മഞ്ജു വാര്യരുടെ വീടിന് മുന്നിലെ ആദിവാസി സമരം; സർക്കാർ ഇടപെട്ടേക്കും, മന്ത്രി എകെ ബാലന്‍ മഞ്ജു വാര്യരുമായി ചര്‍ച്ച നടത്തി .?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 12, 2019

കൽപ്പറ്റ: വീടു നിര്‍മാണ വിവാദവുമായി ബന്ധപ്പെട്ട് പനമരം ആദിവാസി കോളനി നിവാസികള്‍ നടി മഞ്ജു വാര്യരുടെ വീടിനു മുന്നില്‍ നാളെ സമരം നടത്താനിരിക്കെ ഒത്തുതീർപ്പ് ശ്രമങ്ങളുമായി സർക്കാർ രം​ഗത്തെന്ന് റിപ്പോർട്ടുകൾ. മന്ത്രി എകെ ബാലന്‍ മഞ്ജു വാര്യരുമായി ചര്‍ച്ച നടത്തിതായും സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായും സൂചനകളുണ്ട്.

2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പദ്ധതി തയ്യാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. ഈ വാഗ്ദാനം വിശ്വസിച്ച കോളനിവാസികൾക്കു കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടുവെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന  ജോമോൻ പുത്തൻപുരയ്ക്കൽ അറിയിച്ചു.

എന്നാല്‍ ഭവന നിര്‍മാണ പദ്ധതി ലക്ഷ്യമിട്ടിരുന്നില്ലെന്നും ആദിവാസി മേഖലയില്‍ എന്തു ചെയ്യാനാവുമെന്ന് കണ്ടെത്താന്‍ സര്‍വേ നടത്തുക മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാര്യർ പറയുന്നു. സര്‍ക്കാര്‍ നിയമം ഉള്‍പ്പെടെ തടസമായതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാര്യം അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് വിവാദമുണ്ടായത് ചിലരുടെ തെറ്റിദ്ധാരണ മൂലമാണെന്നും ആദിവാസി സഹോദരൻമാരെ ചിലർ തെറ്റിദ്ധരിപ്പിച്ചു  സമരത്തിനിറക്കുകയാണെന്നും മഞ്ജു പറഞ്ഞു.

ആദിവാസി ക്ഷേമത്തിനായുള്ള പദ്ധതികളില്‍ സര്‍ക്കാരിനോട് സഹകരിക്കാമെന്ന മഞ്ജു വാര്യരുടെ വാഗ്ദാനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ കോളനിയിലെ സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി

×