Advertisment

മീ ടൂ സാഹിത്യ രംഗത്തും;കവി ശ്രീജിത്ത് അരിയല്ലൂരിനും കഥാകൃത്ത് അര്‍ഷാദ് ബത്തേരിക്കുമെതിരെ വെളിപ്പെടുത്തലുമായി യുവതികള്‍,ആരാധനയെ ചൂഷണം ചെയ്യുന്ന സൂത്രശാലികളാണ് പല എഴുത്തുകാരും എന്ന് വിമർശനം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

Advertisment

എഴുത്തുകാരനും ഒലീവ് ബുക്ക്‌സ് എഡിറ്ററുമായ അര്‍ഷാദ് ബത്തേരിക്കും കവി ശ്രീജിത്ത് അരിയല്ലൂരിനുമെതിരെ മീടു വെളിപ്പെടുത്തലുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. നേരത്തെ ഇരുവര്‍ക്കുമെതിരെ വെളിപ്പെടുത്തലുമായി മാധ്യമവിദ്യാര്‍ത്ഥിനിയായ ആര്‍ഷാ കബനി രംഗത്തെത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ യുവതികള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ മൃദുല ഭവാനി, ക്രിസ്റ്റ് സിയു, അശ്വനി ആര്‍ ജീവന്‍ , ജയലക്ഷ്മി കോലോത്ത്, നീതു എന്‍ കെ ആര്‍, ഗിരിജ പതേക്കര,ആതിര ധര, അശ്വതി എം.സുബ്രഹ്മണ്യന്‍ എന്നിങ്ങനെ പേര് വെളിപ്പെടുത്തിയും അല്ലാതെയും നിരവധി യുവതികള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെ കുറിച്ച് കൃത്യമായി അര്‍ഷാദ് ബത്തേരിയോ ശ്രീജിത്തോ പ്രതികരിച്ചില്ല, തുടര്‍ന്നാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറായ യുവതികള്‍ സംയുക്തമായി പ്രസ്താവന ഇറക്കുകയായിരുന്നു.

ഞങ്ങളെഴുതുന്നു എന്ന ഹാഷ് ടാഗോടെ ക്രിസ്റ്റ് സിയു, മൃദുല ഭവാനി, ആര്‍ഷ കബനി, അശ്വനി ആര്‍ ജീവന്‍ , ജയലക്ഷ്മി കോലോത്ത്, നീതു എന്‍ കെ ആര്‍, ഗിരിജ പതേക്കര,ആതിര ധര, അശ്വതി എം.സുബ്രഹ്മണ്യന്‍ എന്നി യുവതികള്‍ ഒന്നിച്ച് ഫേസ്ബുക്ക് കുറിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

 ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഞങ്ങളെഴുതുന്നു…

പൊതുവെ എല്ലാവരും കേട്ടിട്ടുള്ള ഒരു ചൊല്ലാണ് എഴുത്തുകാരന് പെണ്ണ് വീക്ക്നെസാണെന്നത്. ശാരീരികമായും മാനസികമായും പെണ്ണിനുനേരെ അക്രമം നടത്തുന്ന കപട എഴുത്തുകാരാണ് ഈ ചൊല്ലിന്റെ നിര്‍മ്മാതാക്കള്‍. ശ്രീജിത്ത് അരിയല്ലൂരിനേയും, അര്‍ഷാദ് ബത്തേരിയേയും (തുറന്നു പറയുക, പേരുകളിവിടെ കൂട്ടിച്ചേര്‍ക്കപ്പെടണം) പോലുള്ളവരുടെ അക്രമം ഇനി തുടരാന്‍ അനുവദിക്കില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ഞങ്ങളെഴുതുന്നു..

