മോഡിയുടെ ഒന്നാമത്തെ ശത്രുക്കളിൽ ഒരാളാണ് ശശി തരൂർ. അവർ ഭയപ്പെടുന്നത് തരൂരിനെ പോലുള്ളവരെയാണ് ; യുഡിഎഫ് 19 സീറ്റില്‍ വിജയിച്ച് തിരുവനന്തപുരത്ത് മാത്രം പരാജയപ്പെട്ടാലും ഈ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതായി ഞാന്‍ കണക്കാക്കും ; ശശി തരൂര്‍ മലയാളിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്ന് മാത്യു കുഴല്‍നാടന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, April 21, 2019

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്തി ശശിതരൂരിന് പിന്തുണയുമായി അഡ്വ.മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍ . തരൂര്‍ മലയാളിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. സംഘപരിവാറിന്റെയും നരേന്ദ്രമോദിയുടെയും പ്രധാനശത്രുവാണ് തരൂരെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്ത് തരൂര്‍ ജയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങളും മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

മതേതര കേരളത്തോട് ഒരഭ്യർത്ഥന..

തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കേരളത്തിൽ ഏറ്റവും നിർണ്ണായകമായ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം 19 സീറ്റ് ജയിച്ച് തിരുവനന്തപുരം മാത്രം പരാജയപ്പെട്ടാലും ഈ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതായി ഞാൻ കണക്കാക്കും. അത് മറ്റൊന്നും കൊണ്ടല്ലാ, നമ്മുടെ ആത്യന്തികമായ പോരാട്ടം വർഗ്ഗീയ രാഷട്രീയത്തോടാണ് എന്നത് കൊണ്ടാണ്.

ഇടത് പക്ഷ സുഹൃത്തുക്കളും ഇത് അംഗീകരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇനി രണ്ടാമത്തെ കാര്യം, ശശി തരൂർ മലയാളിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനാണ്. പക്ഷെ അദ്ദേഹം പരാജയപ്പെടരുത് എന്ന് ഞാനാഗ്രഹിക്കുന്നത് അതുകൊണ്ടല്ല.

നിങ്ങളറിയണം, RSS ന്റെ, സംഘപരിവാറിന്റെ, നരേന്ദ്ര മോഡിയുടെ ഒന്നാമത്തെ ശത്രുക്കളിൽ ഒരാളാണ് ശശി തരൂർ. അവർ ഭയപ്പെടുന്നത് തരൂരിനെപ്പോലുള്ളവരെയാണ്. ഹിന്ദുവിന്റെ പേരിൽ ഭൂരിപക്ഷ വർഗ്ഗീയ രാഷ്ട്രീയം എന്ന സംഘപരിവാർ പ്രത്യയശാസ്ത്രത്തെ ഏറ്റവും കരുത്തോടെ നേരിടാൻ കഴിയുന്ന നേതാക്കളിൽ ഒന്നാമനാണ് ശശി തരൂർ. ‘Why I am a Hindu’ എന്ന പുസ്തകം RSS രാഷ്ട്രീയത്തിന്റെ മുഖത്ത് ഏറ്റ കനത്ത അടിയായിരുന്നു. അതിന് പിന്നാലെ വന്ന ‘Paradoxical Prime Minister’ അക്ഷരാർത്ഥത്തിൽ നരേന്ദ്ര മോഡിയെ പിച്ചിചീന്തി.

എത് ഹിന്ദുവിന്റെയും അഭിമാനമായ തരൂരിനെ അവർ ഭയപ്പെടുന്നത് സ്വാഭാവീകം. എല്ലാത്തിനേം ഉൾക്കൊള്ളാൻ കഴിയുന്ന ഹിന്ദു മതത്തിന്റെ ധർമ്മം. സ്വാമി വിവേകാനന്ദനും, മഹാത്മാഗാന്ധിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പിസ്വാമി കളും ഒക്കെ ഉയർത്തിപ്പിടിച്ച അതേ ഹൈന്ദവ ധർമ്മം കൊണ്ട് തന്നെ വേണം RSS നെ നേരിടാൻ.

