Advertisment

എന്‍സിപിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ കഴിയാതെ വന്നത് മാണി സി കാപ്പന് തിരിച്ചടിയാകും. വെറുംകൈയ്യോടെ വന്ന കാപ്പനെ ഘടക കക്ഷിയാക്കുന്നതില്‍ എതിര്‍പ്പ് ശക്തം. ഒന്നില്‍ കൂടുതല്‍ സീറ്റുകളും അനുവദിച്ചേക്കില്ല !

New Update

publive-image

Advertisment

കോട്ടയം: എന്‍സിപി വിട്ട് യുഡിഎഫിലെത്തിയ മാണി സി കാപ്പനെയും കൂട്ടരേയും ഘടകകക്ഷിയായി അംഗീകരിച്ചേക്കില്ല. പകരം മുന്നണിയുമായി സഹകരിക്കുന്ന കക്ഷിയായി പരിഗണിക്കണമെന്ന നിര്‍ദ്ദേശത്തിനാണ് മുന്നണിയില്‍ ഭൂരിപക്ഷം.

നേരത്തെ കാപ്പന്‍ എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണയോടെ ഔദ്യോഗിക എന്‍സിപിയായി മുന്നണിയിലെത്തിയാല്‍ ഘടകകക്ഷിയെന്ന പരിഗണന നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. ശരത് പവാറിനേപ്പോലെ ദേശീയ രാഷ്ട്രീയത്തിലെ ഒരു അതികായന്‍ നയിക്കുന്ന പാര്‍ട്ടിയെ മുന്നണിയുടെ ഭാഗമായി ലഭിച്ചാല്‍ അത് രാഷ്ട്രീയ നേട്ടമാണെന്നായിരുന്നു യുഡിഎഫിന്‍റെ വിലയിരുത്തല്‍.

എന്നാല്‍ ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ നേടാനുള്ള കാപ്പന്‍റെ ശ്രമം പരാജയപ്പെട്ടു. സംസ്ഥാന ഘടകത്തിലെ 75 ശതമാനം ഭാരവാഹികളും ജില്ലാ കമ്മറ്റികളും നേതാക്കളും ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പമാണെന്ന് ബോധ്യമായതോടെയാണ് കാപ്പനെ കൈയ്യൊഴിയാന്‍ പവാര്‍ തീരുമാനിച്ചത്.

കാപ്പനൊപ്പമുള്ളത് എന്‍സിപിയിലെ സലിം പി മാത്യു, സുള്‍ഫിക്കര്‍ മയൂരിപൊലുള്ള കൈവിരലിലെണ്ണാവുന്ന നേതാക്കളാണ്. ദിവസങ്ങള്‍ക്ക് മുമ്പുവരെ  കേരളത്തിലും ഡല്‍ഹിയിലും കാപ്പന്‍ വിഭാഗത്തിനായി മാണി സി കാപ്പന്‍റെ ഇടം വലം നിന്ന് കരുക്കള്‍ നീക്കിയ ദേശീയ സെക്രട്ടറി കെ.ജെ ജോസ് മോന്‍ പോലും ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ കാപ്പനെ കൈയ്യൊഴിഞ്ഞു.

ഈ സാഹചര്യത്തില്‍ കാപ്പനിലൂടെ പാലാ പിടിച്ചെടുക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ജോസ് കെ മാണിയെ തോല്‍പിക്കാന്‍ പാലായില്‍ ശക്തനായ സ്ഥാനാര്‍ഥി കാപ്പനാണെന്ന് യുഡിഎഫ് കരുതുന്നു. ഈ സാഹചര്യത്തില്‍ പാലായില്‍ കാപ്പനെ ശക്തനായ സ്ഥാനാര്‍ഥിയായി യുഡിഎഫ് അവതരിപ്പിക്കും. അതേസമയം 3 സീറ്റുകള്‍ അനുവദിക്കണമെന്ന കാപ്പന്‍റെ ആവശ്യം യുഡിഎഫ് അംഗീകരിക്കില്ല. തല്‍ക്കാലം കാപ്പനു മാത്രമായിരിക്കും സീറ്റ് അനുവദിക്കുക. ജയസാധ്യതയില്ലാത്ത മലബാര്‍ സീറ്റുകളിലൊരെണ്ണം കൂടി കാപ്പന് അനുവദിക്കാന്‍ കഴിയുമോ എന്ന് യുഡിഎഫ് ആലോചിക്കുന്നുണ്ട്.

അതിനിടെ എന്‍സിപിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ കഴിയാത്ത കാപ്പനെ ഘടകകക്ഷിയാക്കുന്നതില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് മാണി സി കാപ്പന്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മുന്നോട്ടു വച്ചത്.

 

 

kottayam news mani c kappan
Advertisment