Advertisment

മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതകഥയുമായി രണ്ട് ചലച്ചിത്രങ്ങളുടെ പ്രഖ്യാപനം; ഒന്ന് പ്രഖ്യാപിച്ചത് ശ്രീകുമാര്‍ മേനോനും മറ്റൊന്ന് നടന്‍ ദിലീപും ! വാരിയംകുന്നന് ശേഷം മറ്റൊരു ചലച്ചിത്ര മത്സരം ?

author-image
ഫിലിം ഡസ്ക്
Updated On
New Update

താനും മാസങ്ങള്‍ക്ക് മുമ്പാണ് വാരിയന്‍കുന്നത്ത് അഹമ്മദ് ഹാജിയുടെ കഥ 'വാരിയംകുന്നന്‍' എന്ന പേരില്‍ സിനിമയാക്കുമെന്ന് പൃഥിരാജ്-ആഷിഖ് അബു കൂട്ടുക്കെട്ട് പ്രഖ്യാപിച്ചത്. തൊട്ടുപുറകേ വാരിയന്‍കുന്നത്ത് അഹമ്മദ് ഹാജിയെക്കുറിച്ചുള്ള മറ്റു ചലച്ചിത്രങ്ങളുടെയും പ്രഖ്യാപനമെത്തി. പി.ടി. കുഞ്ഞുമുഹമ്മദ്, അലി അക്ബര്‍ തുടങ്ങിയവരായിരുന്നു പ്രഖ്യാപനം നടത്തിയത്.

Advertisment

എന്നാല്‍ വാരിയന്‍കുന്നത്ത് അഹമ്മദ് ഹാജിക്ക് ശേഷം ഒരേ കഥയെ ആസ്പദമാക്കിയുള്ള രണ്ട് ചലച്ചിത്രങ്ങളുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുയാണ് ഒടിയനിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നടന്‍ ദിലീപും. ഇരുച്ചിത്രങ്ങളും ഒരേ ദിവസം തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതിനാല്‍ മറ്റൊരു ചലച്ചിത്ര മത്സരത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

publive-image

ചലച്ചിത്രപ്രഖ്യാപനവുമായി ശ്രീകുമാര്‍ മേനോന്‍ ആണ് ആദ്യം രംഗത്തെത്തിയത്. മിഷന്‍ കൊങ്കണ്‍ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാക്കുമെന്നാണ് ശ്രീകുമാര്‍ മേനോന്റെ പ്രഖ്യാപനം.

ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. താരനിര പിന്നീട് അനൗണ്‍സ് ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മനുഷ്യാല്‍ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന.

ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

തൊട്ടുപുറകെ തന്നെ ഖലാസികളെ കുറിച്ചുള്ള തന്റെ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടന്‍ ദിലീപും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. 'ഖലാസി' എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതും. ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മിഥിലാജാണ്. ഗോകുലം ഗോപാലനാണ് നിര്‍മ്മാതാവ്.

https://www.facebook.com/109886669175111/posts/2181996408630783/

ദിലീപും ശ്രീകുമാര്‍ മേനോനും ശത്രുതയിലാണെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഒരുകാലത്ത് ദിലീപ്-മഞ്ജു വാര്യര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്ന മേനോന്‍, പിന്നീട് താരാദാമ്പത്യം തകര്‍ന്നപ്പോള്‍ മഞ്ജുവിനൊപ്പം നിന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിസ്ഥാനത്ത് വന്നതോടെ പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു കാമറയ്ക്കു മുന്നിലേക്ക് വരുന്നതിന് വഴിയൊരുക്കിയതും മേനോന്‍ ആയിരുന്നു. നടി മഞ്ജു വാരിയരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാർ മേനോൻ ഒടിയന്‍ സിനിമ ഇറങ്ങിയ സമയത്ത് ആവശ്യപ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു.

"സിനിമാരംഗത്ത് ഞാൻ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയിൽ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങൾ നിങ്ങൾക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാൻ വലിച്ചിഴയ്ക്കപ്പെട്ടത്.

അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോൾ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ആവർത്തിക്കേണ്ട ആവശ്യം എനിക്കില്ല, എന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ അന്നത്തെ പ്രതികരണം. ദിലീപിനെതിരെയാണ് ശ്രീകുമാര്‍ മേനോന്‍ വിരല്‍ചൂണ്ടുന്നതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഒരേ കഥയുമായി ഇരുവരും വിവിധ സിനിമകള്‍ പ്രഖ്യാപിച്ചത് മറ്റൊരു 'ചലച്ചിത്ര പോരാട്ട'ത്തിനാണ് അരങ്ങൊരുക്കുന്നത്.

Advertisment