വയനാട്ടിലെ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ് വഞ്ചിച്ചുവെന്ന ആരോപണം: പിന്നില്‍ ദുരുദ്ദേശമുള്ളവരെന്ന് മഞ്ജുവാര്യര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 12, 2019

കൊച്ചി: വയനാട്ടിലെ പരക്കുനി കോളനി ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാമെന്നേറ്റ് വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി നടി മഞ്ജുവാര്യര്‍. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആരോപണത്തിന് പിന്നിലെന്ന് അവര്‍ പറഞ്ഞു.

എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു സര്‍വ്വെ നടത്തിയിരുന്നു. എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അറിയാനായിരുന്നു സര്‍വ്വെ. എന്നാല്‍ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമാണെന്ന് ബോധ്യമായി.

സര്‍ക്കാരിന്റെ സഹായമുണ്ടെങ്കിലേ ഇത് പറ്റൂ എന്ന് മനസിലായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ ആരുടേയെങ്കിലും ദുരുദ്ദേശമുണ്ടാകാമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

മന്ത്രി ബാലനുമായി തിങ്കളാഴ്ച ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പദ്ധതിയല്ല ഇതെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടു. സര്‍വ്വെ നടത്തിയിരുന്നു. വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ അറിയാം. വിഷയത്തില്‍ മന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. കോളനിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. കഴിയുന്ന എല്ലാ പ്രവര്‍ത്തനവും നടത്തുമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

×