദേവന്റെ കൃതികൾ പാരായണം ചെയ്യപ്പെടുകയും , അതിനെ പഠനവിധേയമാക്കുകയും ചെയ്യുന്ന ഈ സത്സംഗം അതിന്റെ പൂർണാനുഭവത്തിൽ എത്താൻ യോഗ്യമെന്ന് അഭിപ്രായപ്പെട്ടു .

തുടർന്ന് , ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികളുടെ പ്രൗഢഗംഭീരമായ. ഗുരു ഏതെങ്കിലും ഒരു ദർശനത്തെ പിന്തുടരുക ആയിരുന്നില്ല . തന്റെ ആത്മതപസ്സിൽ നേടിയ സത്യസാക്ഷാത്കാരം ,ഒരു ഉറവപൊട്ടി ഒഴുകുന്നതുപോലെ ബഹിർസ്ഫുരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ, ആ ദർശനം മൗലികമാണ് . ഈ ഏകത്വദർശനം ഗുരുവിൽ ഒരു പൂവിരിയുന്നതു പോലെ സ്വാഭാവികമായി നിറഞ്ഞു നിന്നിരുന്നു . ആ സ്വാനുഭൂതിയിൽ നിന്നുകൊണ്ടാണ് ഗുരു തന്റെ ദർശനം അവതരിപ്പിച്ചത് .

ഒരു ദാർശനികൻ എന്ന നിലയിലുള്ള ഗുരുവിന്റെ സംഭാവനകൾ എന്താണെന്നു ചിന്തിക്കുമ്പോൾ , അല്ലെങ്കിൽ ഭാരതീയ അദ്ധ്യാത്മ ചരിത്രത്തിൽ ഗുരുവിന്റെ സ്ഥാനം എവിടെ എന്ന് നോക്കുമ്പോൾ ഗുരുദേവകൃതികളിലേക്കു ആഴത്തിൽ ഇറങ്ങിച്ചെല്ലുക എന്നത് മാത്രമാണ് അഭികാമ്യം .

ഗുരുദേവൻ എഴുതിയ വളരെ പ്രസിദ്ധമായ മന്ത്രമാണ് "ഹോമമന്ത്രം"

ഗുരുദേവൻ ഈ മന്ത്രം എഴുതാൻ ഇടയായ സാഹചര്യം വിവരിച്ച സ്വാമിജി ,ഭാരതത്തിലെ ഋഷിശ്വരന്മാർക്കു ഇറങ്ങി ചെല്ലാൻ കഴിയാത്ത സത്യസാക്ഷാത്കാരത്തിന്റെ ആഴത്തിലും , സൂക്ഷ്മതയിലും ഗുരുദേവൻ എത്തിയിരുന്നു എന്ന് ഓർമിപ്പിച്ചു . ഒരു മഹാ ഋഷിക്ക് മാത്രമേ ഇത്തരത്തിൽ മന്ത്രദൃഷ്ടാവ് ആകുവാൻ സാധിക്കുകയുളൂ . അഗ്നിയെ പ്രത്യക്ഷ ബ്രഹ്മമായി കണ്ട് അതിൽ വിഷയസുഖങ്ങളിലേക്കു ബലമായി വലിച്ചുകൊണ്ടുപോകുന്ന ഏഴു ഇന്ദ്രിയങ്ങളെയും , ഞാൻ എന്ന അഹംകാരത്തെയും ഹോമിച്ചു , തങ്ങൾക്കു ശ്രേയസിനും , പ്രേയസിനും വഴി കാണിക്കണമേ എന്ന് പ്രാർത്ഥിക്കുന്ന മന്ത്രം . ഇങ്ങനെയുള്ള ഗുരുദേവൻ ഇരുപതാം നൂറ്റാണ്ടിലെ ഭാരതീയ ഋഷിത്വത്തിന്റെ പൂർണ്ണത ആണ് .

