മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് 65 വയസ്സ്; ജൂബിലിയുടെ നിറവില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികാൾ സംഘടിപ്പിക്കാനൊരുങ്ങി അധികൃതർ

സുനില്‍ പാലാ
Thursday, November 8, 2018

പഞ്ചായത്ത് സ്ഥാപിതമായിട്ട് 65 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ മുന്‍കാലങ്ങളില്‍ പഞ്ചായത്തിന് നേതൃത്വം നല്‍കിയവരെ ആദരിച്ചുകൊണ്ട് വിപുലമായ പരിപാടികളോടെ ജൂബിലി നടത്തുവാന്‍ ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് ആന്‍സമ്മ സാബു മെമ്പര്‍മാരായ ദീപ ഷാജി, മാര്‍ട്ടിന്‍ അഗസ്റ്റിന്‍, ശ്യാമള മോഹന്‍, റെജി കുളപ്പള്ളി, രാഗിണി സി.പി. സില്‍ബി ജയ്‌സണ്‍ എന്നിവര്‍ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പ്രവര്‍ത്തനത്തിന്റെ ആറരപതിറ്റാണ്ട് പിന്നിടുമ്പോള്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ‘മരങ്ങാട്ടുപിള്ളിയെന്ന’ തലക്കെട്ടെഴുതിയിട്ട് മൂന്നരപതിറ്റാണ്ടിന്റെ തികവും……

1983 നവംബര്‍ 11-നാണ് മരങ്ങാട്ടുപിള്ളി എന്ന പേര് പഞ്ചായത്തിന് സ്വന്തമായത്. പഞ്ചായത്ത് രൂപീകരണം മുതല്‍ ഇലക്കാട് എന്ന പേരിലായിരുന്നു പഞ്ചായത്ത്.

തിരുവിതാംകൂര്‍ – കൊച്ചി പഞ്ചായത്ത് ആക്ടിന് വിധേയമായി 1953 ലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു പഞ്ചായത്ത് ഇലക്കാട് പഞ്ചായത്ത് എന്ന പേരില്‍ പിറന്നത്. 1979-ല്‍ മരങ്ങാട്ടുപിള്ളിയുടെ 3 വാര്‍ഡുകള്‍ കൂട്ടിചേര്‍ത്ത് കടപ്ലാമറ്റം പഞ്ചായത്ത് പിറവിയെടുത്തതിനു പിന്നാലെയാണ് ഇലക്കാട് പഞ്ചായത്ത് എന്ന പേര് മാറ്റാന്‍ മരങ്ങാട്ടുപിള്ളിക്ക് അവസരം ലഭിച്ചത്.

മരങ്ങാട്ടുപിള്ളി പള്ളിയില്‍ നിന്ന് സംഭാവനയായി ലഭിച്ച 25 സെന്റ് സ്ഥലത്തായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രവര്‍ത്തനം പി.ജെ. തോമസ് പെട്ടക്കാട്ടില്‍ തുടങ്ങിയ പഞ്ചായത്ത് ഭരണം ഇപ്പോള്‍ ആന്‍സമ്മ സാബുവില്‍ എത്തി നില്‍ക്കുന്നു. ആറരപതിറ്റാണ്ടിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ പന്ത്രണ്ട് പേര്‍ നേതൃത്വം തെളിയിച്ചു.

ജനപ്രതിനിധിയെന്ന നിലയില്‍ ചരിത്രമെഴുതിയ കെ.എം. മാണിയുടെ ജന്മനാടാണ് മരങ്ങാട്ടുപിള്ളി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസും മരങ്ങാട്ടുപിള്ളി സ്വദേശിയാണ്.

ജൂബിലിയുടെ നിറവില്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വിധത്തില്‍ ഓരോ വിഭാഗക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള കര്‍മ്മ പരിപാടിയാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ബാലസംഗമം, ഭിന്നശേഷിക്കാരുടെ ഒത്തുചേരല്‍, കര്‍ഷക സംഗമവും ആദരിക്കലും, വനിതാ കൂട്ടായ്മ, വയോജന കൂട്ടായ്മ, കുമാരി സംഗമം മുന്‍കാല ഭരണസമിതി അംഗങ്ങളെ ആദരിക്കല്‍ തുടങ്ങിയവ ഈ സഫയര്‍ ജൂബിലിയുടെ പ്രത്യേകതകളാണ്.

19-ന് 10 മണിയ്ക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും.

മുന്‍കാല ഭരണസമിതി അംഗങ്ങളായ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍ എന്നിവരെ പ്രത്യേകം മൊമെന്റോ നല്‍കി ആദരിക്കും.✍

×