ഈ രാജ്യത്തിന്റെ മതേതരത്വം നിലനിർത്തുന്നത് ഇവിടത്തെ ന്യൂനപക്ഷങ്ങളോ ന്യൂനപക്ഷത്തിന്റെ ശക്തിയോ അല്ലാ എന്ന് നാം മനസ്സിലാക്കണം. യത്ഥാർത്ഥ ഹൈന്ദവ സംസകാരത്തിന് മുന്നിലാണ് സംഘ പരിവാറിന് അടി പതറുക. അവർ തരൂരിനെ ഭയപ്പെടുന്നതും അതുകൊണ്ട് തന്നെ. തരൂരിന്റെ ആഴത്തിലുള്ള ചിന്തയേയും, മൂർച്ചയേറിയ നാവിനേയും, തീക്ഷ്ണമായ എഴുത്തിനേയും അവർ ഭയപ്പെടുന്നു.

അതു കൊണ്ട് തന്നെ BJP യും സംഘപരിവാറും അതിന്റെ സർവ്വശക്തിയും പ്രയോഗിക്കുന്നത് തരൂരിനെ പരാജയപ്പെടുത്താനാണ്. നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്നതും മറ്റൊന്നും കൊണ്ടല്ലാ. എന്ത് വില കൊടുത്തും ഈ മനുഷ്യനെ നമ്മുക്ക് വിജയിപ്പിക്കണം. അത് കോൺഗ്രസ്സിനോ യു.ഡി.എഫ് നോ വേണ്ടിയല്ല. മറിച്ച് RSS നെ പരാജയപ്പെടുത്താനാണ്.

എന്നെ ഒരുപാട് സുഹൃത്തുക്കൾ വിദേശത്ത് നിന്നും, രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തെ അവസ്ഥയേക്കുറിച്ച് ആശങ്കയോടും കൗതുകത്തോടും അന്വോഷിക്കാറുണ്ട്. അവരെല്ലാം ആഗ്രഹിക്കുന്നത് കേരളം വർഗ്ഗീയ വാദികളുടെ കൈയ്യിൽ അമരരുത് എന്നാണ്. ഇങ്ങനെ ആഗ്രഹിക്കുന്ന പതിനായിരങ്ങൾ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. പലരും തങ്ങളുടെ സഹായം വാഗ്ദാനം ചെയ്യാറുമുണ്ട്.

എന്നാൽ എല്ലാവരോടും ഒരഭ്യർത്ഥന മാത്രമാണ് ഉള്ളത്. നിങ്ങൾ മറ്റൊന്നും ചെയ്യണ്ട. നിങ്ങളുടെ പരിചയത്തിൽപെട്ട 5 വോട്ട് അല്ലെങ്കിൽ കുറഞ്ഞത് 2 വോട്ട്, തിരുവനന്തപുരത്ത് തരൂരിന് ഉറപ്പാക്കുക. ഒരു പക്ഷേ അതിന് വേണ്ടി വരിക പത്ത് ഫോൺ കോളോ അര മണിക്കൂറോ ആണ്. അത് നിങ്ങൾ കരുതുന്നത് പോലെ ചെറിയ സഹായമല്ല, വലിയ സഹായമാണ് എന്ന് തിരിച്ചറിയുക.

കഴിഞ്ഞ ദിവസം ഞാൻ എന്റെ 100 സുഹൃത്തുക്കളോട് ഈ അഭ്യർത്ഥന നടത്തി. ഞാൻ പോലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ലഭിച്ചത്. ഈ സന്ദേശം ഉൾക്കൊള്ളാനും പ്രചരിപ്പിക്കാനും കഴിഞ്ഞാൽ വലിയ നേട്ടമുണ്ടാകും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഈ പോരാട്ടത്തിൽ നിങ്ങളുടെ ഒരു കൈ സഹായം ആത്മാർത്ഥമായി അപേക്ഷിക്കുന്നു..

ഏറേ സ്നേഹത്തോടെ..

മാത്യു കുഴൽനാടൻ

×