അടിച്ചുകൊന്നാലും വെട്ടിക്കൊന്നാലും ക്രൂരവും നിന്ദ്യവും തന്നെ. മമ്മൂട്ടിക്ക് മധു അനുജനായിരിക്കാം, ഷുഹൈബ് അമ്മായിയുടെ മകനല്ലാത്തതുകൊണ്ടാകാം മിണ്ടാതിരുന്നത്. മോഹന്‍ലാല്‍ – സുഗതകുമാരി – സാറാ ജോസഫ് -അജിത – കെ ആര്‍ മീര – ആഷിക് അബു, നിങ്ങളെ കാത്ത് ഒരുപ്പായും ഉമ്മയും രണ്ടു പെൺകുട്ടികളും മട്ടന്നൂരിലുമുണ്ട്

ദാസനും വിജയനും
Friday, February 23, 2018

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പരതുകയായിരുന്നു , പ്രതികരണ തൊഴിലാളികളുടെ പോസ്റ്ററുകളും അവരുടെ വാക് ധോരണികളും അവരുടെ സെൽഫി വീഡിയോകളും ഒക്കെ നോക്കിയപ്പോൾ മായാനദികളും സാഹിത്യ അവാർഡുകളും കുരീപ്പുഴയും ഒക്കെയായി ജീവിതം തള്ളി നീക്കുകയായിരുന്നു .

പെട്ടെന്ന് ഇന്നലെ കാണാനായത് ” കറുത്തിട്ടാണ് – മുഷിഞ്ഞിട്ടാണ് – പിന്നെ വിശന്നിട്ടും !!!” എന്നുള്ള ചില വാക്കുകളും ” എന്തിനാ അവനെ കൊന്നേ? , അവൻ കട്ടിട്ടാ … , അതിന്നവനെ കൊല്ലണമോ ? അവൻ കറുത്തിട്ടാ ..!,അവൻ മുഷിഞ്ഞിട്ടാ …!! പിന്നെ വിശന്നിട്ടാ ….!!! എന്നുള്ള ചില കറുത്ത പോസ്റ്ററുകളും .

മധുവെന്ന ആദിവാസി യുവാവ് മരിച്ചത് പോലീസ് ജീപ്പിലാണ് ? കണ്ണൂരില്‍ ഷുഹൈബ് എന്ന യൂത്ത്കോണ്‍ഗ്രസുകാരന്‍ കൊല്ലപെട്ടതിന്റെ കോലാഹലം തൃശൂരില്‍ സമ്മേളനം നടത്തുന്ന പാര്‍ട്ടിക്ക് തീരാ തലവേദനയായി മാറിയപ്പോഴാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിന്‍റെ മരണം.

അടിച്ചു കൊന്നാലും 37 വെട്ടുകള്‍ ചാര്‍ത്തി കൊന്നാലും കൊലപാതകം ക്രൂരവും മനുഷ്യത്ത രഹിതവുമാണ്

ജനങ്ങൾ കൈകാര്യം ചെയ്തുവെന്ന് പറയുന്നുണ്ടെങ്കിലും മധുമരിച്ചത് പോലീസ് വണ്ടിയിൽ വെച്ചാണ്. വീഡിയോ ദൃശ്യങ്ങളില്‍ യുവാക്കള്‍ മധുവിനെ മര്‍ദ്ദിക്കുന്നത് കാണാനില്ല. തൊട്ടടുത്തുള്ള മുക്കാലി ലോറി സ്റ്റാണ്ടില്‍ വച്ചാണ് മര്‍ദ്ദനം നടന്നതെന്ന് പറയുന്നു. അവിടെ പ്രതികള്‍ ആരാണ് എന്ന് കണ്ടെത്തണം.

പക്ഷെ അതില്‍ ലീഗ് എം എല്‍ എ യുടെ പരിചയക്കാരന്‍ ഉണ്ടാകണം എന്ന് നിര്‍ബന്ധമില്ല – അതൊക്കെയാണ്‌ വിഷയം. അപ്പോള്‍ മധുവിന്‍റെ കൊലയാളികളെ കണ്ടെത്തുകയല്ല വിഷയം, കണ്ണൂരിലെ 37 ഫെയിം കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണ് യഥാര്‍ഥ പ്രശ്നം.

