Advertisment

നാട്ടുകാരോട് പറഞ്ഞ വാക്കു പാലിക്കാതെ മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാക്കളുടെ തിണ്ണ നിരങ്ങുന്നത് പാലാ വികസനം അട്ടിമറിച്ചെന്ന് വന്‍ വിമര്‍ശനം. ഒന്നര വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ പക്ഷത്തു നില്‍ക്കുന്ന എംഎല്‍എ വരുന്നത് വികസനത്തിന് ഗുണം ചെയ്യുമെന്ന പാലാക്കാരുടെ വിധിയെഴുത്തും അസ്ഥാനത്തായി ! കാപ്പന്‍റെ യുഡിഎഫ് സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളില്‍ നെറ്റി ചുളിച്ച് ഇടതുപക്ഷവും. കാപ്പന്‍റെ ചാഞ്ചാട്ടത്തില്‍ തട്ടി അവതാളത്തിലാകുന്നത് പാലായുടെ സ്വപ്ന പദ്ധതികള്‍ ! 

New Update

publive-image

Advertisment

കോട്ടയം: കെഎം മാണി അന്തരിച്ച ഒഴിവില്‍ 2019 സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിജയിക്കുന്ന എംഎല്‍എയ്ക്ക് അവശേഷിക്കുന്ന കാലാവധി ഒന്നര വര്‍ഷമായിരുന്നു. ആ ഒന്നര വര്‍ഷംകൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് നിരത്തി സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അത് ജനം അംഗീകരിച്ചു. കാപ്പന്‍റെ വിജയത്തില്‍ പാലാക്കാര്‍ കണ്ടത് നാടിന്‍റെ നേട്ടത്തിന്‍റെ രാഷ്ട്രീയമായിരുന്നു. അവശേഷിക്കുന്ന ഒന്നര വര്‍ഷക്കാലം ഭരണമുന്നണിയുടെ ഭാഗമായ ഒരു എംഎല്‍എ നാട്ടിലുണ്ടായാല്‍ പാലായില്‍ വികസനം എത്തും എന്നതായിരുന്നു പാലാക്കാരുടെ ചിന്ത.

പക്ഷേ, പാലാ ബൈപ്പാസിന്‍റെ പൂര്‍ത്തീകരണം ഉള്‍പ്പെടെ ഒന്നര വര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കാം എന്ന് കാപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ ഫലവത്താകുമെന്ന പാലാക്കാരുടെ പ്രതീക്ഷ ഇപ്പോള്‍ അസ്ഥാനത്താണ്. അന്ന് പാലായില്‍ കാപ്പനുവേണ്ടി പ്രചരണം നയിച്ച നേതാക്കള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് മാണി സി കാപ്പന്‍റെ നിലപാടു മൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

പാലായിലെ ജനത്തോട് പറഞ്ഞ വാക്കു പാലിക്കുന്നതിനു പകരം അടുത്ത ടേമിലും വിജയിക്കുന്നതിനുള്ള രാഷ്ട്രീയ അടവുകള്‍ കളിച്ച് കാപ്പന്‍ സമയം കളഞ്ഞെന്നാണ് പഴയ കാപ്പന്‍ അനുഭാവികളുടെ ആക്ഷേപം.

തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷത്തോളം ബാക്കിനില്‍ക്കെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ സീറ്റിന്‍റെ പേരില്‍ എംഎല്‍എ സര്‍ക്കാരിനേയും ഇടതുമുന്നണിയേയും പിണക്കിയത് നാടിന് ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ നിലപാട്.

പാലാ ബൈപ്പാസിന്‍റെ മൂന്ന് ഭാഗങ്ങളില്‍ റോഡിന് വീതിയില്ലെന്ന പരാതികള്‍ നാളുകളായിട്ടുണ്ട്. അത് പരിഹരിക്കാന്‍ കാലാവധിപോലും പ്രഖ്യാപിച്ചായിരുന്നു കാപ്പന്‍റെ പ്രചരണം. ഇപ്പോള്‍ കാപ്പന്‍ എംഎല്‍എ ആയിട്ട് ഒരു വര്‍ഷവും ഏതാനും മാസങ്ങളും കഴിഞ്ഞു. പാലാ ബൈപ്പാസിന്‍റെ ഒരില അനക്കാന്‍ ഇതിനിടയില്‍ കാപ്പന് കഴിഞ്ഞിട്ടില്ല.

അതിനിടെ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് അനുമതിയായെന്നു പറഞ്ഞ് 'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും' എന്ന ക്യാപ്ഷനില്‍ കൂറ്റന്‍ കട്ടൗട്ടുകള്‍ ബൈപ്പാസില്‍ നിരത്തിയിരുന്ന. ആ കട്ടൗട്ട് ദ്രവിച്ചു തീര്‍ന്നിട്ടും ബൈപ്പാസിന്‍റെ കുപ്പിക്കഴുത്തുപോലുള്ള ഭാഗങ്ങള്‍ക്ക് ഇളക്കമുണ്ടായില്ല.

ചില പദ്ധതികളുടെ ഉത്ഘാടനം എംഎല്‍എ നടത്തിയിട്ടുണ്ട്. പക്ഷേ ഉത്ഘാടനം നടത്തിയ പദ്ധതികള്‍പോലും സര്‍ക്കാരിന്‍റെ ഭരണനുമതിയോ സാങ്കേതികാനുമതിയോ ലഭിച്ചിട്ടില്ലെന്നതായിരുന്നു യാഥാര്‍ഥ്യം. ചേര്‍പ്പുങ്കല്‍ പാലം പണി മുടങ്ങിയിട്ട് മാസങ്ങളായി. പാലം തുറന്നുകൊടുക്കുമെന്ന് പറഞ്ഞ സമയമാകുകയാണ്. ചില സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപനം നടത്തി. ഒന്നും ഉണ്ടായില്ല.

സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നാടിന്‍റെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ട സമയത്ത് അടുത്ത ടേമിലെ സ്ഥാനാര്‍ഥിത്വം അന്വേഷിച്ച് കാപ്പന്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള യു‍ഡിഎഫ് നേതാക്കളെ സന്ദര്‍ശിച്ചത് ഇടതുപക്ഷത്തും അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. ഇതോടെ കാപ്പന്‍റെ നീക്കങ്ങളെ എല്‍ഡിഎഫും സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി. കാപ്പന്‍ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ച കാര്യം മാധ്യമങ്ങളോട് പറഞ്ഞത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ തന്നെയാണ്.

ഇന്നിപ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫും പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കാപ്പനായിരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞതും ഇടതുപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അധ്വാനത്തില്‍ വിജയിച്ചുവന്ന് സര്‍ക്കാരിന്‍റെ എല്ലാ സഹായങ്ങളും പ്രയോജനപ്പെടുത്തിയ ശേഷം പ്രതിപക്ഷത്തുപോയി മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന നേതാവിനോട് ഇടതുപക്ഷത്തിന് ഉണ്ടാകാനിടയുള്ള നിലപാട് ഈഹിക്കാവുന്നതേയുള്ളുവെന്നാണ് കാപ്പന്‍റെ അനുയായികളും പറയുന്നത്.

ഇതോടെ പറഞ്ഞ വാക്കുപാലിക്കാതെ സ്വന്തം ലാഭത്തിനായി മറുകണ്ടം ചാടാന്‍ നില്‍ക്കുന്ന മാണി സി കാപ്പന്‍റെ നിലപാടിനെ ഇനി പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് ഉപ തെരഞ്ഞെടുപ്പ് സമയത്തെ പഴയ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും.

 

mani c kappan
Advertisment