Advertisment

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബിജെപിയിലേക്ക് പോയ പിസിസി അധ്യക്ഷന് പകരം ജനകീയ നേതാവിനെ മണിപ്പൂര്‍ പിസിസി അധ്യക്ഷനാക്കി കോണ്‍ഗ്രസ് ! മണിപ്പൂരിലെ കോണ്‍ഗ്രസിനെ ഇനി ലോകന്‍ സിങ് നയിക്കും ! ലോകന്‍ സിങിനെ ഇടക്കാല അധ്യക്ഷനാക്കി തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ്. കോവിഡ് കാലത്ത് മണിപ്പൂരിലെ ജനകീയ മുഖമായ ലോകനില്‍ പ്രതീക്ഷയോടെ നേതാക്കളും പ്രവര്‍ത്തകരും ! ഓപ്പറേഷന്‍ ലോട്ടസിന് മറുപടി നല്‍കി ഭരണം വീണ്ടെടുക്കുക ലോകന്‍ സിങിന്റെ പ്രധാന വെല്ലുവിളി

New Update

publive-image

Advertisment

ഡല്‍ഹി: മണിപ്പൂര്‍ പിസിസി അധ്യക്ഷന്റെ രാജിയോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് സംസ്ഥാനത്ത് പുതിയ നേതൃത്വം. മണിപ്പൂരിലെ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷനായി നിലവിലെ എംഎല്‍എ കൂടിയായ ലോകന്‍ സിങിനെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. ലോകന്‍ സിങിനോട് ഉടന്‍ ചുമതലയേല്‍ക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മണിപ്പൂരിലെ ജനകീയനായ നേതാവാണ് ലോകന്‍ സിങ്. കോവിഡ് മഹാമാരിക്കാലത്ത് മണ്ഡലത്തിനകത്തും പുറത്തും ലോകന്‍ സിങ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോഴും വലിയ ജനശ്രദ്ധ നേടാന്‍ ലോകന്‍ സിങിന് കഴിഞ്ഞിരുന്നു.

നാലുദിവസം മുമ്പാണ് പിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന ഗോവിന്ദാസ് കൊന്ദോജം അടക്കം 8 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന ഗോവിന്ദാസ് കൊന്ദോജം കഴിഞ്ഞ ഡിസംബറിലാണ് പിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

കൊന്ദോജത്തിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. ഇതോടെ പതറിപ്പോയ കോണ്‍ഗ്രസ് വേഗത്തിലാണ് പുതിയ അധ്യക്ഷനെ നിയമിച്ച് തിരിച്ചുവരവിനൊരുങ്ങുന്നത്. അടുത്ത വര്‍ഷമാദ്യമാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

നേരത്തെ 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 28 എംഎല്‍എമാരായിരുന്നു അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ 21 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന ബിജെപി പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തിലൂടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

അന്നുമുതല്‍ മണിപ്പൂര്‍ പിസിസിയില്‍ ഭിന്നതയുണ്ടായിരുന്നു. ആ ഭിന്നത പരിഹരിക്കാനായിരുന്നു കൊന്ദോജത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഓപ്പറേഷന്‍ ലോട്ടസിലൂടെ എട്ട് എംഎല്‍എമാരടക്കം ബിജെപിയില്‍ എത്തുന്നത്.

പാര്‍ട്ടിയെ കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റി 2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലെത്തിക്കുക എന്ന ഭാരിച്ച വെല്ലുവിളിയാണ് ലോകന്‍ സിങിനെ കാത്തിരിക്കുന്നത്.

NEWS
Advertisment