ഞങ്ങള്‍ സൗഭാഗ്യ ക്രിസ്റ്റ് സിയു, മൃദുല ഭവാനി, ആര്‍ഷ കബനി, അശ്വനി ആര്‍ ജീവന്‍ , ജയലക്ഷ്മി കോലോത്ത്, നീതു എന്‍ കെ ആര്‍,ഗിരിജ പതേക്കര, ആതിര ധര, അശ്വതി എം.സുബ്രഹ്മണ്യന്‍ …..പേരെടുത്ത് പറഞ്ഞാല്‍ പറഞ്ഞുതീരാത്തത്രയും സ്ത്രീകള്‍

ഒന്നിച്ചുനിന്നെഴുതുന്നു. ഈ ചൊല്ല് രൂപപ്പെട്ടുവന്നത് പലകാലങ്ങളിലൂടെയാണ്. എന്നാല്‍ ഇത് നിര്‍മ്മിക്കപ്പെട്ടത് ഓരോ കാലഘട്ടത്തിലേയും ഒരു ചെറിയ വിഭാഗം എഴുത്തുകാരാലാണ്.

പ്രണയമില്ലാതെ സ്ത്രീശരീരത്തിലേക്ക് കടന്നുകയറ്റം നടത്തിയും, സ്ത്രീകളെ ട്രാപ് ചെയ്ത് സ്വന്തം വരുതിയില്‍ നിര്‍ത്തിയും, അവളെ നിശബ്ദയാക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടാക്കി ഈ വിഭാഗക്കാര്‍ പെണ്ണിനെ കാലങ്ങളായി ഉപയോഗിച്ചുവരുന്നു.

ചില എഴുത്തുകളോടും അതെഴുതിയ ആളോടും ലിംഗഭേദമന്യേ ആളുകള്‍ക്ക് ആരാധന തോന്നാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയെയാണ് പല എഴുത്തുകാരും തന്റെ രതിതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത്. സാഹിത്യക്കൂട്ടായ്മകള്‍, സാഹിത്യക്യാമ്പുകള്‍ എന്നു തുടങ്ങി പല ഇടങ്ങളില്‍നിന്നും വായനക്കാരികളില്‍ രൂപപ്പെടുന്ന ആരാധനയെ ഉപയോഗിച്ച് അവരെ കിടപ്പറയിലെത്തിക്കുന്ന സൂത്രശാലികളാണ് പല എഴുത്തുകാരും. ഇവിടെ പ്രണയമോ, സ്നേഹമോ ഇല്ല . ശരീരവും കാമവും മാത്രമാണ് ഇവരുടെ ലക്ഷ്യം.

രതി ലക്ഷ്യംവെച്ചുകൊണ്ടുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെ ഇത്തരക്കാര്‍ സ്ത്രീകളോട് ബന്ധം സ്ഥാപിക്കും. അതിലൊരുവഴി വളരെ സൗഹാര്‍ദപരമായി സ്ത്രീകളോട് ബന്ധം തുടങ്ങുന്നു എന്നതാണ്. അതിലൂടെ അവരെ ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്യും. ഇഷ്ടപ്പെട്ട എഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും സ്ത്രീകള്‍ നിലവിലുള്ള സൗഹൃദത്തിന്റെ പുറത്ത് അവര്‍ ഫോണ്‍വിളിച്ചാല്‍ സംസാരിക്കുകയും, മെസേജുകള്‍ക്ക് മറുപടി കൊടുക്കുകയും ചെയ്യും. ഇത്തരത്തില്‍ അവര്‍ ബന്ധം വളര്‍ത്തുകയും പിന്നീട് അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും. പിന്നെ നടക്കുക, തുറന്നരതി എന്നുപറയുന്നത് സ്വതന്ത്രചിന്തയുടെ ഭാഗമാണെന്നും , സ്വാതന്ത്ര്യം കണ്ടെടുക്കേണ്ടത് രതിയിലൂടെയാണെന്നുമുള്ള ബ്രയിന്‍ വാഷിങ് ആണ്.

