Advertisment

ചില രാജ്യങ്ങളില്‍ കൊവിഡ് രോഗവ്യാപനം കുറവുണ്ടായതിന് കാരണം ബിസിജി വാക്സിന്‍ ?; സത്യാവസ്ഥ വിവരിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്‌

New Update

ലോകമെങ്ങും ഭീതിയിലാക്കി കൊവിഡ് വ്യാപിക്കുമ്പോള്‍ ചില രാജ്യങ്ങളില്‍ രോഗവ്യാപനം കുറവുണ്ടായതിന് കാരണം ബിസിജി വാക്സിന്‍ (BCG) എന്നു കേള്‍ക്കുന്നുണ്ട്. ഇതിനെ കുറിച്ചാണ് ഡോ. മനോജ് വെള്ളനാട് ഇന്‍ഫോക്ലിനിക്കിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്.

Advertisment

ഇരുന്നൂറോളം രാജ്യങ്ങളെ ഇതിനകം കൊവിഡ്19 ബാധിച്ചു കഴിഞ്ഞു. ചൈനയിലെയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഒക്കെ ഞെട്ടിക്കുന്ന കണക്കുകൾ ഇപ്പോൾ നമുക്കറിയാം. പക്ഷേ ഈ കണക്കുകളിലെ കൗതുകകരമായ കാര്യം ഓരോ രാജ്യത്തെയും രോഗവ്യാപനത്തിൻ്റെ തോതും രോഗതീവ്രതയുടെ തോതും അത്ഭുതകരമായ വ്യത്യാസങ്ങളാണ് കാണിക്കുന്നത് എന്നതാണ്.

publive-image

രോഗം അതീവ ഗുരുതരമാണ് ഇറ്റലിയിൽ. അതിനേക്കാൾ വ്യാപകമായ രീതിയിലാണ് അമേരിക്കയിൽ രോഗം പടർന്നു പിടിക്കുന്നത്. മരണനിരക്കിൽ ഇറ്റലിക്കൊപ്പമാണ് നെതർലാൻഡും മറ്റു പല യൂറോപ്യൻ രാജ്യങ്ങളും. അതേസമയം ജനസാന്ദ്രതയും ജനസംഖ്യയും കൂടുതലുള്ള പലരാജ്യങ്ങളിലും രോഗതീവ്രതയും രോഗവ്യാപനവും കുറവാണ് എന്നുള്ളത് സത്യവുമാണ്. ഇനിയവ ടെസ്റ്റുകൾ കുറവായതു കൊണ്ടാണോ? അതറിയില്ല. പക്ഷെ മരണവും കുറവാണല്ലോ.

പല കഥകളും ഐതിഹ്യങ്ങളും ഊഹാപോഹങ്ങളും ഹോക്സുകളും ഒക്കെ ഇതിനെ പറ്റി ഉയർന്നുവന്നു. ഓരോ രാജ്യക്കാരും അവരവർക്ക് തോന്നുന്ന കഥകൾ പടച്ചു. ഇന്ത്യക്കാർക്ക് മറ്റുള്ളവരേക്കാൾ പ്രതിരോധശേഷി തരുന്ന ജനിതകഘടകങ്ങൾ ജന്മനാ ഉണ്ടെന്നു വരെ വ്യാജസന്ദേശം വാട്സാപ്പിലൂടെ ഇപ്പൊഴും സഞ്ചരിക്കുന്നുണ്ട്.

പക്ഷേ ശാസ്ത്രലോകം അതിനെ മറ്റൊരു കോണിലൂടെയാണ് നോക്കിയത്. വൈറസിനു എന്തായാലും ഭൂപടത്തിലെ അതിർത്തികൾ ബാധകമല്ല. ജാതിമത രാഷ്ട്രീയ ലിംഗ വ്യത്യാസങ്ങളില്ലാ. അപ്പോൾ എന്തുകൊണ്ടായിരിക്കും ഓരോ രാജ്യത്തും രോഗം പടരുന്ന രീതി വ്യത്യസ്തമായിരിക്കുന്നത് എന്ന ചോദ്യമായി? ഓരോ രാജ്യത്തിൻ്റെയും പൊതുജനാരോഗ്യ നയങ്ങളിലുള്ള വ്യത്യാസങ്ങൾ അവർ പഠനവിധേയമാക്കി.

അതിന്‍റെ ഉത്തരമായി വന്ന ഒരു നിരീക്ഷണമാണ് ബിസിജി വാക്സിൻ കാരണമാകാം ഈ രാജ്യങ്ങളിൽ രോഗവ്യാപനത്തിൽ കുറവുണ്ടായതെന്ന സംഗതി. ക്ഷയരോഗത്തിനുള്ള ബിസിജി വാക്സിൻ കുഞ്ഞുനാളിൽ എടുത്ത ജനങ്ങളിൽ അല്ലെങ്കിൽ ബിസിജി വാക്സിൻ റെഗുലർ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ രോഗവ്യാപനത്തിന്‍റെ തോത് കുറവാണ് എന്നതാണ് ആ നിരീക്ഷണം.