 

കണ്ണൂരില്‍ ഒരു ചെറുപ്പക്കാരനെ പച്ചയ്ക്ക് ഇറച്ചി വെട്ടുംപോലെ വെട്ടിയെന്ന് കേട്ടപ്പോള്‍ മാളത്തിൽ ഒളിച്ചിരിക്കുന്ന സമൂഹ്യ ജീവികളും സാംസ്കാരിക ബുദ്ധിജീവികളും സാഹിത്യകാരന്മാരായ ഇല നക്കികളും പ്രതികരണത്തൊഴിലാളികളായ തെണ്ടികളും ഒക്കെ തല പുറത്തേക്ക് ഇട്ട് എന്തെങ്കിലും ഉരുവിടണമെങ്കിൽ ഇതുപോലെ ഉരുട്ടിക്കൊലയോ ആദിവാസിക്കൊലയോ തെരഞ്ഞെടുപ്പ് കൊലകളോ മാവോയിസ്റ് അക്രമണക്കൊലകളോ അങ്ങനെ എന്തെങ്കിലുമൊക്കെ നടന്നാലേ കാര്യമുള്ളൂ .

സാധാരണക്കാരന്റെ മരണം അല്ലെങ്കിൽ അവരുടെ കൊലപാതകങ്ങൾ അവർക്കു പുച്ഛമാണ് അല്ലെങ്കിൽ നിസ്സാരമാണ് .

കൊച്ചിയിൽ തൃശൂർക്കാരനായ ഒരു യുവാവ് ജോലി അന്വേഷിച്ചു അലയുന്നതിനിടയിൽ ഒരു കെട്ടിടത്തിൽ നിന്നും വീണു കിടന്നപ്പോൾ തിരിഞ്ഞുനോക്കാത്ത ഒരു മനസ്സാണ് ഇന്നിപ്പോൾ കേരളത്തിന്റെ സ്വന്തം .

പ്രബുദ്ധർ , സാക്ഷരർ ( അത് പറഞ്ഞു പറഞ്ഞു ബോറടിയായി ) ഉത്ബുദ്ധർ , ആവിഷ്കാരം എന്നിങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കേരളത്തിന്റേതായി കണ്ടുപിടിച്ചതാണെങ്കിലും എല്ലാം വൃഥാവിലായി എന്നതാണ് നമ്മുടെ ദുരവസ്ഥ .

മുപ്പത്തിരണ്ടോ നാല്പത്തിയൊന്നോ വെട്ടുകളാൽ കാലുകൾ നുറുക്കിയെടുത്ത ഷുഹൈബ് എന്നൊരു മനുഷ്യസ്നേഹി കേരളത്തിന്റെ ഭൂപ്രദേശമായ മട്ടന്നൂരിൽ മരിച്ചുവീഴുമ്പോൾ ഇപ്പറഞ്ഞ വാക്കുകൾക്കൊന്നും പ്രസക്തിയില്ലാതെയായി . അവിടെയും ഇപ്പറഞ്ഞ സാഹിത്യ ബുദ്ധിജീവി സിനിമക്കാരെയും പ്രതികരണ തെണ്ടികളെയും കണ്ടില്ല .

മമ്മൂട്ടി – മധു അനുജനാണ് സമ്മതിച്ചു, ഷുഹൈബ് ആരുമല്ലാതായതെങ്ങനെ ?

ആദ്യമായി പറയുവാനുള്ളത് മലയാളത്തിന്റെ മഹാനടന്മാരായ മമ്മുട്ടിയോടും മോഹൻലാലിനോടും ആണ്. കണ്ണൂരിലെ സംഭവം മമ്മൂട്ടി അറിഞ്ഞില്ല. മണ്ണാര്‍ക്കാട് മധു മരിച്ചപ്പോള്‍’ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’ എന്നൊക്കെയുള്ള വലിയ വര്‍ത്തമാനങ്ങളുമായി രംഗത്ത് വന്നു കഴിഞ്ഞു.

മധു അങ്ങേയ്ക്ക് അനുജനായിരിക്കാം, ഷുഹൈബ് അമ്മായിയുടെ മകനല്ലാത്തതുകൊണ്ടാകാം മിണ്ടാതിരുന്നതെന്നും വിശ്വസിക്കുന്നു. അത് പോട്ടെ !

