Advertisment

മാണി സി കാപ്പന് ഇടതു മുന്നണി വാഗ്ദാനം ചെയ്തത് സുരക്ഷിത മണ്ഡലവും രാജ്യസഭയും ! പാലാ സീറ്റില്‍ ഉറച്ചുനിന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതോടെ മുന്നണി ബന്ധം വഷളായി. ഇനി കാപ്പനും എല്‍ഡിഎഫും രണ്ട് വഴിയേ നീങ്ങിയേക്കും !

New Update

publive-image

Advertisment

പാലാ: മാണി സി കാപ്പന്‍ എംഎല്‍എ മുന്നണി വിടുമെന്ന് ഇടതുമുന്നണി നേതൃത്വം നേരത്തേ തിരിച്ചറിഞ്ഞിരുന്നതായി വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് - എം ഇടതുമുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍തന്നെ കാപ്പന്‍ മുന്നണി മാറാന്‍ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കാപ്പന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയ കാര്യം പുറത്തുവിട്ടത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനായിരുന്നു. ഇതോടെയാണ് മാണി സി കാപ്പനെ ഇനി വിശ്വാസത്തിലെടുക്കേണ്ടതില്ലെന്ന് ഇടതുപക്ഷം തീരുമാനിച്ചത്.

എന്നാല്‍ അതിനുശേഷവും കാപ്പന് മത്സരിക്കാന്‍ സുരക്ഷിത മണ്ഡലങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം സിപിഎം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ പാലാ മതി എന്ന മറുപടിയാണ് കാപ്പന്‍ നല്‍കിയത്.

53 വര്‍ഷക്കാലം കെഎം മാണി പ്രതിനിധീകരിച്ച പാലാ മണ്ഡലം കേരള കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുക്കാനാകില്ലെന്നും എന്നാല്‍ കാപ്പനെ സംരക്ഷിക്കുമെന്നും സിപിഎം കാപ്പന് ഉറപ്പു നല്‍കിയിരുന്നു.

രാജ്യസഭാ പ്രാതിനിധ്യം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തെങ്കിലും കാപ്പന്‍ വഴങ്ങാതെ വന്നതോടെയാണ് കാപ്പനെ ഇനി വിശ്വാസത്തിലെടുക്കേണ്ടതില്ലെന്ന നിഗമനത്തിലേയ്ക്ക് ഇടതുപക്ഷം എത്തിയത്.

പാലായില്‍ 25 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പാര്‍ട്ടി എന്ന നിലയിലാണ് നഗരസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ അമിത അവകാശവാദങ്ങള്‍ തള്ളിക്കളയാന്‍ മുന്നണി തീരുമാനിച്ചത്. എങ്കിലും നഗരസഭയില്‍ ഒരു സീറ്റ് എന്‍സിപിക്ക് അനുവദിച്ചിരുന്നു.

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പേ ജയിച്ചാല്‍ എന്‍സിപി അംഗം തങ്ങളുടെ പ്രതിനിധി ആയിരിക്കും എന്ന് യുഡിഎഫ് പ്രചരിപ്പിക്കുകയായിരുന്നു. മാത്രമല്ല, പ്രചരണ രംഗത്തും കാപ്പന്‍ സജീവമല്ലായിരുന്നു.

പകരം കാപ്പന്‍ കേന്ദ്രങ്ങള്‍ യുഡിഎഫ് പക്ഷത്ത് സജീവമായി രംഗത്തുണ്ടായിരുന്നു. കാപ്പന്‍റെ സഹോദരന്‍ ജോര്‍ജ് സി കാപ്പന്‍ നയിക്കുന്ന കിഴതടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ പോലും യുഡിഎഫ് ക്യാമ്പില്‍ സജീവമായിരുന്നു.

എന്തായാലും പുതിയ സാഹചര്യത്തില്‍ പാലായില്‍ കാപ്പനും കേരള കോണ്‍ഗ്രസ് - എമ്മും വിപരീത രാഷ്ട്രീയത്തിന്‍റെ ഭാഗമായി മാറുകയാണ്. പാലാ വികസനം ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. മാണി സി കാപ്പനെ രംഗത്തിറക്കി അടുത്ത തവണ പാലായില്‍ ജോസ് കെ മാണിയെ തളയ്ക്കാനാണ് യുഡിഎഫ് നീക്കം.

 

 

pala news mani c kappan
Advertisment