മുലായം മോദിയെ പ്പോലെ വ്യാജനല്ല ; അദ്ദേഹം ആണ് പിന്നോക്കക്കാരുടെ ശരിയായ നേതാവെന്ന് മായാവതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 19, 2019

ന്യൂഡല്‍ഹി: രണ്ട് ദശാബ്ധക്കാലം ചിരവൈരികളായിരുന്ന എസ്പി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മായാവതിയും നീണ്ടക്കാലത്തിന് ശേഷം ആദ്യമായി ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലെ എസ്പി-ബിഎസ്പി- ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥിയായ മുലായം സിങ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരും വേദി പങ്കിട്ടത്. മുലായം സിങ് യാദവിന് വോട്ട് അഭ്യര്‍ത്ഥിച്ച് മായാവതി എത്തിയത് പ്രവര്‍ത്തകരില്‍ ആവേശമായി.

24 വര്‍ഷം മുന്‍പ് നടന്ന കുപ്രസിദ്ധ ഗസ്റ്റ് ഹൗസ് സംഭവത്തിന് ശേഷമാണ് ഒരുമിച്ചു നിന്ന മുലായവും മായാവതിയും രാഷ്ട്രീയത്തില്‍ വഴിപിരിഞ്ഞത്. ഇത് ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു മായാവതിയുടെ പ്രസംഗം. പിന്നോക്കവിഭാഗങ്ങളുടെ ശരിയായ നേതാവ് മുലായംസിങ് ആണ് എന്ന് മായാവതി പറഞ്ഞു.മുലായം പ്രധാനമന്ത്രി മോദിയെ പ്പോലെ അല്ലെന്നും അദ്ദേഹം ആണ് പിന്നോക്കക്കാരുടെ ശരിയായ നേതാവെന്നും മായാവതി പറഞ്ഞു.

രാജ്യത്തിന്റെ ഭാവിയെ കരുതിയും വലിയ ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും ചിലസമയങ്ങളില്‍ മുലായത്തിന് വിഷമമേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. പോയ വര്‍ഷങ്ങള്‍ മുലായത്തില്‍ ഒരു പാടു മാറ്റങ്ങള്‍ കൊണ്ടുവന്നു. ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം ഒരുപാടു കാര്യങ്ങള്‍ ചെയ്തു. ഉത്തര്‍പ്രദേശില്‍ എസ്പി ഭരിക്കുന്ന സമയത്ത് സ്ത്രീകള്‍ക്ക് മികച്ച പരിഗണന ലഭിച്ചതായും മായാവതി ഓര്‍മ്മിപ്പിച്ചു.

ആയിരങ്ങള്‍ അണിനിരന്ന റാലിയില്‍ ഇരുവരും പരസ്പരം പുകഴ്ത്തുകയും കേന്ദ്രഭരണത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. എനിക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയ മായാവതിയോട് നന്ദിയുണ്ടെന്നായിരുന്നു മുലായം സിങിന്റെ വാക്കുകള്‍.

ആവശ്യമുള്ള സമയത്തെല്ലാം ഞങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ള നേതാവാണ് മായാവതി. അവരോട് ബഹുമാനമുണ്ട്. എനിക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ ഇവിടെ എത്തിയതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ് മുലായം പറഞ്ഞു.

×