മമ്മുട്ടിക്ക് ഏറെ സ്വാധീനമുള്ള പാർട്ടിയാണ് സിപിഎം . അതിലെ തലതൊട്ടപ്പന്മാരുമായി ഏറെ പുലബന്ധം പുലർത്തുന്ന മമ്മുട്ടിയെന്ന മനുഷ്യസ്നേഹി ഇപ്പോൾ മാമാങ്കം കളിക്കുകയാണ് .

അബ്രഹാമിന്റെ സന്തതികൾ പരോളിൽ ഇറങ്ങി സ്ട്രീറ്റ് ലൈറ്റിനടിയിൽ ഒരു നന്മയുള്ള ചെറുപ്പക്കാരനെ മാസ്റ്റർപീസ് ആക്കിയപ്പോൾ പുള്ളിക്കാരൻ സ്റ്റാറായി അരങ്ങു തകർക്കുകയായിരുന്നു .

തിരഞ്ഞെടുപ്പുകൾ വരുമ്പോൾ സ്ഥാനാർഥി നിർണ്ണയത്തിൽ മുതൽ അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥി വരെ എത്തിനിൽക്കുന്ന മമ്മുട്ടിക്ക് ഇപ്പറഞ്ഞ കൊമ്പൻ സ്രാവുകളെ ഉപദേശിക്കുവാനുള്ള ചങ്കൂറ്റമില്ല എന്നതാണ് നമ്മുടെ ഉത്ബുദ്ധ കേരളത്തിന്റെ ഏറ്റവും വലിയ പോരായ്മ .

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ന്യുനപക്ഷ വോട്ടുകളും സിനിമ സ്നേഹികളുടെ വോട്ടുകളും ഒക്കെ സ്വന്തം പെട്ടിയിൽ ആക്കുവാനായി ശ്രമിക്കുന്ന കൊമ്പൻ സ്രാവുകളെ നല്ല നടപ്പ് നടത്തിക്കുവാനുള്ള കപ്പാസിറ്റി മമ്മുട്ടിക്കൊന്നും ഇല്ലാതെ പോയതാണ് ഇവിടെ തോന്നിയതുപോലെ അറിഞ്ഞുനുറുക്കിയെടുക്കുന്ന മനുഷ്യ ജീവനുകൾ .

പണവും പ്രശസ്തിയും പത്രങ്ങളിലൂടെയുള്ള ചാരിറ്റി പ്രവർത്തനങ്ങളും മാത്രമല്ല ജീവിതം . അതിന്നപ്പുറത്ത് മനുഷ്യത്വം എന്ന വാക്കിന് കൂടി വിലകൽപ്പിക്കണം.

മോഹന്‍ലാലിനും ഒരു ബ്ലോഗ്‌ ആകാമായിരുന്നു

മലയാള മനോരമയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ വരികൾ കടമെടുത്താണെകിലും മലയാളിക്ക് വേണ്ടി ബ്ലോഗ് ഇറക്കുന്ന മോഹൻലാൽ ഇപ്പോൾ ഒടിയൻ കളിക്കുകയാണ് . പേരിൽ പുലിമുരുകൻ ആണെങ്കിലും പട്ടാളക്കാരന്റെ കൂടെ കൂട്ട് കൂടി അങ്ങേരുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ട് വില്ലനായി രൂപാന്തരപ്പെട്ടോ എന്നതാണ് ജനത്തിന്റെ സംശയം.

ലോകത്തിലുള്ള ഏത് വിഷയത്തിലും ബ്ലോഗിലൂടെ പ്രതികരണം അറിയിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടനും ഇപ്പോൾ ഭരിക്കുന്നവരെ പേടിയാണോ എന്നൊരു സംശയം . അസഹിഷ്ണുതയുടെ വക്താക്കളായ ഭരണക്കാർക്ക് എല്ലാവരും അവരെ പൊക്കി പറയണം . അവരെക്കുറിച്ചു നല്ലത് എഴുതണം . സിനിമകളിൽ വരെ അവരെ കുറ്റം പറയുവാൻ പാടില്ല .