ബിസിജി വാക്സിൻ കണ്ടുപിടിച്ചിട്ട് നൂറു വർഷമായി. അത്രയും വർഷമായി ബ്രസീലുൾപ്പെടെ പല രാജ്യങ്ങളും അത് കൊടുത്തു വരുന്നുണ്ട്. 1948 മുതൽ ബിസിജി വാക്സിൻ കൊടുക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഇറ്റലിയും അമേരിക്കയും നെതർലാൻഡുമൊക്കെ ബിസിജി വാക്സിൻ ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ഉൾപ്പെടുത്താത്ത രാജ്യങ്ങളാണ്. അവിടെയാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ എന്നുള്ളതാണ് വസ്തുത. ചൈനയും ജപ്പാനും ആദ്യം മുതലേ ബിസിജി വാക്സിൻ കൊടുക്കുന്ന രാജ്യങ്ങളാണ്. അതേസമയം ഒരുപാട് മരണങ്ങളുണ്ടായ ഇറാൻ, 1984 മുതൽ മാത്രമാണ് ഈ വാക്സിൻ കൊടുത്തു തുടങ്ങിയത്. ഇറാനിലെ മരണസംഖ്യ സൂചിപ്പിക്കുന്നത് അവിടുത്തെ 1984 ന് മുമ്പ് ജനിച്ചവരും വയോധികരും ആവാം കൂടുതൽ ഈ രോഗത്തോട് തോറ്റുപോയതെന്നാണ്. ഇപ്പറഞ്ഞവ ഒന്നും പൂർണ്ണമായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയല്ല. കൊവിഡ് രോഗവ്യാപനത്തിൻ്റെ തോതും പല രാജ്യങ്ങളിലെയും പൊതുജനാരോഗ്യനയവും ബിസിജി വാക്സിനേഷൻ തുടങ്ങിയ വർഷവും ഒക്കെ താരതമ്യം ചെയ്തുള്ള ഒരു നിരീക്ഷണം മാത്രമാണ്.

എന്തുകൊണ്ട് ബിസിജി വാക്സിൻ?

ഇങ്ങനൊരു നിരീക്ഷണം ഉണ്ടാവാൻ കാരണം ബിസിജി വാക്സിന് ക്ഷയരോഗ പ്രതിരോധത്തിന് പുറമേ നമ്മുടെ രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കാനുള്ള ശേഷിയും ഉണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുള്ളതുകൊണ്ടാണ്.

ചിലതരം മൂത്രാശയ സംബന്ധമായ ക്യാൻസറിൻ്റെ ചികിത്സയുടെ ഭാഗമായി ഇമ്മ്യൂൺ മോഡുലേഷന് വേണ്ടിയും ബിസിജി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ബിസിജി എടുത്തിട്ടുള്ളവരിൽ ചില ശ്വാസകോശ അണുബാധകൾ അധികം കാണുന്നില്ല എന്ന് ശാസ്ത്രലോകം നിരീക്ഷിച്ചിട്ടുണ്ട്.

അതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് ബിസിജി വാക്സിൻ കാരണമായിരിക്കാം ഇന്ത്യ, ജപ്പാൻ, ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ രോഗവ്യാപനം കുറവെന്നും യൂറോപ്പിലും അമേരിക്കയിലും രോഗവ്യാപനം കൂടുതലെന്നും ഉള്ള ഒരു നിരീക്ഷണം ചില ശാസ്ത്രജ്ഞർ നടത്തിയത്

ഓസ്ട്രേലിയയിലെ മെൽബണിൽ MCRI-യിലും (Murdoch Children Research Institute) നെതർലൻഡിലും ഇതു സംബന്ധിച്ച വിശദമായ പഠനം ഇപ്പോൾ നടക്കുന്നുണ്ട്. 4000 ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ കൊടുത്തും 4000 പേർക്ക് കൊടുക്കാതെയും നടത്തുന്ന റാൻഡമൈസ്‌ഡ് കൺട്രോൾ സ്റ്റഡി ആണ് മെൽബണിൽ ചെയ്യുന്നത്. 1000 ആരോഗ്യപ്രവർത്തകരിലാണ് നെതർലൻഡിലെ പഠനം. പക്ഷേയീ പഠന റിപ്പോർട്ട് ലഭിക്കാൻ മാസങ്ങളെടുക്കും.

നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ച് ആശ്വാസകരമായ ഒരു നിരീക്ഷണമാണിത്. എന്നാലിതൊരു നിരീക്ഷണം മാത്രമാണെന്നും കൂടി ഓർക്കുകയും വേണം. ശാസ്ത്രീയ നിഗമനം അല്ലാ.

ഇത്തരം വാർത്തകൾ വായിക്കുമ്പോൾ ഒരു സാധാരണക്കാരനുണ്ടാകുന്ന ചില സംശയങ്ങൾ കൂടി നോക്കാം.‼️

  • ബിസിജി വാക്സിൻ കൊവിഡ്19 ന് എതിരെയും പ്രവർത്തിക്കുന്ന ഒരു വാക്സിൻ ആണോ?

അല്ല. ബിസിജി എന്നുപറയുന്നത് ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയയ്ക്ക് എതിരെയുള്ള വാക്സിൻ ആണ്. കൊവിഡ്19 ഒരു വൈറസ് കാരണമുള്ള രോഗമാണ്. പക്ഷേ ബിസിജി വാക്സിന് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ചില കഴിവുകൾ നേരത്തെ നിരീക്ഷിച്ചിട്ടുണ്ട്. ആ കഴിവ് കൊവിഡ്19 ന് എതിരെ പ്രായോഗികമാണോ എന്നുള്ളതാണ് ശാസ്ത്രലോകം പരിശോധിക്കുന്നത്.

  • ബിസിജി വാക്സിൻ കൊവിഡിനെതിരെയുള്ള ചികിത്സ മാർഗ്ഗമായി ഉപയോഗിക്കാമോ, മൂത്രാശയസംബന്ധമായ ക്യാൻസറിന് ഉപയോഗിക്കുന്ന പോലെ?

നിലവിലെ അറിവ് വച്ച് അതും സാധ്യമായ സംഗതിയല്ല. ബിസിജി ഒരു മരുന്നല്ല. ഒരു വാക്സിൻ മാത്രമാണ്. മൂത്രാശയസംബന്ധമായ ക്യാൻസറിനുൾപ്പെടെയുള്ളവയുടെ ചികിത്സയിൽ അതൊരു സപ്പോർട്ട് മാത്രമാണ്.

  • ഇന്ത്യയിൽ എന്ന് മുതലാണ് ബിസിജി വാക്സിൻ കൊടുത്തു തുടങ്ങിയത്? ഇപ്പോഴുള്ളവരിൽ എത്രപേർ ആ വാക്സിൻ എടുത്തിട്ടുണ്ടാവും?

ഇന്ത്യയിൽ 1948 മുതൽ ബിസിജി വാക്സിൻ കൊടുക്കുന്നുണ്ട്. പിന്നീട് നാഷണൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഒരു കുട്ടി ജനിച്ചാലുടനെ സൗജന്യമായി ഈ വാക്സിൻ കൊടുക്കുന്നുണ്ട്. നിലവിലെ കേന്ദ്ര സർക്കാരിൻ്റെ കണക്കുപ്രകാരം 26 ദശലക്ഷം കുഞ്ഞുങ്ങളിൽ 97 ശതമാനവും ബിസിജി എടുത്തിട്ടുള്ളവരാണ്. പ്രായമായവർ എത്ര പേർ എടുത്തിട്ടുണ്ടാകുമെന്നതിന് കൃത്യമായ കണക്കില്ലാ.

  • അങ്ങനെയാണെങ്കിൽ ഇന്ത്യക്കാർക്ക് പൊതുവേ കോവിഡ് രോഗം വരാനുള്ള സാധ്യത കുറവാണെന്നാണോ?

ആദ്യമേ പറഞ്ഞല്ലോ, ബിസിജിയും കൊവിഡ് രോഗം പടരുന്നതിൻ്റെ തോതും തമ്മിലുള്ള ഈ ആശാവഹമായ ബന്ധം ഒരു നിരീക്ഷണം മാത്രമാണ്. അതിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണമെങ്കിൽ കൃത്യമായ പഠനങ്ങളും എന്തുകൊണ്ടാണങ്ങനെയെന്ന കാരണവും കണ്ടെത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ. അതിന് മാസങ്ങളോ വർഷങ്ങളോ വേണ്ടി വരും.

  • അപ്പോൾ ഈ ആശാവഹമായ നിരീക്ഷണം കൊണ്ട് നമ്മൾ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലേ?