ഗുരുദേവന്റെ മറ്റൊരു കൃതിയായ "വേദാന്ത സൂത്രം " ,സൂത്രഭാഷയിൽ ഉപനിഷത് സത്യത്തെ മുൻനിർത്തി രചിക്കപ്പെട്ടിട്ടുള്ള അമൂല്യമായ ഒരു വേദാന്ത കൃതിയാണ് . ഭാരതത്തിന്റെ പൂർവ്വസൂരികളായ ഋഷിമാർ സൂത്രഭാഷയിൽ ആണ് ഭാരതീയ ദര്ശനങ്ങൾ രചിച്ചിട്ടുള്ളത് . കപിലഋഷി യുടെ സാംഖ്യാ സൂത്രവും പതഞ്‌ജലി മഹർഷിയുടെ യോഗസൂത്രവും ഉദാഹരണങ്ങളായി സ്വാമിജി വിവരിച്ചു . എന്നാൽ വേദാന്തത്തിൽ 2500 വര്ഷങ്ങള്ക്കു മുമ്പ് ബാദരായണമഹർഷി രചിച്ച ബ്രഹ്മസൂത്രം കഴിഞ്ഞാൽ സൂത്രഭാഷയിൽ ബ്രഹ്മവിദ്യ അധികരിച്ചു കൃതി രചിച്ചത് ഗുരുദേവൻ മാത്രമാണ് . ആ മഹാഗുരുവിന്റെ സ്ഥാനം ഈശ്വര തുല്യരായ മഹാഋഷിമാർക്ക് കൂടെയാണ് . ഗുരുദേവൻ കേരളത്തിലെ ഒരു കോണിൽ ജനിച്ച ആത്മീയ ഗുരുവല്ല , മറിച്ചു ഭാരതീയ ദർശനങ്ങളുടെ ഉത്തുംഗത്തിൽ എത്തിനിൽക്കുന്ന ഒരു മഹാ ഋഷിവര്യനാണ് .

ഗുരുദേവന്റെ മറ്റൊരു കൃതിയായ "ദർശനമാല " അദ്വൈത ദർശനത്തെ പത്തു വീക്ഷണ കോണിൽ കൂടി നോക്കിക്കാണുന്ന ഒരു കൃതിയാണ് . ഇതിലെ "ഭാനദർശനം " ഗുരുദേവന്റെ മൗലികമായ സംഭാവനയാണ് . അദ്വൈത ദർശനത്തെ അറിയാൻ ആഗ്രഹിക്കുന്ന ഒരു മുമുക്ഷുവിന് ഗുരുദേവ രചയിതമായ ഈ കൃതി അക്ഷയനിധിയാണ് .

രാജവിദ്യ ആയ ബ്രഹ്മവിദ്യയെ അഞ്ചു ശ്ലോകങ്ങളിയായി പൂർത്തി ചെയ്ത ഗുരുദേവ കൃതിയാണ് "ബ്രഹ്മവിദ്യാ പഞ്ചകം". ഒരു ഹിമബിന്ദുവിൽ ഈ പ്രപഞ്ചം മുഴുവൻ പ്രതിഫലിക്കുന്നത് പോലെ ബ്രഹ്മവിദ്യയെ അതിന്റെ പൂർണ്ണത്വത്തിൽ കളങ്കലേശമന്യേ അവതരിപ്പിച്ചിരിക്കുകയാണ് ഗുരുദേവൻ .

ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്രീയത ഉൾക്കൊണ്ടുകൊണ്ട് ഒരു ശാസ്ത്രകാരൻ എങ്ങനെ ഒരു പരീക്ഷണത്തിലൂടെ തന്റെ ഉത്തരം കണ്ടെത്തുന്നുവോ , അതുപോലെ ആത്മാവ് എന്തെന്ന് ഗുരുദേവൻ "ആത്മോപദേശ ശതകം " എന്ന അതിഗംഭീരകൃതിയിൽ വിവരിക്കുന്നു .

"ഇരുളിലിരിപ്പവനാര് ?ചൊല്ക നീയെ-

ന്നൊരുവനുരപ്പതു കേട്ടു താനുമേവം

അറിവതിനായവനോട് നീയുമാരെ

ന്നരുളുമിതിൻ പ്രതിവാക്യമേകമാകും ."

ഈ ചോദ്യത്തിന് ഇരുവരുടെയും ഉത്തരം "ഞാൻ "ആണ് എന്നതാണ് .

ഈ അഹം അഹം എന്ന് അരുളുന്നത് ഒക്കെ ആരാഞ്ഞു നോക്കിയാൽ അത് പലതല്ല എന്ന് അറിഞ്ഞിടും എന്ന് അരുളിച്ചെയ്ത ഗുരുദേവൻ, ആത്മാവിനെ പൂർണ്ണമായി നിർവ്വചിച്ചു .

