കലൈഞ്ജര്‍ക്ക് ഇന്ന് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. പ്രധാനമന്ത്രി മുതല്‍ രാഹുല്‍ ഗാന്ധിയും സോണിയയും മന്‍മോഹനും വരെ ചെന്നൈയിലേയ്ക്ക്

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, August 7, 2018

ചെന്നൈ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ സംസ്കാര സ്ഥലത്തെചൊല്ലി തര്‍ക്കം തുടരുന്നതിനിടെ അദ്ദേഹത്തിന്‍റെ മൃതദേഹം പുലര്‍ച്ചെ മുതല്‍ ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ കാവേരി ആശുപത്രിയില്‍ നിന്ന് ഗോപാലപുരത്തെ വസതിയിലും മകള്‍ കനിമൊഴിയുടെ വസതിയിലും മൃതദേഹം എത്തിക്കുന്നുണ്ട് . അതിനുശേഷമാകും രാജാജി ഹാളിലെ പൊതുദര്‍ശനം.

കലൈഞ്ജര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ചെന്നൈയില്‍ എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് തുടങ്ങിയവരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ഇന്ന്‍ തമിഴ്‌നാട്ടില്‍ എത്തും.

സോണിയാഗാന്ധി കരുണാനിധിയുടെ മൃതദേഹം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ പരിപാടിയ്ക്ക് സ്ഥിരീകരണം ആയിട്ടില്ല. കേരളത്തില്‍ നിന്നും മന്ത്രിസഭയുടെ പ്രതിനിധി ചടങ്ങില്‍ സംബന്ധിക്കും.

×