ലെഫ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെ ഭീഷണിയുടെ ഇല്ലാതാക്കിയവർ , പിന്നീട് അവരെ ബാധിക്കുന്ന സിനിമയായ രാമലീലക്ക് മുൻപേ അതിനെ മുളയിലേ നുള്ളുവാൻ ശ്രമിച്ചു . മോഹൻലാൽ എങ്ങാനും ഇപ്പോൾ നടക്കുന്ന ഈ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ചാൽ അദ്ദേഹത്തെ എല്ലാവരും ചേർന്ന് സങ്കിയാക്കുന്ന അവസ്ഥയാണ് ഇന്നിപ്പോൾ കേരളത്തിന്റേത് .

സുഗതകുമാരി ടീച്ചറെ, സാറ ടീച്ചറെ – നിങ്ങളെ കാത്ത് ഒരുപ്പായും ഉമ്മയും രണ്ടു പെൺകുട്ടികളും മട്ടന്നൂരിൽ ജീവിക്കുന്നു

സുഗതകുമാരി- സാറാ ജോസഫ് -അജിത – കെ ആര്‍ മീര എന്നിങ്ങനെയുള്ള പ്രതികരണക്കാരെ കണ്ടത് ഇന്നാണ് . ഭരണം പിണറായി വിജയൻ ഏറ്റെടുത്തപ്പോൾ മുങ്ങിയതായിരുന്നിവര്‍ . ഇനിയിപ്പോൾ അടുത്ത ഭരണം വരുമ്പോൾ തിരിച്ചു വരുമായിരിക്കും . നിങ്ങളെ കാത്ത് ഒരുപ്പായും ഉമ്മയും രണ്ടു പെൺകുട്ടികളും മട്ടന്നൂരിൽ ജീവിക്കുന്നു .

അവർക്ക് നിങ്ങളോട് എന്തൊക്കെയോ പറയുവാനുണ്ട് . പക്ഷെ പല തവണ പല വിധത്തിൽ ശ്രമിച്ചിട്ടും നിങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ല . നിങ്ങൾ സാധാരണയായി ടിവി ചാനലുകളിലൊക്കെ രാത്രി നേരങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു എന്നറിഞ്ഞു .

പക്ഷെ അവിടെയൊക്കെ തപ്പിയിട്ടും യാതൊരു വിവരവുമില്ല. ഇന്നിപ്പോൾ മധു എന്ന ആദിവാസി ബാലന്റെ കൊലപാതകത്തിൽ നിങ്ങളില്‍ ചിലര്‍ മൗനം വെടിയും എന്ന് വിശ്വസിക്കുന്നു.

ആഷിഖ് അബു മട്ടന്നൂരില്‍ നടന്നതൊന്നും അറിഞ്ഞില്ലല്ലോ ? അല്ലേ !

ഒരു കാലത്ത് ഏറ്റവും അധികം ഫോളോവേഴ്സും ലൈക്കുകളും കിട്ടിയിരുന്ന ആഷിഖ് അബു എന്നൊരു സിനിമാക്കാരൻ ഇന്നിപ്പോൾ അതേ ഫോളോവേഴ്‌സിന്റെ ശല്യം കൊണ്ട് പൊറുതി മുട്ടുകയാണ് . എന്നും എപ്പോഴും എല്ലാവരെയും പറ്റിക്കുവാൻ പറ്റില്ല എന്നത് പുള്ളിക്കാരൻ മനസിലാക്കി എന്ന് തോന്നുന്നു .

ജില്ലാ നേതാവിന്‍റെ തണലിലും അത്യവശ്യം ക്വട്ടേഷൻ ഭീഷണികളാലും കുറെ നാൾ ജീവിച്ചു എങ്കിലും ജീവിതം യാഥാർഥ്യത്തിലേക്ക് കടന്നപ്പോൾ കറുപ്പും വെളുപ്പും തിരിച്ചറിഞ്ഞിരിക്കുന്നു .

ഡൽഹിയിലെ നിർഭയക്ക് വേണ്ടിയും പെരുമ്പാവൂരിലെ ജിഷക്ക് വേണ്ടിയും ഒക്കെ പ്രൊഫൈൽ കറുപ്പിച്ചപ്പോൾ അന്നൊക്കെ തിരഞ്ഞെടുപ്പുകൾ അടുത്തുണ്ടായിരുന്നു എന്ന് അദ്ദേഹത്തെ സ്നേഹിച്ചവർ മനസ്സിലാക്കിയിരുന്നില്ല .

