അച്ഛന്റെ പൈതൃകമാണ് എന്റെ മകളെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’; ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍ ആറ് ആഴ്ച ഗര്‍ഭിണിയായ ഭാര്യയുടെ ഫോട്ടോഷൂട്ട്

Tuesday, February 13, 2018

കരോലീന: ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികനായ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്ക് ആറ് ആഴ്ച ഗര്‍ഭിണിയായ ഭാര്യ ഒരുക്കിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. നോര്‍ത്ത് കരോലീനയിലെ ഫോര്‍ട്ട് ബ്രാഗിലാണ് ഭര്‍ത്താവിന്റെ സ്മരണയില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ വെച്ച് ചിത്രങ്ങള്‍ എടുത്തത്.

യുഎസ് സൈന്യത്തിലെ ആര്‍മി കമാന്‍ഡോ ആയിരുന്ന ക്രിസ്റ്റഫര്‍ ഹാരിസ്(25) കൊല്ലപ്പെട്ടെന്ന വാര്‍ത്ത ആറ് ആഴ്ച ഗര്‍ഭിണിയായ ഭാര്യ ബ്രിട്ട് ഹാരിസിനെ തളര്‍ത്തിക്കളഞ്ഞു. അഫ്ഗാനിസ്താനില്‍ ചാവേര്‍ ബോംബോറിലാണ് ക്രിസ്റ്റഫര്‍ ഹാരിസ് കൊല്ലപ്പെടുന്നത്. തനിക്ക് വേണ്ടിയൊരു ചെറിയ അത്ഭുതം ബാക്കി വെച്ചാണ് ഭര്‍ത്താവ് പോയതെന്ന് ബ്രിട്ട് പറയുന്നു.

ആഷെവില്ലയിലെ ഫ്രെഞ്ച് ബ്രോഡ് നദിയുടെ തീരത്താണ് മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട് വേദിയായത്. തന്റെ ഭര്‍ത്താവിനെ ഓര്‍ത്തുകൊണ്ടാണ് ഓരോ ഫോട്ടോയ്ക്കും ബ്രിട്ട് പോസ് ചെയ്തത്. ചുവന്ന ഗൗണില്‍ അതിസുന്ദരിയായാണ് തന്റെ ഉദരത്തിലെ മാലാഖയ്ക്കായി ഫോട്ടോഷൂട്ട് നടത്തിയത്.

മാര്‍ച്ച് 24നാണ് ബ്രിട്ടിന്റെ പ്രസവ തീയതി. ക്രിസ്റ്റഫര്‍ മൈക്കലിന്റെ ഓര്‍മ്മയ്ക്ക് ക്രിസ്റ്റിയന്‍ മിഷേല്‍ എന്നാണ് ബ്രിട്ട് മകള്‍ക്കായി കണ്ടെത്തിയിരിക്കുന്ന പേര്. തനിക്ക് പിന്തുണയുമായി ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ സൈനികര്‍ ഉണ്ട്. സ്‌കാനിംഗ് സമയത്ത് പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞ നിമിഷം ആഘോഷമാക്കി മാറ്റിയതെല്ലാം ബ്രിട്ട് ഇപ്പോഴും ഓര്‍ക്കുന്നു.

‘ഇപ്പോള്‍ എനിക്ക് ഒരാഗ്രഹമേ ഉള്ളൂ. അവളുടെ അച്ഛന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെ അവള്‍ വളരണം. അവള്‍ അവളുടെ അച്ഛന്റെ പൈതൃകമാണെന്ന് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’. ബ്രിട്ട് പറയുന്നു.

×