കൊവിഡ് രോഗം വലിയ തോതിൽ പടരുന്നതിന് ചിലപ്പോൾ ഈ വാക്സിൻ ഒരു തടസ്സമാകാം. പക്ഷേ അത് പൂർണമായും രോഗത്തെ തടയില്ലാ എന്നതും ഓർക്കണം. മേൽപ്പറഞ്ഞ നിരീക്ഷണത്തിനും യാതൊരുവിധ തെളിവുമില്ല. മാത്രമല്ല ഇന്ത്യയിൽ രോഗം ഇപ്പോൾ താരതമ്യേന പടർന്നുപിടിക്കുന്ന ഒരു അവസ്ഥയിലുമാണ്. ഭൂരിഭാഗം ഇന്ത്യക്കാർക്കും ഈ വാക്സിൻ കിട്ടിയിട്ടുമുണ്ടാകാം. അതുകൊണ്ട് തന്നെ ഈ നിരീക്ഷണത്തിന് നിലവിൽ നമ്മുടെ നാട്ടിൽ കാര്യമായൊരു മാറ്റമുണ്ടാക്കാൻ പറ്റിയ ഒന്നും തന്നെയില്ല.

  • അങ്ങനെയെങ്കിൽ ഈ നിരീക്ഷണത്തിൻ്റെ പ്രസക്തി എന്താണ്? എന്തിനാണ് ഈ വലിയ പഠനങ്ങൾ ഒക്കെ നടത്തുന്നത്?

ഈ നിരീക്ഷണം ശരിയാണെന്നു വന്നുകഴിഞ്ഞാൽ ഇപ്പോൾ രോഗം പടർന്ന് പിടിച്ചിട്ടുള്ള, വ്യാപകമായി നാശം വിതച്ച രാജ്യങ്ങളിലൊക്കെ പൊതുജനാരോഗ്യ രംഗത്തെ നയരൂപീകരണത്തിൽ മാറ്റം വരുത്താൻ ഉപകരിക്കും. നിലവിൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും എല്ലാം ബിസിജി ഒരു ഓപ്ഷണൽ വാക്സിനാണ്. ഈ പഠനറിപ്പോർട്ട് പോസിറ്റീവായി വന്നുകഴിഞ്ഞാൽ അവിടെയെല്ലാം റെഗുലർ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ബിസിജി കടന്നുവരാനുള്ള സാധ്യത ഉണ്ട്, ഭാവിയിൽ ഇതുപോലുള്ള രോഗങ്ങളിൽ നിന്നും രക്ഷനേടാമെന്ന മുൻവിധിയോടെ.

  • ഒരു സംശയം ഉള്ളത്, ചൈനയിൽ 1950 ൽ തന്നെ ബിസിജി വാക്സിനേഷൻ സ്റ്റാർട്ട് ചെയ്തതായി കാണുന്നുണ്ട്. അങ്ങനെയാണെങ്കിൽ ചൈനയിൽ രോഗം എങ്ങനെയാണ് ഇത്രയധികം പടർന്നുപിടിച്ചത്?

നേരത്തെ പറഞ്ഞല്ലോ ഈ ബിസിജി വാക്സിനും കൊറോണയും തമ്മിലുള്ള ഈ ബന്ധം ഒരു നിരീക്ഷണം മാത്രമാണ്. ആ നിരീക്ഷണം പൂർണമായും സത്യമാകണമെന്നില്ല. മറ്റൊന്ന് ചൈനയിൽ 1950ൽ വാക്സിനേഷൻ സ്റ്റാർട്ട് ചെയ്തെങ്കിലും 1976 വരെയും ചൈനയിൽ കൃത്യമായി വാക്സിനേഷനുകൾ നടന്നിട്ടില്ല. 1966 മുതൽ 76 വരെ അഭ്യന്തര കലാപങ്ങളും മറ്റുമായി വാക്സിനേഷൻ പൂർണമായും നിന്ന ഒരു അവസ്ഥയിലായിരുന്നു. അതിന് ശേഷമാണ് ചൈനയും പൂർണമായ തോതിൽ വാക്സിനേഷനിലേക്ക് വന്നത് തന്നെ. അതും ഒരു കാരണമാവാം.

  • അപ്പോൾ നമ്മൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?

ഇപ്പോൾ തുടരുന്ന രോഗപ്രതിരോധ മാർഗ്ഗങ്ങൾ അതുപോലെതന്നെ തുടരുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. കർശനമായ സാമൂഹിക അകലം, വ്യക്തിശുചിത്വം ഒക്കെ കൃത്യമായി പാലിക്കണം. നിയമങ്ങൾ കൃത്യമായി അനുസരിക്കുക. ബിസിജി വാക്സിൻ എടുത്തിട്ടുണ്ടല്ലോ എന്നു കരുതി നമ്മൾ ചെയ്യേണ്ട മറ്റ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരുവിധ അയവും വരുത്താൻ പാടുള്ളതല്ല.

എഴുതിയത് - ഡോ. മനോജ് വെള്ളനാട്

Advertisment