ഇസ്‌ലാം നാമധാരി ആണെങ്കിലും ഇസ്‌ലാമിനെ കുറ്റം പറയുമ്പോൾ കുറെ ആളുകളെ കൂടെ കൂട്ടാം എന്ന് മനസിലാക്കിയ ആഷിഖ് മറുവശത്ത് അഴിമതിക്കെതിരെ പോരാട്ടങ്ങൾ നടത്തുകയും ചെയ്തു പോന്നു . പക്ഷെ വാക്കും പ്രവർത്തികളും രണ്ടും രണ്ടു വഴിക്കാണെന്ന് ജനം മനസിലാക്കിയപ്പോൾ നല്ല സിനിമയായ മായാനദി വരെ വറ്റി വരണ്ടു .

ഇക്കഴിഞ്ഞ കുറ നാളുകളായി സ്വന്തം എഫ്ബി പേജിൽ സിനിമയും സാഹിത്യവും ഒക്കെ എഴുതിയ ആഷിഖ് മട്ടന്നൂരിലെ ഷുവൈബിന്റെ വാർത്തകൾ അറിഞ്ഞിട്ടല്ലത്രേ . കമ്പിളിപ്പുതപ്പ് എന്ന അവസ്ഥയിലാണ് ഇന്നിപ്പോൾ ആഷിഖ് .

ഭാഗ്യലക്ഷ്മിജി, കൊല്ലപ്പെട്ട ഷുഹൈബിന് ഉമ്മയും പെങ്ങന്മാരും ഉണ്ട്

പിന്നെയുള്ളത് ഒരു ഭാഗ്യലക്ഷ്മിയും പാർവതി നായരും . അവരെ പറഞ്ഞിട്ട് കാര്യമില്ല . മരിച്ചത് അല്ലെങ്കിൽ കൊല്ലപ്പെട്ടത് ആണുങ്ങളാണല്ലോ ? പെണ്ണുങ്ങളല്ലല്ലോ ?

ആണായാലും പെണ്ണായാലും മനുഷ്യൻ മനുഷ്യനാണ് എന്നതും മനുഷ്യജീവന് വിലയുണ്ട് എന്നതും ജീവൻ എടുക്കുവാൻ ദൈവം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നതും ഇവറ്റകൾക്കറിഞ്ഞുകൂടാ എന്ന് തോന്നുന്നു .

വടക്കാഞ്ചേരിയിൽ വാണിഭം നടന്നപ്പോൾ പ്രതികരിച്ചതിന് കിട്ടിയ ഉപകാരമാണ് വിമൺ കളക്ടീവ് എന്ന സംഘടന. പിന്നെ അവരുടെ കമന്റ് ബോക്സിൽ കിട്ടിയ സഖാവ് തെറികളും എല്ലാകൂടിയായപ്പോൾ അവരും പ്രതികരണങ്ങൾ വേണ്ടെന്നു വെച്ചു.

കൊല്ലപ്പെട്ട ഷുവൈബിന് ഉമ്മയും പെങ്ങന്മാരും ഉണ്ട് എന്നതും അവരൊക്കെ പെണ്ണുങ്ങൾ ആണെന്നുള്ളതും ഭാഗ്യലക്ഷ്മിജിയെ ഓർമ്മിപ്പിക്കുന്നു . ഭരിക്കുന്നവർ ഭീഷണി പെടുത്തിയിട്ടുണ്ടെങ്കിൽ ഒന്നും പറയുവാനും നിൽക്കേണ്ട .

ദീപ നിഷാന്തിനും ഈ വെട്ടിനുറുക്കലുകളിൽ സ്വന്തമായി അഭിപ്രായം ഇല്ലാത്തതാണോ ?

ഭൂമിക്കും ആകാശത്തിനും കീഴിലുള്ള ഏതേത് വിഷയത്തിലും സ്വന്തമായി അഭിപ്രായം പാസ്സാക്കുന്ന കേരളവർമ്മയുടെ സുന്ദരി ടീച്ചർ ദീപ നിഷാന്തിന് ഈ വെട്ടിനുറുക്കലുകളിൽ സ്വന്തമായി അഭിപ്രായം ഇല്ലാതെയായി .