ഇത്തരക്കാരുടെ പ്രണയത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ക്ക് അവര്‍ ഒരുക്കുന്ന വലിയ കെണി എന്നത് അവരുടെ നഗ്‌നചിത്രങ്ങള്‍ എടുക്കുക എന്നതാണ്. പുരുഷസമൂഹത്തിന്റെ നിയമവ്യവസ്ഥകള്‍ രൂപപ്പെട്ടതുമുതല്‍ പെണ്ണ് സ്വന്തം നഗ്‌നതയെ ഭയക്കാന്‍ തുടങ്ങിയിട്ടുണ്ട്. ശാരീരികവും മാനസികവുമായി മുറിപ്പെടുന്നതിലും അവരെ വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിക്കപ്പെടുമല്ലോ എന്ന ചിന്തയാകും. അവിടെ അവള്‍ ചൂഷണം ചെയ്യപ്പെട്ടു എന്നറിഞ്ഞിട്ടും എന്നന്നേക്കുമായി നിശബ്ദയാകേണ്ടിവരികയാണ്.

ആളുകളോട് അടുത്തിടപഴകുന്ന സ്ത്രീകളാണെങ്കില്‍ ഇവരുടെ സമീപനം മറ്റൊരു തരത്തിലാകും. ഒരുതരത്തില്‍ ആദ്യം സംസാരിക്കുമ്പോള്‍ തന്നെ ഇവര്‍ രതിതാല്‍പ്പര്യം അറിയിക്കും. താല്‍പ്പര്യമില്ലെന്നു പറഞ്ഞാല്‍ ഇനി അങ്ങനെ ഒന്നും ഉണ്ടാവുകയില്ലെന്നും മാന്യമായ രീതിയിലെ ഇടപെടുകയുള്ളെന്നും ഉറപ്പ്തരും. ഈ ഒരുവാക്കിന്റെ പുറത്ത് ആദ്യം തോന്നിയ ഈര്‍ഷ്യയെ മറക്കുന്ന ആളുകളോട് വളരെ കാലത്തേക്ക് ഇവര്‍ മാന്യമായ ബന്ധം തന്നെ തുടരും. ഇവിടെ അവസാനം എത്തിച്ചേരേണ്ട ലക്ഷ്യമായ രതി ഇവര്‍ വിട്ടുകളയുകയില്ല. ഇത്തരക്കാര്‍ ബോധപൂര്‍വ്വം തന്നെ ഇവര്‍ ലക്ഷ്യം വെക്കുന്ന സ്ത്രീകളെ നേരിട്ട് കാണാന്‍ ശ്രമിക്കും. സോഷ്യല്‍ മീഡിയവഴി കോണ്‍ടാക്റ്റ് ചെയ്തുകൊണ്ടിരിക്കും. നിരന്തരം വരുന്ന മെസേജുകള്‍ക്ക് മറുപടി കൊടുത്താല്‍ അവര്‍ ഇതും ബന്ധത്തിന്റെ തെളിവുകളെന്ന നിലയില്‍ ശേഖരിച്ചുവെക്കും.പിന്നെ കാണാനുള്ള ശ്രമങ്ങളുണ്ടാവും.കാണുമ്പോഴൊക്കെ ഫോട്ടോകള്‍ എടുക്കാനുള്ള ശ്രമവും. ഇതൊക്കെ തെളിവുകളാണ്. പെണ്ണ് നേരിട്ട അപമാനവും ശല്യംചെയ്യലുകളും പറയാതിരിക്കാനുള്ള തെളിവുകള്‍.

