Advertisment

കനത്ത മഴയിലും കാറ്റിലും നാശം വിതച്ച ആയവനയില്‍ സര്‍ക്കാര്‍ സഹായത്തിനായി കാത്തു നില്‍ക്കില്ല; കേടുപാടുകള്‍ സംഭവിച്ച മൂന്ന് വീടുകളുടെ പുനര്‍മ്മാണം മുപ്പത് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് വ്യത്യസ്തമായ ഇടപെടലുമായി മാത്യു കുഴല്‍നാടന്‍

New Update

publive-image

Advertisment

മൂവാറ്റുപുഴ: വേനല്‍ മഴയിലും കനത്ത കാറ്റിലും നാശം വിതച്ച ആയവന പഞ്ചായത്തിലെ വീടുകളില്‍ ദുരിതമനുഭവിക്കുന്ന ആശ്രയമില്ലാത്ത മൂന്ന് കുടുംബങ്ങളുടെ വീടുകളുടെ പുനര്‍മ്മാണം മുപ്പത് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും നിയമസഭ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ. മാത്യു കുഴല്‍നാടന്‍.

നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സഹായത്തിനായി കാത്തുനില്‍ക്കുവാന്‍ നിവൃത്തിയുമില്ലാത്ത ദുരിതമനുഭവിക്കുന്നവരും ആശ്രയവുമില്ലാത്തവരുമായ മൂന്നു കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ തീരുമാനിച്ചത്. ഇതില്‍ രണ്ടുപേര്‍ വിധവകളും മറ്റൊരാള്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയുമാണ്.

പ്രകൃതി ദുരന്തങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. ഈ സന്ദര്‍ശനങ്ങളുടെ ഫലം ദുരിത ബാധിതര്‍ക്ക് ലഭിക്കണമെങ്കില്‍ എത്ര നാള്‍ കാത്തിരിക്കണമെന്ന് യാതൊരു ഉറപ്പുമില്ല. മാത്രവുമല്ല മിക്കവാറും സഹായം ലഭിക്കാറുമില്ല. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു മാത്യു കുഴല്‍നാടന്റെ സന്ദര്‍ശനവും ദുരിത ബാധിതര്‍ക്കുള്ള ഉറപ്പും.

ഏറ്റെടുക്കുന്ന വീടുകള്‍ക്ക് സഹായിക്കാന്‍ കഴിയാവുന്നവരുടെ സഹായം സ്വീകരിച്ചും സഹകരിപ്പിക്കാന്‍ കഴിയുന്നവരെ സഹായിച്ചും കുറവു വരുന്ന തുക നികത്തിയും നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സര്‍ക്കാര്‍ കാല താമസം ഒഴിവാക്കി മറ്റു വീടുകളുടെ അറ്റകുറ്റ പണികള്‍ക്കായി ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മാത്യു പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് വേനല്‍ മഴയ്ക്കൊപ്പം ആഞ്ഞ് വീശിയ ചുഴലി കൊടുംകാറ്റിലും ആയവന പഞ്ചായത്തില്‍ വന്‍ നാശ നഷ്ടമാണുണ്ടാക്കിയത്. മഴയിലും കാറ്റിലും മരങ്ങള്‍ വീണ് 13-ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പഞ്ചായത്തിലെ പുന്നമറ്റം, വേങ്ങത്തണ്ട്, കടുംപിടി, തോട്ടഞ്ചേരി പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്ക് മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 9 വീടുകളുടെ മേല്‍ക്കൂരകളില്‍ മരം വീണ് വന്‍ നാശ നഷ്ടമാണ് സംഭവിച്ചത്. 3 വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും കാറ്റില്‍ പറന്നു പോയി.

ഒന്നാം വാര്‍ഡിലെ പുന്നമറ്റത്ത്് മാര്‍ക്കരയില്‍ വീട്ടില്‍ മേരി ഏലിയാസിന്റെ വീടാണ് പൂര്‍ണ്ണമായി തകര്‍ന്നത്. അഞ്ചു വര്‍ഷത്തിന് മുമ്പ് ഭര്‍ത്താവു മരിച്ചതോടെ മകളെയും സുഖമില്ലാത്ത ഭര്‍തൃസഹോദരിയേയും പോറ്റാനായി ആക്രികടയില്‍ ദിവസ വേതനത്തിന് ജോലിനോക്കുകയാണ് മേരി. മറ്റാരും സഹായിക്കാനില്ലാത്ത മേരിയുടെ വീടും പൂര്‍വ്വ സ്ഥിതിയിലാക്കും.

രണ്ടാം വാര്‍ഡിലെ കടുംപിടിയില്‍ കുന്നുംഭാഗത്ത് അമ്മിണി കുഞ്ഞപ്പന്റെ വീടും തകര്‍ന്നിരുന്നു. ചിമ്മിനിയും വീടിന്റെ ഒരുഭാഗവും കാറ്റില്‍ തകര്‍ന്നു. വിധവയായ മകളുമൊത്ത് തൊഴിലുറപ്പിനുപോയാണ് അമ്മിണി ജീവിക്കുന്നത്. ഈ വീടും പുനര്‍ നിര്‍മ്മാണം നടത്തും.

14ആം വാര്‍ഡിലെ തോട്ടഞ്ചേരി തൂക്കുപാലം കോളനിയിലെ മൂഴിക്കതണ്ടേല്‍ രാജന്റെ വീടും ഉപജീവന മാര്‍ഗ്ഗമായിരുന്ന കടയും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ബൈപാസ് സര്‍ജറി നടത്തിയത്, ഈ വീടും മുപ്പതു ദിവസത്തിനകം പൂര്‍വ്വ സ്ഥിതിയിലാക്കും.

മൂന്നു വീടുകളുടേയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഡോ. മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ദുരന്ത മുഖത്ത് സന്ദര്‍ശനം നടത്തി മടങ്ങുന്ന രാഷ്ട്രീയക്കാരുടെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമാവുകയാണ് മാത്യുവിന്റെ ഇടപെടല്‍. ചെറിയ കാര്യങ്ങള്‍ ആയാലും സമയ ബന്ധിതമായി നടപ്പിലാക്കുമെന്ന് മാത്യൂ പറഞ്ഞു. ഒന്നാംവാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് അജീഷും, രണ്ടില്‍ പഞ്ചായത്ത് അംഗം ജയിംസുകുട്ടിയും പതിനാലില്‍ മുന്‍ പഞ്ചായത്ത് അംഗം വിന്‍സന്റ് ജോസഫും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

kochi news
Advertisment