സമീറാൻ സാമിയുടെ ഒരു പോസ്റ്റ് അങ്ങനെതന്നെ എടുത്തിട്ട് ഒരു കടമ കഴിച്ചു എന്നല്ലാതെ സ്വന്തം അഭിപ്രായം എങ്ങാനും എഴുതിയാൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷയ്ക്കാവുന്ന ഏതെങ്കിലും സീറ്റ് സിപിഎം തട്ടിക്കളഞ്ഞാലോ അല്ലേ ടീച്ചറേ ?

ചിലപ്പോൾ ബിരിയാണി കൊടുത്താലോ എന്ന് പറഞ്ഞതുപോലെ തൃശൂർ ലോക്‌സഭാ സീറ്റ് ചിലപ്പോൾ കിട്ടിയാലോ എന്ന് ടീച്ചർക്ക് തോന്നിയിട്ടുണ്ടങ്കിൽ തികച്ചും സ്വാഭാവികം .

ഷുവൈബ്‌ എന്ന മനുഷ്യസ്നേഹിയായ സാമൂഹ്യ പ്രവർത്തകനെ അരിഞ്ഞു നുറുക്കിയപ്പോൾ ടീച്ചറുടെ സ്വന്തം സുഹൃത്തായ നു നു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പടം വരപ്പുകാരനെയും കാണ്മാനില്ല .

അന്ന് പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലേക്കുള്ള ദൂരം പറഞ്ഞിട്ട് പോയതാണ് . അന്നും ഇപ്പറഞ്ഞതുപോലെ ഒരു തിരഞ്ഞെടുപ്പ് അടുത്തുണ്ടായിരുന്നു അല്ലേ .

സിപിഎമ്മിന്റെ കൊമ്പൻ സ്രാവുകളോട് ഒരു അഭ്യര്ഥനയുണ്ട് . നിങ്ങൾ കൊല്ലുന്നതെല്ലാം ജനങ്ങൾ സഹിക്കുന്നുണ്ട് . അവർക്ക് വേറെ നിവർത്തിയില്ലാത്തത് കൊണ്ടാകാം അവരെല്ലാം സഹിക്കുന്നത് . കൊലപാതകം ഹോബിയാക്കിയ ലോകനേതാക്കളുടെയല്ലാം അവസാന കാലഘട്ടങ്ങൾ നിങ്ങൾ ഒരു പുനർ വിചിന്തനം ചെയ്‌താൽ നന്നായിരുന്നു .

നേരത്തെ എഴുതിയപോലെ ജോർജ്ജ് ബുഷിനെ ചെരിപ്പെറിഞ്ഞതുപോലെ , ഗദ്ദാഫയെ ചവുട്ടികൂട്ടിയതുപോലെ , ഏറിയാൽ ഷാറോണേ തളർത്തി കിടത്തിയതുപോലെ നിങ്ങളെയും ദൈവം കൈകാര്യം ചെയ്യുന്ന കാലം അത്ര വിദൂരമല്ല .

മധുവായാലും ഷുഹൈബ് ആയാലും അവരുടെ ജീവൻ ഒന്നാണ്. അത് ദൈവം സമ്മാനിച്ചതാണ് . അത് എടുക്കുവാൻ ഒരു സദാചാര പോലീസിനും സാധാരണ പോലീസിനും പാർട്ടി കോടതിക്കും അധികാരമില്ല . ഷുഹൈബിന്റെ ചോരയാകട്ടെ കേരളത്തിലെ രാഷ്ട്രീയ പകപോക്കലിന്റെ അവസാന ചോര .

മധുവിന്റെ ജീവൻ ആകട്ടെ സദാചാരപോലീസ് ചമയുന്നവരുടെ അവസാനത്തെ ഇര . പടപൊരുതിയേ പറ്റൂ! എഴുത്ത് പടവാളാകട്ടെ ! മാധ്യമങ്ങൾ പക്ഷം പിടിക്കാതെ നന്മയെ പ്രചരിപ്പിക്കട്ടെ! രാഷ്ട്രീയക്കാർ കോമ്പ്രമൈസ് കളിക്കാതിരിക്കട്ടെ ! പോലീസുകാർ നല്ലവരാകട്ടെ !കോടതികൾ ജനകീയമാകട്ടെ !

കണ്ണീരിൽ കുതിർന്ന വേദനയുമായി,

മട്ടന്നൂരിൽ നിന്നും ദാസനും അട്ടപ്പാടി വിജയനും

×