ചില സാഹിത്യകാരന്മാര്‍ തങ്ങളെ പരിഗണിക്കാത്ത സ്ത്രീകളെ പൊതുവേദിയില്‍ അപമാനിച്ചുതുടങ്ങും. അവരെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നതിനൊപ്പം തീര്‍ത്തും പരുഷമായ വാക്കുകളാല്‍ അടിച്ചമര്‍ത്താനും ശ്രമിക്കും. മിക്ക സാഹിത്യ ക്യാമ്പുകളും ,സാഹിത്യക്കൂട്ടായ്മകളും ഇത്തരക്കാരെ പരിപോഷിപ്പിക്കുന്നു. വായനയെ എഴുത്തിനെ സ്നേഹിക്കുന്ന ചെറിയപെണ്‍കുട്ടികള്‍വരെ ഇവരുടെ ശല്യം സഹിക്കേണ്ടിവരുന്നു. സ്വതന്ത്ര്യ ചിന്താഗതിക്കാരായും, പൂരോഗമനവാദികളായും വാഴിക്കപ്പെടുന്ന ഇത്തരം ആളുകളെ സ്ത്രീകള്‍ തിരിച്ചറിയേണ്ടതുണ്ട്.

സ്ത്രീകള്‍ ഇതുവരെ പലതരത്തില്‍ ഒതുക്കിവെച്ച, പലസാഹചര്യം കൊണ്ടും വെളിപ്പെടുത്താതെ പോയ അവരെ ആഴത്തില്‍ വേദനിപ്പിച്ച കാര്യങ്ങളാണ് ഇപ്പോള്‍ തുറന്നുപറയുന്നത്. സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ട അവസ്ഥയേയും അതിതുവരെ മൂടിവെക്കേണ്ടിവന്ന സാമൂഹിക സാഹചര്യത്തേയും തിരിച്ചറിയേണ്ടതുണ്ട്. ഈ അടുത്ത ദിവസങ്ങളിലായും, അതിനുമുന്‍പും ഞങ്ങളുമായി നേരിട്ടും, മെസഞ്ചറിലൂടെയും ,ഫോണിലൂടെയും ബന്ധപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങളില്‍ നിന്നുകൂടിയാണ് ഇതെഴുതുന്നത്. അക്ഷരങ്ങളുടെ പേരില്‍ ഇനിയെങ്കിലും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കട്ടെ. പെണ്ണിനെ മാനസികവും, ശാരീരികവുമായി അക്രമിച്ചുകൊണ്ടല്ല എഴുത്തിനെ ഉത്തേജിപ്പിക്കേണ്ടതെന്ന ചിന്തയും എഴുത്തുകാര്‍ക്കുണ്ടാവട്ടെ.

പുതുതലമുറയിലെ എഴുത്തുകാരിലും , ഇനി എഴുതി തുടങ്ങാനുള്ള ആളുകളിലും, നിലവില്‍ എഴുത്തില്‍ നിലനില്‍ക്കുന്ന ആളുകളിലും എഴുത്തിന്റെ മൂല്യമാണ് വളര്‍ന്നുവരേണ്ടത്. ഒരു കൃതിയിലൂടെ എഴുത്തുകാരനിലേക്കല്ല, ആ കൃതിയുടെ ആശയത്തിലേക്കോ ,അതിന്റെ അനുഭവതലത്തിലേക്കോ ആണ് വായനക്കാര്‍ എത്തിച്ചേരേണ്ടത്. എഴുത്തില്‍ ചിലര്‍ എടുത്തണിയുന്ന കാപട്യം നിറഞ്ഞ മുഖംമൂടികള്‍ വായനക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ സാഹിത്യക്യാമ്പുകളിലുമറ്റും പങ്കെടുക്കുമ്പോള്‍ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുക. കാരണം ഇത്തരക്കാര്‍ വലവിരിക്കുന്നത് പ്രത്യക്ഷത്തിലായിരിക്കില്ല. ഇനി പെണ്‍കുട്ടികളോ, സ്ത്രീകളോഇത്തരക്കാരുടെ മാനസികമോ, ശാരീരികമോ ആയ ചൂഷണങ്ങള്‍ക്ക് ഇരയാവാന്‍ പാടില്ല. അത്തരത്തിലുള്ള പക്വമായ സാമൂഹിക അവസ്ഥ ഇവിടെ നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്.

Advertisment