Advertisment

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി ബ്ലസിയും മേജര്‍ രവിയും ; വര്‍ഷങ്ങളോളം താമസിച്ച ഫ്‌ളാറ്റിന്റെ 'മരണം' ബ്ലസി ഡോക്യുമെന്ററിയാക്കും ; മേജറിന്റെ മനസ്സില്‍ രൂപപ്പെട്ടത് സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമയും ; 'മരട് 357 'മാര്‍ച്ചില്‍ റിലീസ് ചെയ്യും..?

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി : മരട് ഫ്ലാറ്റ് പൊളിക്കൽ പ്രമേയമാക്കി കണ്ണൻ താമരക്കുളം സിനിമ സംവിധാനം ചെയ്യുമ്പോൾ ബ്ലെസി ഒരുക്കുന്നതു ഡോക്യുമെന്ററി. ഇന്നലെ പൊളിച്ച എച്ച് ടു ഒ ഹോളി ഫെയ്ത്തിലെ താമസക്കാരനായിരുന്നു ബ്ലെസി. ഇതേ ഫ്ലാറ്റിലെ ആദ്യ താമസക്കാരനായിരുന്ന സംവിധായകൻ മേജർ രവിയാകട്ടെ ഈ വിഷയത്തിൽ യഥാർഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമ മനസ്സിൽ രൂപപ്പെടുത്തിക്കഴിഞ്ഞു.

Advertisment

publive-image

സിനിമയ്ക്കും ഡോക്യുമെന്ററിക്കുമായി ഇന്നലെ പൊളിക്കൽ രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്. 4 അപ്പാർട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന ‘മരട് 357’ എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങൾ ഫ്ലാറ്റുകൾക്കുള്ളിൽ നിന്നു ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്നു കണ്ണൻ താമരക്കുളം പറഞ്ഞു. ഒടുവിൽ ഫ്ലാറ്റിനു പുറത്തു നിന്നു ഷൂട്ട് ചെയ്തു.

ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സിനിമ മാർച്ചിൽ റിലീസ് ചെയ്യുകയാണു ലക്ഷ്യം. ഫ്ലാറ്റ് പൊളിക്കലിന്റെ നേരനുഭവം ഡോക്യുമെന്ററിയാക്കുന്ന ബ്ലെസി നേരത്തെ തന്നെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ഇന്നലെ പൊളിക്കലും ഷൂട്ട് ചെയ്തു. എച്ച്2ഒയിലെ 11-ാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി മരടിലെ വാടക വീട്ടിലാണിപ്പോൾ .

മേജർ രവി സിനിമയെടുക്കാൻ തീരുമാനിച്ചത് ഒരു തുറന്നുകാട്ടൽ ലക്ഷ്യമിട്ടാണ്. ‘ഈ സംഭവത്തിലെ യഥാർഥ കുറ്റവാളികളാരെന്നു വെളിച്ചത്തുകൊണ്ടു വരുന്നതാവും എന്റെ സിനിമ. ഈ അപ്പാർട്മെന്റിലെ ജീവിതം എന്തെന്നും സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇവിടുള്ളവർ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാൻ. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും. ’- മേജർ രവി പറഞ്ഞു.

എച്ച്2ഒയിൽ അടുത്തിടെ അപ്പാർട്മെന്റ് സ്വന്തമാക്കിയിരുന്ന നടൻ സൗബിൻ ഷാഹിർ 15-ാം നിലയിലെ താമസക്കാരനായിരുന്നു. 16–ാം നിലയിൽ ക്യാമറാമാൻ ജോമോൻ ടി.ജോണിനും 17-ാം നിലയിൽ സംവിധായകൻ അമൽ നീരദിനും അപ്പാർട്മെന്റ് ഉണ്ടായിരുന്നു.

Advertisment