"ഇരുളിലിരുന്നറിയുന്നതാകുമാത്മ "

ഇന്ദ്രിയങ്ങളുടെയോ , മനസ്സിന്റെയൊ , ബുദ്ധിയുടെയോ , ഉപയോഗമില്ലാത്ത ഇരുപ്പു മാത്രമായി , അസ്തിത്വമായി , ഉണ്മയായി , ഞാൻ എന്ന കേവല അനുഭവമായി , ചിത്സ്വരൂപമായി അറിയുന്ന ,ആ അഹം സ്പൂര്ത്തി . അതാണ് ആത്മ . ഇതിൽ കൂടുതൽ വ്യക്തമായി ഒരു ഋഷി എങ്ങനെ ആത്മാവിനെ നിർവചിക്കും .

അദ്വയമായ സത്യസാക്ഷാത്കാരം നേടിയ ഗുരുദേവൻ അത് തന്റെ അനുഭവത്തിലും കൃതികളിലും മാത്രമായി നിർത്തുക ആയിരുന്നില്ല . പരമകൃപയാൽ ലോകത്തേക്ക് ഇറങ്ങിവന്നു ധർമ്മ സംസ്ഥാപനം നടത്തിയ അവതാരപുരുഷനായി മാറി . തന്നിൽനിന്ന് അന്യമായി ഒന്നും ഇല്ല എന്ന് അറിഞ്ഞനുഭവിച്ചു സഹജീവികളോട് അരുളും , അൻപും , അനുകമ്പയും നിറച്ചു ജീവിതത്തിനു പൂർണ്ണത എവിടെയാണ് എന്ന് കാണിച്ചു തന്നു . മനുഷ്യരോട് മാത്രമല്ല സർവ്വ ഭൂതങ്ങളും തന്നിൽ ദർശിക്കുന്നതായിരുന്നു ഗുരുദേവന്റെ "ഏകലോക ദർശനം ". ഈ ലോകജീവിതം സാർത്ഥകമാകാൻ ഗുരുദേവൻ എന്ന മഹാഋഷി ലോകത്തിനു നൽകിയ ഏകലോക ദർശനം ,പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും ഈ സത്സംഗം ഉപകാരപ്പെടട്ടെ എന്ന് സ്വാമിജി ആശംസിച്ചു .

പിന്നീട് ,സത്‌സംഗത്തിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചത് , മുംബൈ ശ്രീനാരായണ മന്ദിരം സമിതിയുടെ ചെയർമാനും , ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഇന്റർനാഷണൽ കമ്മറ്റി ചെയർമാനുമായ ശ്രീ .എം.ഐ ദാമോദരൻ സാർ ആയിരുന്നു. ഗുരുദേവ സന്ദേശങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തേണ്ടതിന്റെ കാലിക പ്രസക്തി എടുത്തു പറഞ്ഞ അദ്ദേഹം , . ഗുരുദേവൻ താൻ കണ്ടെത്തിയ സത്യം ലോകജീവിതത്തിൽ പകർത്തിയ ഗുരുവാണ് എന്ന് പറയുകയുണ്ടായി. . ഭേദചിന്തയും , രാഗദ്വേഷവുമില്ലാതെ , അപരന്റെ സുഖം തന്റെ സുഖം എന്നറിഞ്ഞു കൊണ്ട് ഈ കോവിഡ് കാലത്ത് ഗൾഫ് മേഖലയിൽ നിസ്വാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുധർമ പ്രചാരണ സഭയുടെ പ്രവർത്തനങ്ങളെ സ്ലാഘിക്കുകയുണ്ടായി . അദ്ദേഹത്തിന്റെ വാക്കുകൾ ഗുരുദേവധർമ്മം പുലരുന്നതിന്റെ ദൃഷ്ടാന്തം ആയിരുന്നു .

ഫിലാഡൽഫിയയിൽ നിന്നും ശ്രീമതി ലക്ഷ്മി ശ്രീധരനും സത്‌സംഗത്തിനു ആശംസകൾ അർപ്പിച്ചു .ഗുജറാത്തിൽ നിന്നുമുള്ള അമ്പിളി ഗോപകുമാർ ഇന്ദ്രിയവൈരാഗ്യം അതിമനോഹരമായി ആലപിച്ചു . ഡാളസിൽ നിന്നുള്ള ശ്രീമതി ഇന്ദിരാമ്മ രചിച്ച കൃതി ,അർത്ഥവത്തായി ആലാപനം ചെയ്തു .ശ്രീമതി മിനി അനിരുദ്ധൻ സത്‌സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്‌സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം.അടുത്ത ആഴ്ച, മെയ് 31 ഞായറാഴ്ച , ശ്രീമദ് സത്യാനന്ദതീർത്ഥർ സ്വാമികൾ നമ്മോട് സംവദിക്കുവാനെത്തുന്നു .

MANAVADARSHANAM5
Advertisment