Advertisment

ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ കുട്ടികള്‍ക്ക് സായുധ പരിശീലനം നല്‍കുന്നു; സേനയുടെ നീക്കങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നെന്ന് കേന്ദ്രം

New Update

ഡല്‍ഹി: ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ കുട്ടികള്‍ക്ക് സായുധ പരിശീലനം നല്‍കുന്നതായി കേന്ദ്രസര്‍ക്കാര്‍. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ പറഞ്ഞു.

Advertisment

publive-image

രാജ്യത്ത് മാവോയിസ്റ്റുകളടെ സാന്നിധ്യവും ആക്രമണവും കുറയുന്നുണ്ട്. ഇവരുടെ ആക്രമണത്തില്‍ സാധാരണ പൗരന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും കുറയുന്നുണ്ടെന്നും റായ് ലോക്‌സഭയില്‍ അറിയിച്ചു.

മാവോയിസ്റ്റുകളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ 2015ല്‍ പ്രത്യേക ദേശീയ നയവും ആക്ഷന്‍ പ്ലാനും സ്വീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിന്റെ ഭാഗമായി വലിയ പിന്തുണയാണ് സേനകളുടെ ആധുനികവത്കരണത്തിനുള്‍പ്പെടെ കേന്ദ്രം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര്‍ ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോയിസ്റ്റിനെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലിലാണ് ബിഹാറില്‍ കോല യാദവിനെ അറസ്റ്റ് ചെയ്തത്.  വിശാഖപട്ടണത്ത് ആറ് മാവോവായിസ്റ്റുകളെ ജൂണില്‍ സുരക്ഷാസേന വധിച്ചിരുന്നു.

maoist attack
Advertisment