Advertisment

രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന സഭയുടെ പ്രഖ്യാപിത നിലപാടിന് വിപരീതമായി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കത്ത് കൊടുത്ത് പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് വിവാദത്തില്‍; ബിഷപ്പ് കാനം രാജേന്ദ്രന് കത്ത് നല്‍കിയത് സിപിഐയുടെ മണ്ണാര്‍ക്കാട് സീറ്റ് വ്യവസായി ഐസക് വര്‍ഗീസിന് നല്‍കണമെന്നാവശ്യപ്പെട്ട്; ഐസക് സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന പ്രധാന വ്യക്തിയാണെന്നും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കുമെന്നും അവകാശവാദം; ബിഷപ്പിനോട് സഭ വിശദീകരണം ആവശ്യപ്പെട്ടേക്കും

New Update

publive-image

Advertisment

പാലക്കാട്: രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന സഭയുടെ പ്രഖ്യാപിത നിലപാടിന് വിപരീതമായി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കത്ത് കൊടുത്ത പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പുതിയ വിവാദത്തില്‍. സിപിഐ മത്സരിക്കുന്ന മണ്ണാര്‍ക്കാട് സീറ്റില്‍ വ്യവസായി ഐസക് വര്‍ഗീസിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് കത്ത് നല്‍കിയത്.

കഞ്ചിക്കോട്ടെ വ്യവസായിയാണ് ഐസക് വർഗീസ്. ഐസകിനെ സ്ഥാനാർത്ഥിയാക്കിയാൽ സഭ എല്ലാ പിന്തുണയും നൽകാം എന്നാണ് കത്തിൽ പറയുന്നത്. ഐസക് സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന പ്രധാന വ്യക്തിയാണെന്നും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയ സാധ്യതയുണ്ടെന്നും ബിഷപ്പ് കത്തില്‍ പറയുന്നു.

എന്നാൽ, കത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം നടക്കുന്നതേയുള്ളൂ എന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് സിപിഐ ജില്ലാ നേതൃത്വവും പ്രതികരിച്ചു.

കാനത്തിന് താനാണ് കത്തു നൽകിയതെന്ന് ഐസക് വർഗീസ് പറഞ്ഞു. സഭാ വിശ്വാസിയായതിനാലാണ് കത്ത് നൽകിയത്. ആബേല്‍ വിസാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോര്‍ച്യൂണ്‍ ഇന്‍ഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ എംഡിയാണ് ഐസക് വര്‍ഗീസ്. കത്തുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ബിഷപ്പ് ഹൗസ്‌ തയ്യാറായിട്ടില്ല.

സഭയുടെ പ്രഖ്യാപിത നിലപാടിന് വിപരീതമായി പ്രവര്‍ത്തിച്ച ബിഷപ്പിനോട് സഭ വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നേരത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ദ്ദിനാളിനെതിരായി നിലപാട് സ്വീകരിച്ച ജേക്കബ് മനത്തോടത്ത് സഭയുടെ നടപടി നേരിട്ടിട്ടുണ്ട്.

Advertisment