Advertisment

മണ്ണാർക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗർഭിണിയാണ്; പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല; സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട; പരിസ്ഥിതി മന്ത്രി ജാവദേക്കർ ഒരക്ഷരം ഉരിയാടിയിട്ടില്ല; ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമളയിൽ പറഞ്ഞ പോലെ അവരുടെ മൃഗസ്നേഹം സീസണലാണോ? എംബി രാജേഷ് ചോദിക്കുന്നു

New Update

publive-image

Advertisment

പാലക്കാട്: മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു കടിച്ച് ചരിഞ്ഞ സംഭവം അന്താരാഷ്ട്രമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. മനേകഗാന്ധി, ചലച്ചിത്ര-കായിക താരങ്ങള്‍ തുടങ്ങിയവര്‍ വരെ ഈ വിഷയത്തില്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തി.

എന്നാല്‍ ഹിമാചല്‍പ്രദേശില്‍ സ്‌ഫോടകവസ്തു കടിച്ച് ഗര്‍ഭിണിയായ പശുവിന്റെ താടി തകര്‍ന്ന സംഭവത്തില്‍ ഈ പറയുന്ന പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംപി എംബി രാജേഷ്.

ആന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച ബിജെപി നേതാവ് മനേകാ ഗാന്ധിയും 'ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് ക്ളാസെടുത്ത' കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ഈ വിഷയത്തെക്കുറിച്ച് മിണ്ടാത്തതെന്തെന്നും രാജേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ദാരുണമായ സംഭവമാണ് ഹിമാചൽ പ്രദേശിലെ സംഭവം. സ്ഫോടകവസ്തു തീറ്റിച്ചതാണ്. ബോധപൂർവ്വം.മണ്ണാർക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗർഭിണിയാണ്.

പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട. കുറ്റവാളിയുടെ മതം ആരും അന്വോഷിക്കുന്നില്ല.ഇന്ത്യൻ സംസ്ക്കാരത്തെക്കുറിച്ച് ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കർ ഒരക്ഷരം ഉരിയാടിയിട്ടില്ല. റിപ്പോർട്ട് തേടിയിട്ടില്ല.

ചാനൽ മൈക്കിനു മുമ്പിൽ തല നീട്ടിയില്ല. ടിവിയിൽ രാമായണം ആസ്വദിക്കുകയായിരിക്കും. അദ്ദേഹം തിരുവായ തുറക്കാത്തതിനർത്ഥം ഇതാണ് ഇന്ത്യൻ സംസ്കാരം എന്നായിരിക്കുമോ?ഗോ രക്ഷകരെ മഷിയിട്ടു നോക്കിയിട്ടും കാണുന്നില്ല. ദേശീയ മാദ്ധ്യമങ്ങളിലെ പ്രൈം ടൈം ആങ്കർമാരുടെ അലർച്ചയും അലമുറയും കേൾക്കുന്നില്ല. ഒറ്റ ദിവസം കൊണ്ട് മൃഗ സ്നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികൾ 48 മണിക്കൂറിനുള്ളിൽ മൃഗ സ്നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി.

ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമളയിൽ പറഞ്ഞ പോലെ അവരുടെ മൃഗസ്നേഹം സീസണലാണോ? സ്നേഹമില്ലാഞ്ഞിട്ടാവില്ല. ഇൻകം ടാക്സുകാരും ഇ ഡിക്കാരും വീട്ടിൽ വന്ന് വല്ല കൊറോണയും തന്നിട്ട് പോയാലോ എന്ന് പേടിച്ചിട്ടായിരിക്കാനേ വഴിയുള്ളൂ.

സംഘികളാണെങ്കിൽ മുഖത്തെ മാസ്ക്ക് മാറ്റാൻ പറ്റാത്തതു കൊണ്ട് മാത്രം മിണ്ടാതിരിക്കുകയാണ്. സാരമില്ല. കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു.കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി.

https://www.facebook.com/mbrajeshofficial/posts/3224241684303486

Advertisment