Advertisment

ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്നു പുറത്താക്കപ്പെടുന്നത്;ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുതെന്ന് വിശ്വാസികളോട് മാര്‍പാപ്പ

New Update

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുതെന്ന് വിശ്വാസികളോട് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയില്‍ നിന്ന് മാര്‍പാപ്പ നടത്തുന്ന പരമ്പരാഗത ‘ഉര്‍ബി എത് ഒര്‍ബി’ പ്രസംഗവും ഇന്ന് നടക്കും.

Advertisment

ബത്‌ലഹേമിലും ഇസ്രയേല്‍ പട്ടണമായ നസ്‌റേത്തിലും പാതിരാകുര്‍ബാനയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയതിയത്. തീവവാദ ആക്രമണ ഭീഷണിയുള്ളതിനാല്‍ ബെത്‌ലഹേമില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു.

publive-image

ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുത്. യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റെയും മേരിയുടെയും യാത്രാവഴിയില്‍ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ട്. അത്തരത്തില്‍ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്നു പുറത്താക്കപ്പെടുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെയും അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നു.

ഇതെല്ലാം നാം കാണുന്നുണ്ട്. യേശു ക്രിസ്തുവിന്റെ ജനനത്തിനു സാക്ഷ്യം വഹിച്ച ആട്ടിടയന്മാര്‍ പോലും സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ടവരായിരുന്നു. അവരെയും മോശക്കാരായ ‘വിദേശി’കളായിട്ടായിരുന്നു ചിത്രീകരിച്ചതെന്നും മാര്‍പാപ്പ പറഞ്ഞു. തങ്ങളുടെ അധികാരം അടിച്ചേല്‍പ്പിക്കാനും സ്വത്ത് വര്‍ധിപ്പിക്കാനും ശ്രമിക്കുന്ന നേതാക്കള്‍ക്ക് സാധാരണക്കാരുടെ രക്തം ചിന്തുന്നതില്‍ യാതൊരു പ്രശ്‌നവുമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്നും മാര്‍പാപ്പ വ്യക്തമാക്കി.

അഭയാര്‍ഥികള്‍ക്ക് സുരക്ഷിത സ്ഥാനം വാഗ്ദാനം ചെയ്തു പണം വാങ്ങി മനുഷ്യക്കടത്തു നടത്തുന്നവരുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്നത് വിസ്മരിക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മെഡിറ്ററേനിയന്‍ സമുദ്രം കടന്ന് യൂറോപ്പിലേക്കുള്ള പലായനത്തില്‍ 14,000ത്തിലേറെ പേരാണു കൊല്ലപ്പെട്ടത്.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് മാര്‍പാപ്പയുടെ വാക്കുകള്‍. ക്രിസ്തുവിന്റെ ജന്മസ്ഥലമായ വെസ്റ്റ് ബാങ്കിലെ ബത്‌ലഹേമിലും ഡിസംബര്‍ ആറിലെ ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് സംഘര്‍ഷം ശക്തമായിരുന്നു.

marpappa
Advertisment